fbwpx
'എല്ലാം മറക്കുമ്പോഴും തീയതികൾ മാത്രം ഓർക്കുന്നു...'; തിഹാ‍ർ ജയിലിൽ നിന്നും ​ഗുൽഫിഷ ഫാത്തിമ എഴുതുന്നു
logo

ന്യൂസ് ഡെസ്ക്

Posted : 16 Apr, 2025 02:12 PM

2020 ഏപ്രിൽ 9ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ​ഗുൽഫിഷ ഫാത്തിമയ്ക്ക് 26 വയസായിരുന്നു. ജാമ്യം ലഭിക്കാതെ ആ എംബിഎ ബിരു​ദധാരി തിഹാർ ജയിലിൽ തടവിലാക്കപ്പെട്ടിട്ട്, ഏപ്രിൽ 16ന്, അഞ്ച് വർഷം തികഞ്ഞു

NATIONAL


തെലങ്കാനയിലെ മേഡക് ജില്ലയിലെ സംഗറെഡ്ഡി ജയിൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത് അടുത്തിടെയാണ്. ടൂറിസം പരിപോഷിപ്പിക്കാനുള്ള ഈ പദ്ധതിക്ക് സർക്കാർ നൽകിയ പേര് 'ഫീൽ ദ ജയിൽ' എന്നാണ്. 500 രൂപയ്ക്ക് തടവറയിലേക്ക് ഭരണകൂടം ക്ഷണിക്കുമ്പോൾ ഒരു കൗതുകത്തിന് ആരും ഒന്ന് കടന്നുചെന്നേക്കാം. അവർ തരുന്ന വേഷവും ഭക്ഷണവും അനുഭവിച്ച് ഇ -ലോകത്ത് നിന്ന് കുറച്ചു നേരം ഡിസ്കണക്ടഡായി അസ്വാതന്ത്ര്യം ആസ്വദിക്കാം. എന്നാൽ പുറംലോകം എപ്പോൾ കാണുമെന്നതിൽ ഒരുറപ്പുമില്ലാതെ അനിശ്ചിതകാലം നിങ്ങൾ ആ തടവറയിൽപ്പെട്ടുപോയാലോ? അങ്ങനെ നിരവധി കഥകൾ നമ്മൾ കേട്ടതാണ് (കേട്ടതായി ഭാവിച്ചതാണ്). അതിലേക്ക് ഒന്നുകൂടി.




2020 ഏപ്രിൽ 9ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ​ഗുൽഫിഷ ഫാത്തിമയ്ക്ക് 26 വയസായിരുന്നു. ജാമ്യം ലഭിക്കാതെ ആ എംബിഎ ബിരു​ദധാരി തിഹാർ ജയിലിൽ തടവിലാക്കപ്പെട്ടിട്ട്, ഏപ്രിൽ 16ന്, അഞ്ച് വർഷം തികഞ്ഞു. യുഎപിഎ (The Unlawful Activities (Prevention) Act, 1967) ആണ് ​ഗുൽഫിഷയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. 2020 ഫെ​ബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിൽ നടന്ന സംഘർഷങ്ങളിൽ പങ്കുണ്ടെന്നായിരുന്നു ഡൽഹി പൊലീസിന്റെ ആദ്യ എഫ്ഐആർ (FIR 48/2020). 2019 ഡിസംബറിൽ നടന്ന പൗരത്വ നിയമ ഭേദ​ഗതി (സിഎഎ) വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളിയായതുമായി ബന്ധിച്ചായിരുന്നു അറസ്റ്റ്. 2020 മെയ് 13ന് ഡൽഹി കോടതി ഗുൽഫിഷയ്ക്ക് ജാമ്യം അനുവദിച്ചതോടെയാണ് രണ്ടാമത്തെ എഫ്ഐആർ (FIR 59/2020) പൊന്തിവരുന്നത്. ഈ രണ്ടാമത്തെ എഫ്ഐആറിൽ യുഎപിഎയുടെ വിവിധ വകുപ്പുകളാണ് എഴുതിച്ചേർത്തിരുന്നത്.



ഈ എഫ്ഐആർ പ്രകാരം, ഷർജീൽ ഇമാം, ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ ഖാൻ, നടാഷ നർവാൽ, ദേവാംഗന കലിത, ഇസ്രത് ജഹാൻ, മീരൻ അസ്ഹൈഫ്, സഫൂർ അസ്ഹൈദർ, സഫോർ ഐ തഗർ ഹൈദർ, ഹുസൈൻ, മുഹമ്മദ് ഫൈസാൻ, ഖാലിദ് സൈഫി, ഷദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലിം മാലിക്, മൊഹമ്മദ് സലീം ഖാൻ, അത്തർ ഖാൻ എന്നിവർ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ അനന്തരഫലമാണ് ഡൽഹി കലാപം. യുഎസ് പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ സംഘർഷങ്ങൾ സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താറടിച്ചു കാണിക്കാനുള്ള ശ്രമമായിരുന്നു കലാപമെന്നായിരുന്നു ഒരു കുറ്റപത്രം.  2020 ഫെബ്രുവരി 22 മുതൽ 24 വരെ ഡൽഹിയിലെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപമുള്ള 66 ഫൂട്ട റോഡിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തുവെന്നും നതാഷ, ദേവാംഗന, ഗുൽഫിഷ എന്നിവരാണ് പൊലീസിനും മറ്റുള്ളവർക്കും നേരെ ആദ്യം കല്ലെറിഞ്ഞതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. (ദ വയർ)


Also Read: ഉമര്‍ ഖാലിദ്: തിഹാറില്‍ നിന്നും മുഴങ്ങുന്ന 'ആസാദി'


പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ആളുകളോട് മുളകുപൊടി, ഗ്ലാസ് കുപ്പികൾ, ആസിഡ് കുപ്പികൾ, വടികൾ, കല്ലുകൾ എന്നിവ ശേഖരിച്ച് റോഡുകൾ തടസ്സപ്പെടുത്താൻ ​ഗുൽഫിഷ ആഹ്വാനം ചെയ്തതായി ചില അജ്ഞാത സാക്ഷിമൊഴികളുണ്ടെന്ന ഡൽഹി പൊലീസിന്റെ വാദത്തെ കഴിഞ്ഞ മാർച്ചിൽ അവരുടെ അഭിഭാഷകൻ ചോദ്യം ചെയ്തിരുന്നു. നിസാരമായ ഒരു മറുചോദ്യമാണ് ​ഗുൽഫിഷയുടെ അഭിഭാഷകൻ സരിം നവേദ് ചോദിച്ചത് - തെളിവ് എവിടെ? കലാപം നടന്ന സ്ഥലത്ത് നിന്ന് ഇത്തരം ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് നവേദ് കോടതിയിൽ ചൂണ്ടിക്കാണിച്ചത്.



ഒരു പൊലീസുകാരൻ ഉൾപ്പെടെ 53 പേരാണ് 2020ലെ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടത്. അതിൽ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ്. ഈ കലാപം എങ്ങനെയുണ്ടായി എന്നതിൽ ഭാവന പരമാവധി പ്രയോജനപ്പെടുത്തി ഡൽഹി പൊലീസ് എത്തിച്ചേർന്നത് സിഎഎ വിരുദ്ധ പ്രതിഷേധങ്ങളിലാണ്. എന്നാൽ ഭാവനയുടെ ലോകത്ത് നിന്നും കോടതിയിലേക്ക് എത്തുമ്പോൾ കേവലം മുൻവിധികൾക്കും പേജുകൾ കണക്കിന് ആരോപണങ്ങൾക്കും അപ്പുറത്ത് ഒന്നും തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. 2024 ഏപ്രിൽ ഒന്നിന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ജെഡിഎം) വൈഭവ് ചൗരാസിഹ്, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടപ്പോൾ മാത്രമാണ് കലാപവുമായി ബന്ധപ്പെട്ട് ഡൽഹി നീതി ന്യായ വകുപ്പ് മന്ത്രി കപിൽ മിശ്ര എന്ന പേര് ഔദ്യോ​ഗികമായി കലാപവുമായി ചേ‍ർത്തുവെച്ച് ഉയ‍ർന്ന് വന്നത്. എന്നാൽ, വിചാരണ കോടതിയുടെ ഇടപെടൽ കലാപവുമായി ബന്ധപ്പെട്ട് നിലവിലുള്ള ​ഗൂഢാലോചനാ കേസിനെ ബാധിക്കുമെന്ന് കാട്ടി ഡൽഹി പൊലീസ് പുനഃപരിശോധനാ ഹർജി നൽകി. ഇതിനെ തുടർന്ന് ജില്ലാ കോടതി മന്ത്രിക്കെതിരായ നടപടികൾ മരവിപ്പിച്ചു.


ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപത്ത് പൊലീസിനെ സാക്ഷിയാക്കി കപിൽ മിശ്ര നടത്തിയ പ്രസ്താവനകൾ പ്രത്യക്ഷത്തിൽ തന്നെ ആക്രമണത്തിനുള്ള ആഹ്വാനമായിരുന്നു. ഇത്തരത്തിൽ സംഘപരിവാറുമായി അടുത്ത ബന്ധമുള്ള പല ഹിന്ദുത്വ ആക്ടിവിസ്റ്റുകളും പരസ്യമായി കലാപാഹ്വാനം നടത്തിയപ്പോഴാണ് കേസ് സിഎഎ വിരുദ്ധ സമരക്കാരിലേക്ക് കേന്ദ്രീകരിച്ചത് എന്നത് ശ്രദ്ധേയമാണ്.


Also Read: വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും; പ്രധാന പത്ത് പോയിൻ്റുകൾ!



ഇന്ത്യയിലെമ്പാടുമുളള കേസുകളിലെ ജാമ്യ നടപടികൾ വേഗത്തിലാക്കാൻ സുപ്രീം കോടതി നിരവധി തവണ കോടതികൾക്ക് നിർദേശങ്ങൾ നൽകിയിട്ടും ഇന്നും ജാമ്യമോ വിചാരണയോ കൂടാതെ ​ഗുൽഫിഷ അടക്കമുള്ള നിരവധി പേരാണ് ജയിലിൽ കഴിയുന്നത്. ജാമ്യമോ വിചാരണയോ ഇല്ലാതെ അഞ്ച് വർഷമായി ഈ യുവതി ജയിലിൽ കിടക്കുന്നു. മൂന്ന് വർഷമായി ​ഗുൽഫിഷയുടെ ജാമ്യ ഹർജി കോടതിയിൽ കെട്ടികിടക്കുകയാണ്. അതിൽ ഇതുവരെ നടപടി ആയിട്ടില്ല. നീതി ലഭിക്കുന്നതിലെ കാലതാമസം ഒരു മനുഷ്യന്റെ വിലപ്പെട്ട സമയം, ആത്മാഭിമാനം, അന്തസ്, ഇതിനെല്ലാം ഉപരിയായി സ്വാതന്ത്ര്യത്തെയുമാണ് ഹനിക്കുന്നത്. ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ് എന്ന ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ഗുൽഫിഷ അടക്കം ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ,  ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന വലിയ ഒരു അപവാദമാണ്.

ജയിലഴിക്കുള്ളിൽ നിന്ന് ​ഗുൽഫിഷ ഇങ്ങനെ എഴുതി,

ചരിത്ര പരീക്ഷയ്ക്കായി
എല്ലാം മനഃപാഠമാക്കുമ്പോഴും
തീയതികൾ മാത്രം മറന്നിരുന്നു
പക്ഷെ ഇപ്പോഴോ
എല്ലാം മറക്കുമ്പോഴും
തീയതികൾ മാത്രം ഓർക്കുന്നു

കഴിഞ്ഞ അഞ്ച് വർഷങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ​ഗുൽഫിഷ ജയിലിൽ നിന്ന് തന്റെ സുഹൃത്തുക്കൾക്ക് എഴുതിയ ഒരു കത്ത് ചുവടെ കൊടുക്കുന്നു.



ഹലോ,

രാത്രികളിൽ ഞാൻ ടിവിയിൽ വാർത്തകളും ചർച്ചകളും കാണാറുണ്ട്. നിങ്ങളെ ചൂഷണം ചെയ്തതും, പീഡിപ്പിച്ചതും, അപമാനിച്ചതുമെല്ലാം ഈ സ്വേച്ഛാധിപത്യ രാഷ്ട്രീയ ഭരണകൂടമല്ല, മറിച്ച് ഒരു 'പ്രത്യേക സമുദായമാണ്' എന്ന് തെളിയിക്കാനായി മോഡിഫൈഡ് മുഖ്യധാരാ മാധ്യമങ്ങൾ മരിച്ചുകിടന്ന് പണിയെടുക്കുന്നത്, ബാഹ്യമായൊരു തോന്നല്‍ മാത്രമല്ല. ബുദ്ധിയുള്ള ഏതൊരാള്‍ക്കും അത് ബോധ്യമാകും. നിങ്ങൾക്ക് ഇപ്പോൾ എന്തെങ്കിലും അശുഭകരമായി സംഭവിച്ചാലും അതിന് കാരണം ഒരു പ്രത്യേക സമുദായമാണെന്ന് പക്ഷപാതികളായ മാധ്യമങ്ങൾ ചിത്രീകരിക്കും. അങ്ങനെയെല്ലാ ന്യൂനപക്ഷങ്ങളെയും "ഒരു പ്രത്യേക സമുദായം" എന്ന നിലയ്ക്ക് പ്രത്യക്ഷമായി അധിക്ഷേപിക്കാറുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ പൊതുജനങ്ങൾ സഹജമായി അസഹിഷ്ണുക്കളോ അക്രമാസക്തരോ അല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇത്രയും ധ്രുവീകരിക്കപ്പെട്ട സമകാലീന ലോകത്ത്, ഐക്യത്തിനും സ്ഥിരതയ്ക്കും വേണ്ടി പരിശ്രമിക്കുന്ന ആളുകളെ കാണുമ്പോൾ എനിക്ക് ആശ്വാസം തോന്നുന്നു. മതവും രാഷ്ട്രീയവും എപ്പോഴും സമാന്തരമായി പോകുന്നുവെന്നതാണ് എനിക്ക് തോന്നിയ മറ്റൊരു കാര്യം.


കഴിഞ്ഞ തവണ കോടതിയിൽ കണ്ടപ്പോഴാണ് അച്ഛന്റെ വാക്കുകള്‍ ഇടറുന്നത് ശ്രദ്ധയിൽപ്പെട്ടത്. എപ്പോൾ മുതലാണ് ഇത്തരമൊരു ബുദ്ധിമുട്ട് തുടങ്ങിയതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. 'അശുഭകരമായത് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് എനിക്കെപ്പോഴും പേടി തോന്നുന്നു, അതുകൊണ്ടാണ് എന്റെ വാക്കുകള്‍ തടസപ്പെടുന്നത്' - അദ്ദേഹം അടക്കിപ്പറഞ്ഞു. ഒഴിവാക്കാനാകാത്ത വിധം അദ്ദേഹത്തിന്റെ ആ വാക്കുകൾ എന്റെ മനസിൽ കുടുങ്ങിക്കിടന്നു. അത് ഇടയ്ക്കിടെ പൊന്തിവന്നുകൊണ്ടിരുന്നു.


നമ്മുടെ പോരാട്ടത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്ന ഏതെങ്കിലും സെമിനാറിലോ പരിപാടിയിലോ പങ്കെടുക്കാൻ എന്റെ മാതാപിതാക്കളെ ക്ഷണിക്കുമ്പോൾ, ഐക്യത്തിനും സമാധാനത്തിനും നീതിക്കും വേണ്ടിയും അടിച്ചമർത്തലിനും, പൈശാചികവൽക്കരണത്തിനും, അനീതിക്കും എതിരെ സംസാരിക്കാൻ ആളുകൾ ഇപ്പോഴും ധൈര്യപ്പെടുന്നത് കാണുമ്പോൾ, കുറച്ചു കാലത്തേക്ക് അവരുടെ മനക്ലേശം കുറയുന്നു. അവരൊന്നും ഞങ്ങളെ നേരിട്ട് കണ്ടിട്ടില്ല, എന്തിന് പരിചയം പോലുമില്ല, ഇതാണ് അവരുടെ ഈ പിന്തുണയുടെ ഏറ്റവും പ്രശംസനീയമായ വശം. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും, മതവിശ്വാസങ്ങളും, വിശ്വാസ പ്രമാണങ്ങളും വെച്ചുപുലർത്തുന്നവരിൽ നിന്നു ലഭിക്കുന്ന നിസ്വാർഥമായ പിന്തുണ എന്നെ അതിശയിപ്പിക്കുന്നു. മാനവികതയുടെയും ഏകീകൃത ഇന്ത്യയുടെയും താൽപ്പര്യങ്ങൾക്കായി ഭിന്നതകളെ വലിയ തർക്കങ്ങളായി മാറാൻ അനുവദിക്കാത്ത അത്തരം ആളുകളുമുണ്ട്. അവർ വലിയ തോതിൽ ബഹുമാനവും സ്നേഹവും അർഹിക്കുന്നു; പ്രത്യേകിച്ചും ഒരു 'പ്രത്യേക സമൂഹ'ത്തിന്റെ ഭാ​ഗത്തുനിന്നും.

വരുന്ന ഈദുൽ ഫിത്തർ, ഇവിടെ ആഘോഷിക്കുന്ന എന്റെ ആറാമത്തെ ഈദ് ആയിരിക്കും. ആ ദിവസത്തിനായി, സ്റ്റിച്ചിങ് സെന്ററിൽ നിന്ന് ഡിസൈൻ ചെയ്ത ചില ആഭരണങ്ങളും കാജലും ഞാൻ വാങ്ങിയിട്ടുണ്ട്. ആഘോഷിക്കാൻ പറ്റുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല; അതിപ്പോൾ രക്ഷാ ബന്ധനോ, വനിതാ ദിനമോ, ഹോളിയോ, ഈസ്റ്ററോ ആകട്ടെ. രാഖി കെട്ടുമ്പോൾ എന്റെ സഹതടവുകാരോട് രാഖിക്ക് പകരമായി ............യുടെ കയ്യിൽ നിന്ന് എന്നെ സംരക്ഷിക്കാൻ ഞാൻ ആവശ്യപ്പെടും. ഹ..ഹ..ഹ... ശരിക്കും പറഞ്ഞാൽ, ഉത്സവങ്ങൾ പ്രസരിപ്പിക്കുന്ന ശുഭസൂചനകൾ എന്നില്‍ നിറയ്ക്കാനുള്ള എല്ലാ അവസരങ്ങളും ഞാൻ പ്രയോജനപ്പെടുത്തും.


യാഥാർഥ്യത്തെ പൂർണമായി അം​ഗീകരിക്കുന്നതിനാൽ ഞാൻ എന്തിന് വിഷമിക്കണം? ഞാനിപ്പോൾ ജയിലിലാണെന്നതാണ് യാഥാർഥ്യം. എന്റെ മനസ്സിനെയും ആത്മാവിനെയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് ഇപ്പോൾ എന്റെ മാത്രം ഉത്തരവാദിത്തമാണ്. ചിലപ്പോഴൊക്കെ എന്റേത് ഒരു ദാർശനിക ശബ്ദമാണെന്ന് എനിക്ക് തൊന്നുമെങ്കിലും, അബദ്ധവശാൽ ഈ തടവറ എന്നെ കൂടുതൽ ആത്മീയതയിലേക്ക് എത്തിച്ചുവെന്നതാണ് വസ്തുത. മതവിശ്വാസികളായി സ്വയം കരുതുന്നവർ അവരുടെ ആത്മാവിന് ആത്മീയതയുടെ പാതയിലൂടെ സഞ്ചരിക്കാനുള്ള വാതിൽ തുറന്നുകൊടുക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആത്മീയ അവബോധം ഉണ്ടായതുകൊണ്ട് ഒരാൾക്ക് വേദന, നിരാശ, ആശയക്കുഴപ്പം എന്നിവ അനുഭവപ്പെടുന്നത് അവസാനിക്കണമെന്നില്ല. ഇതെല്ലാം യഥാര്‍ഥത്തില്‍ സംഭവിക്കുന്നു. സ്വാതന്ത്ര്യത്തിനായി ഞാന്‍ ഭ്രാന്തമായി ആ​ഗ്രഹിക്കുകയും, മോചനത്തിനുള്ള അനന്തമായ അനിശ്ചിതത്വം കാരണം അസഹനീയമായ ഇരുട്ട് അനുഭവിക്കുകയും ചെയ്യുന്നു. പക്ഷേ ഇതെല്ലാം ജീവിതത്തിന്റെ ദുർബലത മനസ്സിലാക്കി തരാന്‍ ഉപകരിച്ചു. കഴിഞ്ഞ മാസം ഞാൻ വിവേകാനന്ദ സാഹിത്യം ഹിന്ദിയിൽ വായിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പല ചിന്തകളും എനിക്ക് മികച്ചതായി തോന്നി. ഭിന്നാഭിപ്രായങ്ങളുടെയും വൈവിധ്യങ്ങളുടെയും സൗന്ദര്യത്തെക്കുറിച്ച് സാധാരണക്കാരെ ബോധ്യപ്പെടുത്താൻ കഴിയുന്ന വിശാലമായൊരു പശ്ചാത്തലത്തില്‍വേണം അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ നാം മനസിലാക്കേണ്ടത്.

അവസാനമായി, എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭിഭാഷകർക്കും, എന്നെ ഉപേക്ഷിക്കാതെ അഞ്ച് വർഷത്തെ ഈ അസംബന്ധ തടവിലുടനീളം എനിക്ക് ആശ്വാസവും ഐക്യദാർഢ്യവും പിന്തുണയും നൽകാൻ എനിക്കൊപ്പം സ്തംഭം പോലെ നിന്ന എല്ലാവരോടും ഞാൻ നന്ദി പറയുന്നു. അവരുടെ സാന്നിധ്യവും സ്നേഹവും ഇല്ലായിരുന്നെങ്കിൽ ഇതൊരു നശിച്ച യാത്രയാകുമായിരുന്നു.

ഭാഗ്യവശാൽ 2025 ഏപ്രിൽ 16ന് ഞാൻ അഞ്ച് വർഷത്തെ ജയിൽ ജീവിതം പൂർത്തിയാക്കും. പോരാട്ടത്തിന്റെ ഏറ്റവും വിചിത്രമായ സാഹചര്യങ്ങളിലെ എന്റെ അതിജീവനത്തെ അടയാളപ്പെടുത്തുന്നതിന് ഞാൻ ഈ ദിവസം ആഘോഷിക്കും. ഈ തടവ് എന്റെ ശരീരത്തിന് കേടുപാടുകളുണ്ടാക്കിയില്ലെങ്കിലും , അത് എന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിൽ വിജയച്ചിരിക്കുന്നു. ഓർമശേഷി വളരെ മോശമായിക്കൊണ്ടിരിക്കുന്നതിനാൽ പലപ്പോഴും അമ്മയെ വിളിക്കാൻപോലും മറക്കുന്നു. എവിടേക്കോ എന്തോ ചെയ്യാൻ പുറപ്പെടുന്ന ഞാൻ, പോകുന്ന വഴിയിൽ എവിടേക്കെന്നോ എന്തിനെന്നോ മറന്നുപോകുന്നു. ചിരിക്കാൻ അല്ലാതെ ഈ സാഹചര്യത്തിൽ എന്ത് ചെയ്യാൻ സാധിക്കും. ഇതെന്നെ ശരിക്കും ഒരുപാട് ചിരിപ്പിക്കുന്നു. ഹാഹാഹാ... ഖൈർ! അപ്രതീക്ഷിതമായ വഴികളിൽ ഫായിസിന്റെ കവിതകൾ എനിക്കായി പ്രവർത്തിക്കുന്നുവെന്ന് തോന്നുന്നു. എനിക്കെപ്പോഴൊക്കെ തളർച്ച അനുഭവപ്പെടുന്നോ, അപ്പോള്‍ രണ്ടു മൂന്ന് ദിവസത്തേക്ക് ഞാൻ ഫായിസിന്റെ കവിതയിൽ അഭയം പ്രാപിക്കും. അപ്പോഴിതെല്ലാം വായുവിൽ അപ്രത്യക്ഷമാകും. നന്ദി, ഫായിസ് നിങ്ങളുടെ പൈതൃകത്തിന്. അദ്ദേഹം രചിച്ച രണ്ട് വരികള്‍ നിങ്ങള്‍ക്കായി ഞാന്‍ ഇവിടെ കുറിക്കുന്നു.


चलो आओ तुमको दिखायें हम, जो बचा है मक़तले शहर में
ये मज़ार अहले-सफ़ा के हैं, ये अहले-सिदक़ की तुर्बतें

मेरी जान आज का गम न कर केः न जाने कातिबे वक्त ने
किसी अपने कल में भी भूलकर कहीं लिख रही हो मसर


ദ വയറിൽ പ്രസി‍ദ്ധീകരിച്ച കത്തിന്റെ ('I Long for Freedom': Gulfisha Fatima on Five Years of Incarceration) സ്വതന്ത്ര പരിഭാഷ.

വിവർത്തനം: ശ്രീജിത്ത് സുഗതൻ

Also Read
user
Share This

Popular

KERALA
NATIONAL
കേന്ദ്രത്തിന്റെ തോന്നിവാസത്തിന് ഏറ്റ തിരിച്ചടി; വഖഫിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധിയിൽ പ്രതികരിച്ച് ഇടത് നേതാക്കൾ