ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് ട്രെൻഡ് അലയടിച്ചിരുന്നെങ്കിലും രണ്ട് മണിക്കൂറിന് ശേഷം ബിജെപി നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്
Haryana Assembly Election Results 2024 Live: രാജ്യം കാത്തിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഹാട്രിക് ഭരണത്തിലേക്ക് കുതിച്ച് ബിജെപി. ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് ട്രെൻഡ് അലയടിച്ചിരുന്നെങ്കിലും, രണ്ട് മണിക്കൂറിന് ശേഷം ബിജെപി നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ആകെയുള്ള 90 സീറ്റുകളിൽ നിലവിൽ 49 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 34 ഇടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. രണ്ടിടത്ത് ഐഎൻഎൽഡിയും നാലിടത്ത് സ്വതന്ത്ര സ്ഥാനാർഥികളുമാണ് മുന്നിട്ടുനിൽക്കുന്നത്.
ഹരിയാനയിലെ ലീഡ് നില ഇപ്രകാരമാണ് - ബിജെപി 49, കോൺഗ്രസ് 34, ഐഎൻഎൽഡി 5, ജെജെപി 0, മറ്റുള്ളവർ 5
ആഘോഷം മതിയാക്കി കോൺഗ്രസ്
വോട്ടെണ്ണലിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിന്റെ ആഘോഷം നിര്‍ത്തിവെച്ചു. എക്സിറ്റ് പോള്‍ ഫലങ്ങൾ വിശ്വസിച്ച് കോൺഗ്രസ് അണികൾ ഇന്ന് രാവിലെ മുതല്‍ക്ക് തന്നെ ഡല്‍ഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വിജയാഘോഷം തുടങ്ങിയിരുന്നു. നേരത്തെ കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് വരെ കോൺഗ്രസിൻ്റെ ലീഡ് പോയിരുന്നു.
എന്നാൽ രാവിലെ പത്തരയോടെ ഫലങ്ങൾ മാറിമറിയുകയും ബിജെപി ലീഡിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ കോൺഗ്രസ് കേന്ദ്രങ്ങൾ അങ്കലാപ്പിലായി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ദോലടിച്ചും മധുരം വിതരണം ചെയ്തു ആഘോഷം നടത്തിയ കോണ്‍ഗ്രസ്, പിന്നീട് അതെല്ലാം നിര്‍ത്തുന്ന കാഴ്ചയാണ് കാണാനായത്.
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ലദ്‌വയിൽ മുന്നിലാണ്. ഹരിയാനയിലെ കൈതാലിൽ കോൺഗ്രസിൻ്റെ യുവനേതാവ് ആദിത്യ സുർജേവാല മുന്നിൽ. ഹരിയാനയിൽ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പിന്നില്‍. കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ ഹരിയാനയിലെ ഗാർഹിയിൽ മുന്നിലാണ്. ഹരിയാനയിലെ ഭിവാനിയിൽ സിപിഎമ്മിൻ്റെ ഓം പ്രകാശ് നിലവിൽ മുന്നിലാണ്. 101 സ്ത്രീകളടക്കം 1,031 സ്ഥാനാർഥികളാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്
നേരത്തെ ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാൽ ഹരിയാനയിൽ മോദി മാജിക് അലയടിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.
ALSO READ: ഹരിയാനയില്‍ കോണ്‍ഗ്രസ് തിരിച്ചെത്തും? 64 സീറ്റുവരെ വിജയ സാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങൾ
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 90 സീറ്റുകളിൽ 40 സീറ്റുകൾ ബിജെപിയും 31 സീറ്റുകൾ കോൺഗ്രസ്സും 10 സീറ്റുകൾ ജനനായക് ജനതാ പാർട്ടിയും (ജെജെപി) നേടിയിരുന്നു. ജെജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയും ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. മാർച്ചിൽ മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സെയ്‌നിയെ ബിജെപി മുഖ്യമന്ത്രി ആക്കിയതോടെയാണ് സഖ്യം അവസാനിച്ചത്. വലിയ പ്രതീക്ഷയോടെയാണ് മുന്നണികൾ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.