കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി
കോഴിക്കോട് മുക്കത്ത് സ്വകാര്യ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. അടിയന്തര അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ഫെബ്രുവരി 28 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഈ മാസം 1നാണ് മുക്കത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് ചാടിയ യുവതിക്ക് പരിക്കേറ്റത്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതിയുടെ മൊഴി. സംഭവത്തിൽ കേസെടുത്ത് മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
അതേസമയം പീഡനശ്രമത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ അതിജീവിതയുടെ കുടുംബം പുറത്തുവിട്ടു. യുവതി വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന സമയത്താണ് ഹോട്ടൽ ഉടമ ദേവദാസും റിയാസ് , സുരേഷ് എന്നീ ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെ ഫോണിലെ സ്ക്രീൻ റെക്കോർഡറിൽ പീഡന ശ്രമത്തിന്റെ ദൃശ്യങ്ങൾ പതിയുകയായിരുന്നു. പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്കു ചാടിയ യുവതിയുടെ നട്ടെല്ലിനും കൈമുട്ടിനും സാരമായി പരിക്കേറ്റു.
കെട്ടിടത്തിൽ നിന്നും താഴെ വീണ അതിജീവിതയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. മൂന്നുപേരും ഇപ്പോൾ ഒളിവിലാണ്. പിന്നീട് ബന്ധുക്കൾ എത്തിയാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്. അതിനിടയിൽ അതിജീവിതയുടെ അമ്മയെ സ്വാധീനിക്കാനും, കേസ് ഒത്തുതീർപ്പാക്കാനും പ്രതികളുടെ ബന്ധുക്കൾ ശ്രമിച്ചതായും അതിജീവിതയുടെ അടുത്ത ബന്ധു ന്യൂസ് മലയാളത്തോട് പറഞ്ഞു. ഈ സമയം ആക്രമണത്തിൻ്റെ ദൃശ്യം ഫോണിൽ പതിഞ്ഞത് കേസിൽ നിർണായക തെളിവാകും.