മുസ്ലീങ്ങളെ ലക്ഷ്യംവച്ചുള്ള ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം
ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പത്തുപേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ഗോവധ വിരുദ്ധ നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, കലാപത്തിനും ആക്രമണത്തിനും ആഹ്വാനം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയത്. ബീഫ് കൈവശം വയ്ക്കുന്നവരെ കണ്ടെത്താന്‍ മൊറാനയില്‍ ജില്ലാ ഭരണകൂടം സർവ്വേ നടത്തിയെന്നും റിപ്പോർട്ടുണ്ട്.
മധ്യപ്രദേശിലെ മണ്ഡ്‌ല, ജോറ, രത്‌ലം, സിയോനി, മൊറേന ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി മുസ്ലീം ഉടമസ്ഥതയിലുള്ള വീടുകൾക്ക് നേരെയുള്ള ബുള്‍ഡോസർ നടപടി തുടരുകയാണ്. മൊറേനയിലെ നൂറാബാദ് ഗ്രാമത്തില്‍ ഗോവധം നടന്നുവെന്ന് ബജ്റംഗ്ദള്‍ പ്രവർത്തകർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. പരിശോധനയില്‍ ഒരു വീട്ടില്‍ നിന്ന് പശുത്തോലും രണ്ട് ചാക്ക് എല്ലുകളും മാംസവും കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. തുടർന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേർ വെള്ളിയാഴ്ച അറസ്റ്റിലായി. ഇതില്‍ രണ്ടുപേർക്കെതിരെ ദേശസുരക്ഷാ നിയമവും ചുമത്തി.
ദിവസങ്ങള്‍ക്കുമുന്‍പാണ്, ബീഫ് കൈവശംവച്ചെന്ന് ആരോപിച്ച് മണ്ഡ്‌ല ജില്ലയിലെ 11 വീടുകള്‍ പൊളിച്ചത്. എന്നാല്‍, അനധികൃത നിർമാണങ്ങള്‍ക്കെതിരെയാണ് നടപടി എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം. കഴിഞ്ഞദിവസം യുപിയിലെ മൊറാബാദിലും സമാനമായ സംഭവം നടന്നിരുന്നു.
മുസ്ലിങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള നീക്കം ബുള്‍ഡോസർ രാജാണെന്നാണ് പ്രതിപക്ഷ ആരോപണം. നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് തൃണമൂൽ രാജ്യസഭാ എംപി സാകേത് ഗോഖ്‌ലെ, മൊറേന ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചു. ഏതെങ്കിലും കുറ്റങ്ങളുടെ പേരിൽ വീടുകൾ ബുൾഡോസർ വെച്ച് പൊളിക്കുന്നത് സുപ്രിംകോടതി പലതവണ വിലക്കിയിട്ടും ഇത് ആവർത്തിക്കപ്പെടുകയാണെന്ന് തൃണമൂൽ എംപി പ്രതികരിച്ചു.