കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനുമാണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്
ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഒൻപത് വയസായി കുറയ്ക്കുന്ന ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കി മനുഷ്യാവകാശ സംഘടനകൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാഹപ്രായം 18-ൽ നിന്നും ഒൻപത് വയസായി കുറയ്ക്കുന്ന ഭേദഗതിക്ക് ഇറാഖ് പാർലമെൻ്റ് അംഗീകാരം നൽകിയത്. നിയമം പ്രാബല്യമാകുന്നതോടെ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959-ലെ കുടുംബ നിയമം അട്ടിമറിക്കപ്പെടുമെന്നാണ് ഭേദഗതിക്കെതിരെ ഉയരുന്ന വിമർശനം.
ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന വിവാദ ഭേദഗതിക്കാണ് പാർലമെൻ്റ് അംഗീകാരം നൽകിയത്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. പിന്നാലെ എതിർപ്പുകളെ തുടർന്ന് നിയമഭേദഗതി പിൻവലിച്ചു.
ALSO READ: സിസേറിയനിലൂടെ പ്രസവിക്കാൻ തിരക്ക് കൂട്ടി യുഎസിലെ ഗർഭിണികളായ ഇന്ത്യൻ വനിതകൾ; കാരണമിതാണ്
എന്നാൽ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റിൽ ബിൽ വീണ്ടും പാർലമെൻ്റിൽ എത്തുകയായിരുന്നു. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ഈ ഭേദഗതിയോടെ പ്രാവർത്തികമാകും.
കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനുമാണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്തെ ശരിയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കുമെന്നുമാണ് ഇവരുടെ മറ്റൊരു വാദം.
അതേസമയം കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ് ഭേദഗതിയെന്നും, സ്ത്രീകൾക്ക് വിവാഹമോചനം, സംരക്ഷണം, അനന്തരാവകാശം എന്നിവയ്ക്കുള്ള സംരക്ഷണ സംവിധാനങ്ങളെ തകർക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.