fbwpx
ആരാണ് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ സമൂസ കഴിച്ചത്?
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Nov, 2024 01:44 PM

അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് സമൂസ കാണാതായ സംഭവത്തില്‍ സിഐഡി അന്വേഷണം നേരിടുന്നത്

NATIONAL


മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിനു വേണ്ടി എത്തിച്ച സമൂസ കാണാതായതാണ് ഹിമാചല്‍പ്രദേശിലെ പ്രധാന സംഭവം! വിഷയം ഹിമാചലും കടന്ന് രാജ്യത്താകെ ചര്‍ച്ചയായിരിക്കുന്നു. സമൂസ കാണാതായതില്‍ സിഐഡി അന്വേഷണം വരെ നടക്കുകയാണ്. സിഐഡി അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി സമൂസ പാര്‍ട്ടി പോലും നടത്തി. പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂറാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം സമൂസ പാര്‍ട്ടി നടത്തിയത്.

അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് സമൂസ കാണാതായ സംഭവത്തില്‍ സിഐഡി അന്വേഷണം നേരിടുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് നല്‍കാന്‍ കൊണ്ടുവന്ന സമൂസയും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതിലാണ് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ട് സമൂസ കിട്ടാത്തതിനല്ല, ഉദ്യോഗസ്ഥരുടെ 'മോശം പെരുമാറ്റ'ത്തിലാണ് അന്വേഷണം എന്നാണ് സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ വിശദീകരണം.


എന്താണ് ശരിക്കും സംഭവിച്ചത്?


ഒക്ടോബര്‍ 21 ന് ഷിംലയിലെ ലക്കര്‍ ബസാറില്‍ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്കാണ് സമൂസയും കേക്കുമെല്ലാം ഓര്‍ഡര്‍ ചെയ്തത്. സ്ഥലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഭക്ഷണം എത്തിക്കാന്‍ ഐജിയാണ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിച്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവറും ചേര്‍ന്ന് മൂന്ന് പെട്ടി സമൂസയും കേക്കും വാങ്ങി ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു വനിതാ ഓഫീസര്‍ക്ക് കൈമാറി. മുഖ്യമന്ത്രിക്കു വേണ്ടിയുള്ളതാണെന്ന് അറിയാതെ ഉദ്യോഗസ്ഥ ഭക്ഷണ സാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മുറിയിലേക്ക് മാറ്റി. ഇവിടെയുണ്ടായിരുന്നവര്‍ക്ക് വിതരണം ചെയ്തു.


Also Read: ഹിമാചൽ മുഖ്യമന്ത്രിയുടെ സമൂസ കാണാതായതിൽ സിഐഡി അന്വേഷണം; പ്രതിഷേധവുമായി ബിജെപി


ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ പെട്ടികളിലെ സാധനങ്ങള്‍ മുഖ്യമന്ത്രിയുടെ മെനുവില്‍ ഇല്ലെന്ന് പറഞ്ഞതായാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. ഒരു മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥനും ഹെഡ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എച്ച്എഎസ്‌ഐ) ക്കുമായിരുന്നു മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ചായയും വിഭവങ്ങളുടേയും ചുമതല ഉണ്ടായിരുന്നത്.

പെട്ടിയില്‍ കൊണ്ടുവന്ന സമൂസയും കേക്കും മുഖ്യമന്ത്രിക്കുള്ളതാണെന്ന് അറിയിച്ചിരുന്നില്ലെന്നാണ് വനിതാ ഉദ്യോഗസ്ഥ പറയുന്നത്. പെട്ടി തുറന്നു നോക്കാതെ തന്നെ അത് എംടി സെക്ഷനിലേക്ക് മാറ്റുകയും ചെയ്തു.

ഒരു സബ് ഇന്‍സ്‌പെക്ടറും ഹെഡ് കോണ്‍സ്റ്റബിളും ചേര്‍ന്നാണ് പെട്ടികള്‍ തുറന്നതെന്നും ഐജി ഓഫീസിലെ ഡിഎസ്പിക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ളതാണെന്നാണ് നിര്‍ദേശം ലഭിച്ചതെന്നുമാണ് എച്ച്എഎസ്‌ഐയുടെ മൊഴി. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുറിയിലുണ്ടായിരുന്ന 10-12 പേര്‍ക്ക് ചായയോടൊപ്പം സമൂസയും കേക്കും വിളമ്പുകയും ചെയ്തു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് മാത്രമാണ് പെട്ടിക്കകത്തുണ്ടായിരുന്നത് മുഖ്യമന്ത്രിക്കുള്ള പലഹാരങ്ങളാണെന്ന് അറിവുണ്ടായിരുന്നതെന്നാണ് സിഐഡി റിപ്പോര്‍ട്ട്.

വിഷയം ചെറിയൊരു ആഭ്യന്തര കാര്യം മാത്രമാണെന്നാണ് സിഐഡി ഡയറക്ടര്‍ ജനറല്‍ രഞ്ജന്‍ ഓജ വ്യക്തമാക്കുന്നത്. ആര്‍ക്കെതിരേയും നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. സംഭവം രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റരുത്, എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തത വരുത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഉദ്യോസ്ഥന്‍ പറഞ്ഞു.


മുഖ്യമന്ത്രിയുടെ വാദം

തനിക്ക് കിട്ടാതെ പോയ സമൂസയ്ക്കു വേണ്ടിയാണ് സിഐഡി അന്വേഷണം പ്രഖ്യാപിച്ചെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സമൂസ കാണാതായതിലല്ല, ഉദ്യോഗസ്ഥരുടെ 'കൃത്യവിലോപത്തിലും' മര്യാദകെട്ട പെരുമാറ്റത്തെ കുറിച്ചുമാണ് അന്വേഷണമെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറയുന്നു.


Also Read: മുഖ്യമന്ത്രിയുടെ സമൂസയെവിടെ? ; സിഐഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചൽ സർക്കാർ


ഏറ്റെടുത്ത് ബിജെപി

എന്തായാലും സംഭവം പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി ഏറ്റെടുത്തു. കുറച്ച് സമൂസ കിട്ടാത്തതിന് സിഐഡി അന്വേഷണമോ എന്ന് പരിഹസിച്ച് 'സമൂസ പാര്‍ട്ടി' വരെ പ്രതിപക്ഷം നടത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഖജനാവ് കൊള്ളയടിച്ചപ്പോള്‍ അന്വേഷണം നടത്താത്തവരാണ് രണ്ട് സമൂസയ്ക്കു വേണ്ടി സിഐഡി അന്വേഷണം നടത്തുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി പരിഹസിച്ചു. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതെ അനാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സമയം കളയുന്നുവെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശനം. സമൂസകള്‍ മാറി നല്‍കിയ സംഭവത്തെ സര്‍ക്കാര്‍ വിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നെന്നും രാജ്യമാകെ ഹിമാചല്‍ പ്രദേശിനെ അറിയുന്നത് സര്‍ക്കാരിന്റെ ഈ പരിഹാസ്യ നടപടി കാരണമാണെന്നും പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂര്‍ വിമര്‍ശിച്ചു.

KERALA
എം.ടി, സാഹിത്യത്തിനും സംസ്കാരത്തിനും അമൂല്യ സംഭാവന നൽകിയ ജീനിയസ്: സാറാ ജോസഫ്
Also Read
user
Share This

Popular

KERALA
KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം