കഴിഞ്ഞ ദിവസമാണ് ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്ന വിചിത്ര ആവശ്യം എന്‍ പ്രശാന്ത് ഉന്നയിച്ചത്.
സസ്‌പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്റെ പരാതികള്‍ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ് ലൈവ് സ്ട്രീമിംഗ് ചെയ്യണമെന്ന ആവശ്യം നിരസിച്ച് സര്‍ക്കാര്‍. എന്നാല്‍ ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും ലൈവോ റെക്കോര്‍ഡിങ്ങോ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഏപ്രില്‍ 16നാണ് ഹിയറിങ് തീരുമാനിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച് കത്ത് നല്‍കിയത്.
ഹിയറിങ്ങിന്റെ ഓഡിയോയും വീഡിയോയും റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുജന മധ്യത്തില്‍ കാണിക്കണമെന്നുമാണ് എന്‍ പ്രശാന്തിന്റെ ആവശ്യം. പൊതുതാത്പര്യം പരിഗണിച്ചാണ് ആവശ്യമുന്നയിച്ചതെന്നാണ് പ്രശാന്തിന്റെ വാദം.
ALSO READ: കണ്ണൂരില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍; മരിച്ചത് പതിനാലും ഒന്‍പതും വയസുള്ള കുട്ടികള്‍
പ്രശാന്തിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാനാണ് മുഖ്യമന്ത്രി ഇടപെട്ട് ഹിയറിങ്ങിന് നിശ്ചയിച്ചത്. വകുപ്പുതല നടപടികളിലെ ആരോപണ പ്രത്യാരോണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു സസ്‌പെന്‍ഷന്‍. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഐഎഎസ് മറുപടി നല്‍കാഞ്ഞതോടെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നുമാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും, ചട്ടലംഘനമില്ലെന്നുമായിരുന്നു എന്‍. പ്രശാന്തിന്റെ വാദം. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും, വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.ചീഫ് സെക്രട്ടറി നേരിട്ടാകും പ്രശാന്ത് ഐഎഎസിന്റെ ഹിയറിങ് നടത്തുക.
കെ. ഗോപാലകൃഷ്ണനേയും അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനേയും ഉന്നമിട്ടാണ് എന്‍. പ്രശാന്ത് ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചത്. ജയതിലകിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും പ്രശാന്ത് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. ജയതിലകിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യും. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമായിരിക്കും ഇപ്പോള്‍ വെളിപ്പെടുത്തുക. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വാഹമില്ലെന്നും പ്രശാന്ത് പറയുന്നു.