മൂന്ന് ബന്ദികളും റെഡ് ക്രോസിന്റെ സംരക്ഷണയിലാണെന്നും താമസിയാതെ ഗാസയിലെ സൈനിക യൂണിറ്റിലേക്ക് മാറ്റുമെന്നും ഐഡിഎഫ് സ്ഥിരീകരിച്ചു
ഗാസ വെടി നിര്‍ത്തല്‍ ഉടമ്പടി പ്രകാരം മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളായ അലക്‌സാണ്ട്രെ സാഷ ട്രൂഫനോവ്, സഗുയി ദെക്കല്‍-ചെന്‍, ഇയര്‍ ഹോണ്‍ എന്നിവരെയാണ് മോചിപ്പിച്ചത്. മൂന്ന് ബന്ദികളും റെഡ് ക്രോസിന്റെ സംരക്ഷണയിലാണെന്നും താമസിയാതെ ഗാസയിലെ സൈനിക യൂണിറ്റിലേക്ക് മാറ്റുമെന്നും ഐഡിഎഫ് സ്ഥിരീകരിച്ചു.
ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ നടന്ന ചര്‍ച്ചകളുടെ ഭാഗമായാണ് ശനിയാഴ്ച തന്നെ മോചിപ്പിക്കാന്‍ ഹമാസും ഇസ്രയേലും കരാറിലെത്തിയത്. വെടിനിര്‍ത്തല്‍ ധാരണ ഇസ്രയേല്‍ ലംഘിക്കുന്നതായി ചൂണ്ടികാട്ടി ബന്ദികളെ ഇനി വിട്ടയയ്ക്കില്ലെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു.ആവശ്യമായ ഭക്ഷണം, മരുന്ന്, പാര്‍പ്പിട സാമഗ്രികള്‍ തുടങ്ങിയ അടിയന്തരസഹായങ്ങള്‍ വൈകിപ്പിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം.
ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ഇസ്രയേല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ബന്ദി കൈമാറ്റം നീട്ടിവെച്ചാല്‍ ഹമാസിനെ ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പും നൽകിയിരുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍നിശ്ചയിച്ച പ്രകാരം മൂന്ന് ബന്ദികളെ തന്നെ മോചിപ്പിക്കാന്‍ തീരുമാനത്തില്‍ എത്തുകയായിരുന്നു. ശനിയാഴ്ച 12 മണിക്കുള്ളില്‍ എല്ലാം ബന്ദികളെയും മോചിപ്പിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹമാസിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.