പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി
ഫോർട്ട് കൊച്ചി പപ്പാഞ്ഞി വിവാദത്തിൽ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി. പപ്പാഞ്ഞിയെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് എന്ത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ ഈ മാസം 27ന് ഹാജരാക്കാൻ നിർദേശമുണ്ട്. പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
കാർണിവൽ കമ്മിറ്റിയുടെ പേരിൽ അല്ലാതെ ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന ചെറിയ പപ്പാഞ്ഞിയെ ഉടൻ നീക്കണമെന്നായിരുന്നു പൊലീസ് നൽകിയ നിർദേശം. പപ്പാഞ്ഞിയെ കത്തിക്കാൻ മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് ഹർജിക്കാരോട് ഹൈക്കോടതി ചോദിച്ചു. ഉണ്ടെങ്കിൽ അതിൻ്റെ രേഖകൾ ഹാജരാക്കാൻ ഹർജിക്കാർക്കും ഹൈക്കോടതിയുടെ നിർദേശം നൽകിയിട്ടുണ്ട്.
വിവാദത്തിൽ പൊലീസിനെ വെല്ലുവിളിച്ച് ഗാലാ ഡി കൊച്ചി പപ്പാഞ്ഞിയെ ഉദ്ഘാടനം ചെയ്തിരുന്നു. വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാറ്റില്ലെന്നാണ് ഗാലാ ഡി കൊച്ചിയുടെ നിലപാട്. പൊലീസിന് നൽകിയ മറുപടിയിൽ മറ്റ് നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് സംഘാടകരുടെ തീരുമാനം. പൊലീസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നെന്നും ആക്ഷേപമുണ്ട്. പപ്പാഞ്ഞിയെ പൊലീസ് എടുത്തുമാറ്റാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഗാലാഡി കൊച്ചിയുടെ രക്ഷാധികാരി ബെന്നി ബെനഡിക്റ്റ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
പ്രദേശവാസികളുടെ പേരിൽ ഗാല ഡി ഫോർട്ട് കൊച്ചി നിർമിക്കുന്ന ചെറിയ പപ്പാഞ്ഞിയാണ് കാർണിവൽ കമ്മിറ്റിക്ക് ഇപ്പോൾ തലവേദനയാകുന്നത്. ഇതിന് കാർണിവൽ കമ്മിറ്റിയുടെ അനുമതിയില്ലെന്നും നീക്കണമെന്നും ആവശ്യപ്പെട്ട് സംഘാടകർ തന്നെയാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. സാധാരണ ഗതിയിൽ കൊച്ചിൻ കാർണിവൽ സംഘാടകരുടെ നേതൃത്വത്തിൽ ന്യൂയറിന് തൊട്ടുമുമ്പായാണ് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വലിയ പപ്പാഞ്ഞി സ്ഥാപിക്കാറുള്ളത്. 15ഓളം തൊഴിലാളികൾ മൂന്നാഴ്ചത്തോളം രാവും പകലും ഉറക്കമിളച്ച് പണിയെടുത്താണ് കൂറ്റൻ പപ്പാഞ്ഞി നിർമിക്കാറുള്ളത്.
കഴിഞ്ഞ തവണയും ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞിയെ സ്ഥാപിച്ചത് വലിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. 2023 അവസാനം വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കുന്നതിനുള്ള നടപടികൾ നിർത്തിവെക്കണമെന്നും, അത് അവിടെ നിന്ന് പൊളിച്ചു നീക്കണമെന്നും സബ് കളക്ടർ കെ. മീര നിർദേശിച്ചിരുന്നു. സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ ബുദ്ധിമുട്ടും, ജനങ്ങളുടെ സുരക്ഷയും അപകടസാധ്യതയും കൂടി കണക്കിലെടുത്തായിരുന്നു ഈ പപ്പാഞ്ഞിയെ നീക്കണമെന്ന് ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ സബ് കളക്ടർക്ക് കത്ത് നൽകിയത്. ഗാല ഡി ഫോർട്ട് കൊച്ചി നിർമിച്ച വിരൂപമായ പപ്പാഞ്ഞി കഴിഞ്ഞ തവണ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളുകളേറ്റു വാങ്ങിയിരുന്നു.