സിവിലിയൻമാരായ എലി ഷറാബി, ഒഹാദ് ബെൻ അമി, ഓർ ലെവി എന്നിവരെയാണ് മോചിപ്പിക്കുകയെന്ന് ഹമാസ് അറിയിച്ചു
ഇസ്രയേലിൽ തടവിലാക്കിയിരിക്കുന്ന പലസ്തീൻ തടവുകാരിൽ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പേരുകൾ പുറത്തുവിട്ട് ഹമാസ്. സിവിലിയൻമാരായ എലി ഷറാബി, ഒഹാദ് ബെൻ അമി,ഓർ ലെവി എന്നിവരെയാണ് മോചിപ്പിക്കുകയെന്ന് ഹമാസ് അറിയിച്ചു. ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം ഇതുവരെ 18 ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ 383ഓളം തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ 183 പേരെ കൂടി തിരിച്ചയക്കുമെന്ന് ഹമാസ് അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തലിൻ്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോഴേക്കും ഏകദേശം 33 ബന്ദികളെയും 1,900 തടവുകാരെയും മോചിപ്പിക്കുമെന്നും ഹമാസ് അറിയിച്ചു.
2023ഒക്ടോബർ 7 ന് ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ഹമാസ് 251 പേരെ ബന്ദികളാക്കുകയും ഏകദേശം 1,200 പേരെ കൊല്ലുകയും ചെയ്തിരുന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇസ്രയേലിൻ്റെ ആക്രമണത്തിൽ കുറഞ്ഞത് 47,500പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിലെ മൂന്നിൽ രണ്ട് ഭാഗവും കെട്ടിടങ്ങൾക്ക് ഇസ്രയേലിൻ്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻ പറയുന്നു. മോചിപ്പിക്കാൻ നിശ്ചയിച്ചവരുടെ പട്ടിക പുറത്തുവിട്ട വിവരം ഇസ്രയേലിനെ അറിയിച്ചിരുന്നുവെന്നും, ഈ വിവരം അവരുടെ കുടുംബത്തെ അറിയിച്ചുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ALSO READ: നാല് ഇസ്രയേലി വനിതകളെ കൂടി മോചിപ്പിച്ച് ഹമാസ്
15 മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമമിട്ടാണ് ഹമാസ് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നത്. ഗാസയിലെ വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് ആദ്യം മൂന്ന് വനിതകളെയാണ് ജനുവരി 19ന് മോചിപ്പിച്ചത്. റോമി ഗോണൻ,എമിലി ഡമാരി, ഡോറോൺ സ്റ്റെയിൻ ബ്രെച്ചർ എന്നീ യുവതികളാണ് ആദ്യം ഇസ്രയേലിലേക്ക് തിരിച്ചെത്തിയത്. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ നഹാൽ ഓസ് സൈനിക താവളത്തിൽ നിന്നാണ് ഇവരെ ഹമാസ് ബന്ദിയാക്കിയത്.
ഏഴ് വനിത സൈനികരിൽ ഒരാളെ ഐഡിഎഫ് ജീവനോടെ രക്ഷപ്പെടുത്തി. മറ്റൊരു വനിത സൈനികയുടെ മൃതദേഹം ഐഡിഎഫ് കണ്ടെടുത്തിരുന്നു. 21കാരിയായ അഗം ബെർഗർ എന്ന സൈനിക ഇപ്പോഴും ഹമാസിൻ്റെ പക്കലാണുള്ളത്. ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുന്നതിൻ്റെ ഭാഗമായി 19കാരിയായ ലിരി അൽബാഗിൻ്റെ വീഡിയോ കഴിഞ്ഞ മാസം ഹമാസ് പുറത്തുവിട്ടിരുന്നു.
ജനുവരി 15നാണ് ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൻ്റെ ഭാഗമായുള്ള കരാർ പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് ജനുവരി 19ന് കരാർ പ്രാബല്യത്തിൽ വരികയും ആദ്യഘട്ടത്തിലെ ആദ്യത്തെ ബന്ദി കൈമാറ്റവും അന്ന് നടന്നു. 24 കാരിയായ റോമി ഗോണൻ, 28 കാരിയായ എമിലി ഡമാരി, 31 വയസുള്ള ഡോറോൺ ഖെയർ എന്നിവരാണ് ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെട്ടത്. ഇസ്രയേൽ ബന്ദികള്‍ക്ക് പകരമായി 90 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.