fbwpx
കൊയിലാണ്ടിയില്‍ ആനകളിടഞ്ഞ സംഭവം: ഇടപെട്ട് ഹൈക്കോടതി; ഗുരുവായൂര്‍ ദേവസ്വത്തോടും വനം വകുപ്പിനോടും വിശദീകരണം തേടി
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Feb, 2025 02:51 PM

ഗുരുവായൂരിലുള്ള ആനയെ എന്തിനാണ് ഇത്ര ദൂരത്തേക്ക് കൊണ്ടുപോയതെന്ന് ചോദിച്ച ഹൈക്കോടതി, ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു

KERALA


കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഗുരുവായൂരിലുള്ള ആനയെ എന്തിനാണ് ഇത്ര ദൂരത്തേക്ക് കൊണ്ടുപോയതെന്ന് ചോദിച്ച ഹൈക്കോടതി, ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. 


ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്റര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണം. മൂന്ന് പേർ മരിക്കുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഗുരുവായൂര്‍ ദേവസ്വത്തോടും, വനം വകുപ്പിനോടും കോടതി വിശദീകരണം തേടി.


അതേസമയം ആന എഴുന്നള്ളിപ്പിൽ ചട്ട ലംഘനം ഉണ്ടായതായി സോഷ്യൽ ഫോറസ്റ്ററി കൺസർവേറ്റർ ആർ കീർത്തി ഐഎഫ്എസ് വ്യക്തമാക്കി. എഡിഎം-വനം വകുപ്പ് എന്നിവർ ഇത് സംബന്ധിച്ച റിപ്പോർട്ട് വനം മന്ത്രിക്ക് കൈമാറി.  നാട്ടാന പരിപാലന നിയമം ലംഘിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്ഷേത്ര കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചെന്നും ക്ഷേത്രത്തിന് എഴുന്നള്ളത്തിനുള്ള അനുമതി റദ്ദാക്കാണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു. നാട്ടാന പരിപാലന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും, വീഴ്ച ഉണ്ടായാൽ കർശന നടപടി എടുക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകുന്നേരത്തോടെ ജില്ലാ കളക്ടറും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനം വകുപ്പ് മന്ത്രിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. 


ALSO READ: കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവം: ജില്ലാ കളക്ടറും, ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും വനം വകുപ്പ് മന്ത്രിക്ക് ഇന്ന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കും


അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കുറുവങ്ങാട് മാവിൻച്ചുവടിലെ പൊതുദർശനത്തിനുശേഷം മൂന്നുപേരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. ഗുരുവായൂരിൽ നിന്നും കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് വൈകിട്ടോടെ ഇടഞ്ഞോടിയത്. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ വലിയ രീതിയിൽ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരൻ ഇടയുകയും തൊട്ടടുത്ത് നിന്ന ഗോകുൽ എന്ന ആനയെ കുത്തുകയും ചെയ്തു‌. ഇതിന് പിന്നാലെ രണ്ട് ആനകളും കൊമ്പ് കോർക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അപ്രതീക്ഷിതമായി ആനകൾ ഇടഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി.


ക്ഷേത്രോത്സവത്തിന്‍റെ അവസാന ദിവസം ശീവേലി തൊഴാന്‍ നിന്നവരാണ് ആനകളുടെ മുന്നിൽ പെട്ടത്. പലരും പലവഴിക്ക് ഓടുകയും ചിലർ വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തിൽ ക്ഷേത്ര ഓഫീസ് അടക്കം തകർന്നു. ഓഫീസിന് താഴെ ഇരുന്നിരുന്ന, കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കേയിൽ രാജൻ എന്നിവരാണ് മരിച്ചത്.


ALSO READ: "ബിഷപ്പുമാരുടെ ശൈലിയിൽ മാറ്റമുണ്ടായോ എന്ന് മാത്രമാണ് ചോദിച്ചത്"; വിശദീകരണവുമായി എ.കെ. ശശീന്ദ്രൻ


വെടിമരുന്ന് പ്രയോഗം നടത്തിയത് കൊണ്ടാണ് ആനകൾ ഇടഞ്ഞതെന്ന് പറയാനാകില്ലെന്നും വനംവകുപ്പിന്റെയും, പൊലീസിന്റെയും എല്ലാ അനുമതിയും വാങ്ങിയിട്ടാണ് ആനകളെ കൊണ്ടുവന്നതെന്നും പ്രദേശവാസികൾ പറയുന്നു. വിരണ്ട രണ്ട് ആനകളെയും പെട്ടെന്ന് തന്നെ പാപ്പാന്മാരുടെ നേതൃത്വത്തിൽ തളയ്ക്കാൻ സാധിച്ചതിനാൽ അപകടത്തിന്റെ വ്യാപ്തി കുറക്കാൻ കഴിഞ്ഞെന്നായിരുന്നു കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു പറഞ്ഞത്. ദുഃഖാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 17,18,25,26,27,28,29,30,31 എന്നീ വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

NATIONAL
രക്ഷാപ്രവർത്തനത്തിന് നാവിക സേനയും; തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു
Also Read
user
Share This

Popular

NATIONAL
KERALA
രക്ഷാപ്രവർത്തനത്തിന് നാവിക സേനയും; തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു