തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും ഹൈക്കോടതി
ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണമെന്നും ഹൈക്കോടതി പറഞ്ഞു.
അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിക്കുമായിരുന്നു. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നെങ്കില്‍ ആനകള്‍ പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് ആനകളുടെ എഴുന്നള്ളത്ത്. കാലുകള്‍ ചേര്‍ത്തു കെട്ടി അനങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന ആനകളുടെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കണം. മനുഷ്യനാണെങ്കില്‍ അഞ്ച് മിനിറ്റ് നില്‍ക്കാന്‍ കഴിയുമോ.
ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പറഞ്ഞത്. അങ്ങേയറ്റത്തെ ക്രൂരതയാണ് ആനകള്‍ നേരിടുന്നത്. ഇതൊന്നും ആചാരമല്ല, മനുഷ്യന്റെ വാശിയാണ്. ആനകളെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കനാണ് ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി.ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെബിൻ്റെ നിർദ്ദേശം.
Also Read: ടിറ്റോയെ കൈവിടാതെ രത്തന്‍ ടാറ്റ; 10,000 കോടിയുടെ വില്‍പ്പത്രത്തിലും വളര്‍ത്തുനായയെ മറന്നില്ല
മൂകാംബിക ശക്തിപീഠമാണ്, അവിടെയൊന്നും ആനയില്ല, ഭക്തർ വലിക്കുന്ന രഥമേയുള്ളൂ. ക്ഷേത്ര കമ്മിറ്റികള്‍ തമ്മിലുള്ള വൈര്യമാണ് വലിയ ആന എഴുന്നള്ളത്തിന് പിന്നില്‍. ഉത്സവ കമ്മിറ്റി പ്രസിഡന്റാക്കിയാല്‍ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണ് പറയുന്നത്.
എറണാകുളം ക്ഷേത്രത്തില്‍ കഴിഞ്ഞ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാന്‍ മാത്രം 54 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ നിയന്ത്രണം വേണം. ചൂടുപൊള്ളുന്ന കാലാവസ്ഥയിലാണ് ആനയെ എഴുന്നളളിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. എഴുന്നള്ളത്തിനുളള ആനകളുടെ എണ്ണം കുറയ്ക്കണം. എഴുന്നളളത്തിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നവര്‍ അതിനുള്ള സൗകര്യങ്ങളും അത്തരത്തില്‍ ഒരുക്കണമെന്നും കോടതി പറഞ്ഞു.