രാത്രി പത്തി മണിയോടെ തിരിച്ച്, പുലർച്ചെയോടെ കോഴിക്കോട് എത്തുന്ന രീതിയിലാണ് ബസിൻ്റെ സമയക്രമം
രൂപമാറ്റം വരുത്തിയ നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങി. കോഴിക്കോട്ട് നിന്നും ബെംഗളൂരുവിലേക്കാണ് എട്ടരയോടെ സർവീസ് ആരംഭിച്ചത്. മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് സർവീസ് പുനരാരംഭിച്ചിട്ടുള്ളത്. രാത്രി പത്തി മണിയോടെ തിരിച്ച്, പുലർച്ചെയോടെ കോഴിക്കോട് എത്തുന്ന രീതിയിലാണ് ബസിൻ്റെ സമയക്രമം.
ALSO READ: വയനാട് പുനരധിവാസം: 750 കോടിയില്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍; നിർമാണ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്
രൂപമാറ്റം വരുത്തി നിറയെ യാത്രക്കാരുമായാണ് നവകേരള ബസിൻ്റെ ബെംഗളൂരു–കോഴിക്കോട് പ്രതിദിന സർവീസ് പുതുവർഷദിനത്തിൽ പുനരാരംഭിച്ചത്. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30ന് ബെംഗുളുരുവിലേക്കും രാത്രി 10.25ന് തിരികെ പുറപ്പെട്ട് പുലർച്ചെ 5.20ന് കോഴിക്കോടെത്തുന്ന രീതിയിലുമാണ് സര്‍വീസ്. ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് വരെ ജിഎസ്ടിയും റിസർവേഷനും ഉൾപ്പെടെ 968 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 11 സീറ്റുകൾ കൂടി വർധിപ്പിച്ച് 37 സീറ്റാക്കി ബസ് രൂപമാറ്റവും വരുത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുൻഭാഗത്തുള്ള വാതിലും പിൻവാതിലും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ശുചിമുറി നിലനിർത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം ഉപയോഗിക്കാതെ കിടന്നിരുന്നു. പിന്നീട് കഴിഞ്ഞ മേയ് അഞ്ചിന് സർവീസ് ആരംഭിച്ചിരുന്നെങ്കിലും യാത്രക്കാർ ഇല്ലാതെ വന്നതോടെ സർവീസ് നിർത്തിയിരുന്നു. ബന്ദിപ്പൂർ വഴി രാത്രി യാത്രാ അനുമതിയുള്ള സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസിന്റെ പെർമിറ്റാണ് നവകേരള ബസിന് കൈമാറിയിട്ടുള്ളത്. നിലവിൽ ആദ്യ മൂന്നു ദിവസത്തെ ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഗരുഡ പ്രീമിയത്തിന്റെ രണ്ടാം വരവിൽ ടിക്കറ്റ് നിരക്ക് കുറച്ചത് യാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.