ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് പോളിറ്റ് ബ്യൂറോ അംഗവും ഭാര്യയും കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു
ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മരണസംഖ്യ അരലക്ഷം കടന്നുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്നര ലക്ഷം പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ, സംഘർഷ സമയങ്ങളിൽ ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സ്ഥാപനങ്ങളും അടക്കം വിശ്വസനീയമാണെന്നും കണക്കാക്കിയിരുന്നു. എന്നാൽ ഗാസ അധികൃതർ പ്രസിദ്ധീകരിച്ച ഡാറ്റ ഇസ്രയേൽ നിരന്തരം നിരാകരിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര പത്രപ്രവർത്തകരെ ഗാസയിൽ സ്വതന്ത്രമായി പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രയേൽ തടയുന്നതിനാൽ ഇത്തരം കണക്കുകൾ പരിശോധിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. മാർച്ച് 18നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാംഭിച്ചത്. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗമുള്ള ആക്രമണം കൂടിയായപ്പോൾ ആക്രമണത്തിൻ്റെ ശക്തി വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തു.
ALSO READ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് പോളിറ്റ് ബ്യൂറോ അംഗവും ഭാര്യയും കൊല്ലപ്പെട്ടു
അതേസമയം, ഇന്ന് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് പോളിറ്റ് ബ്യൂറോ അംഗവും ഭാര്യയും കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഹമാസ് രാഷ്ട്രീയ നേതാവ് സലാഹ് അല്‍ ബര്‍ദവീലും ഭാര്യയും കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഈ വാർത്തയോട് ഇസ്രയേൽ യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. വെടിനിര്‍ത്തലും, സമാധാന കരാര്‍ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചത്.
ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ബാക്കി ബന്ദികളെ കൂടി വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിരുന്നു. ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സാണ് ഭീഷണി മുഴക്കിയത്. ഗാസയുടെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ റഫയും ബെയ്റ്റ് ലഹിയയുടെ വടക്കന്‍ ടൗണും ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ സൈന്യം നീങ്ങുന്നത്. ഗാസ സിറ്റി അടക്കമുള്ള വടക്കന്‍ ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തിയതായും സൈന്യം അറിയിച്ചിട്ടുണ്ട്. 'ഗാസയുടെ കൂടുതല്‍ അതിര്‍ത്തികള്‍ പിടിച്ചെടുക്കാന്‍ ഞാന്‍ സൈന്യത്തോട് പറഞ്ഞു. ബന്ദികളെ വിടാന്‍ ഹമാസ് തയ്യാറാകാതിരുന്നാല്‍ കൂടുതല്‍ അതിര്‍ത്തികൾ നഷ്ടമായേക്കും. അത് ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കും,' പ്രതിരോധ മന്ത്രി പറഞ്ഞു.