fbwpx
'ഹഷ് മണി, വധശ്രമം, ക്യാറ്റ് ലേഡീസ്...'; സംഭവബഹുലമായ ട്രംപ്-കമല തെരഞ്ഞെടുപ്പ് പോരാട്ടം
logo

ശ്രീജിത്ത് എസ്

Last Updated : 06 Nov, 2024 05:05 PM

യുഎസിനെ ചൂടുപിടിച്ച രാഷ്ട്രീയ പോരാട്ടത്തിന്‍റെ നാള്‍വഴികളിലൂടെ ഒന്നുകൂടി കടന്നുപോകാം

US ELECTION


യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണ് 2024ല്‍ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തിനു ശേഷമുള്ള ജോ ബൈഡന്‍റെ പിന്മാറ്റം, റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപിനു നേരെ നടന്ന രണ്ട് വധ ശ്രമങ്ങള്‍, പ്രസിഡന്‍റായി മത്സരിക്കുന്ന ആദ്യ മിശ്ര വംശജയായ വനിതയായി മത്സരരംഗത്തേക്ക് എത്തിയ കമല ഹാരിസ് എന്നിങ്ങനെ നിരവധി അപ്രവചനീയമായ സംഭവവികാസങ്ങള്‍ക്കാണ് ഈ വർഷം യുഎസ് സാക്ഷ്യം വഹിച്ചത്. യുഎസിനെ ചൂടുപിടിപ്പിച്ച രാഷ്ട്രീയ പോരാട്ടത്തിന്‍റെ നാള്‍വഴികളിലൂടെ ഒന്നുകൂടി കടന്നുപോകാം.

1. റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയായി ട്രംപ്

നിരവധി വെല്ലുവിളികള്‍ മറികടന്നാണ് തുടർച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയായി ഡൊണാള്‍ഡ് ട്രംപ് മത്സര രംഗത്തെത്തിയത്. തീവ്ര വലതുപക്ഷക്കാരനായ ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസായിരുന്നു പാർട്ടിക്കുള്ളിലെ ട്രംപിന്‍റെ വെല്ലുവിളി. റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയായി പരക്കെ കരുതിയിരുന്ന വ്യക്തിയാണ് റോൺ ഡിസാൻ്റിസ്. കോർപ്പറേറ്റ് ഭീമനായ റൂപർട്ട് മർഡോക്കിൻ്റെ പിന്തുണ ഉണ്ടായിരുന്നിട്ടും റോൺ ഡിസാൻ്റിസിനു മത്സരത്തില്‍ നിന്നും പിന്മാറി ട്രംപിനെ സ്ഥാനാർഥിയായി അംഗീകരിക്കേണ്ടിവന്നു. മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹേലിയായിരുന്നു ട്രംപിന്‍റെ മറ്റൊരു എതിരാളി. പാർട്ടിക്കുള്ളിലെ ട്രംപ് വിരുദ്ധ വോട്ടുകള്‍ തനിക്ക് അനുകൂലമായി കേന്ദ്രീകരിക്കാന്‍ ഹേലി ശ്രമിച്ചു. ട്രംപിൻ്റെ മാനസിക ക്ഷമതയിലും യുഎസ് ഭരണഘടനയോടുള്ള വിശ്വസ്തതയിലും ഹേലി സംശയം പ്രകടിപ്പിച്ചു. ഇത്തരം ആരോപണങ്ങളിലൂടെ വലിയ തോതില്‍ പിന്തുണ നേടാന്‍ സാധിച്ചെങ്കിലും ഒടുവില്‍ മാർച്ചില്‍ ഹേലിയും സ്ഥാനാർഥിത്വ പോരാട്ടത്തില്‍ നിന്നും പിന്മാറി. അങ്ങനെയാണ് 2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി ട്രംപിനെ റിപ്പബ്ലിക്കന്‍ പാർട്ടി തെരഞ്ഞെടുത്തത് .

2. പ്രസിഡന്‍റ് ബൈഡന്‍റെ സ്ഥാനാർഥിത്വം

യുഎസ് തെരഞ്ഞെടുപ്പുകളില്‍ രണ്ടാം വട്ടവും സ്ഥാനാർഥിയാകാന്‍ ഒരുങ്ങുന്ന പ്രസിഡന്‍റുമാർക്ക് പാർട്ടിക്കുള്ളിലെ മറ്റ് സ്ഥാനാർഥികളേക്കാള്‍ നേരിയ സാധ്യത കല്‍പ്പിക്കാറുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി ജോ ബൈഡന്‍റെ കാര്യത്തിലും അതങ്ങനെതന്നെയായിരുന്നു. പ്രായാധിക്യം ഒരു വെല്ലുവിളിയായി പലരും ചൂണ്ടിക്കാട്ടിയെങ്കിലും ട്രംപിനെ നേരിടാന്‍ ഒരിക്കല്‍ കൂടി ബൈഡനെ നിയോഗിക്കാന്‍ പാർട്ടി പ്രൈമറിയില്‍ തീരുമാനമായി.


Also Read: കുടിയേറ്റം - അമേരിക്കൻ തെരഞ്ഞെടുപ്പിലെ 'ദി ​ഗ്രേറ്റ് ക്വസ്റ്റ്യൻ'



3. ഹഷ്...! കോടതി കയറുന്ന ട്രംപ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആദ്യ ഞെട്ടിക്കുന്ന സംഭവം ഹഷ് മണിക്കേസില്‍ മുൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ജൂറി പ്രഖ്യാപിച്ചതാണ്. ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയെന്ന പേരില്‍, ട്രംപിനെതിരെ ഉയര്‍ന്ന 34 കേസുകളില്‍ അദ്ദേഹം കുറ്റക്കാരനാണെന്നായിരുന്നു ജൂറിയുടെ കണ്ടെത്തല്‍. പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സുമായി നടന്ന പണമിടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ഈ തിരിമറികള്‍. 2006 ല്‍ ട്രംപുമായി ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും 2016ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഇത് പുറത്തു പറയാതെ നിശബ്ദത പാലിക്കുവാന്‍ 130,000 ഡോളര്‍ പണം സ്റ്റോമി ഡാനിയല്‍സിനു നല്‍കിയെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് പിന്നീട് ഹഷ് മണി കേസ് എന്ന് അറിയപ്പെട്ടത്.

അതേസമയം, 2020 തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ട്രംപിന് പിരരക്ഷയുണ്ടായിരിക്കുമെന്ന് യുഎസ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. വിധി പ്രകാരം ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ ട്രംപ് എടുത്ത തീരുമാനങ്ങളില്‍ അദ്ദേഹത്തിനു ഇമ്മ്യൂണിറ്റി ലഭിക്കും. എന്നാല്‍ ഔദ്യോഗിക സ്ഥാനം വഹിക്കാത്ത സമയങ്ങളില്‍ നടത്തിയ പ്രവൃത്തികളില്‍ ഈ പരിരക്ഷ ഉപയോഗിക്കാന്‍ സാധിക്കുകയില്ലെന്നും വിധിയില്‍ പറഞ്ഞിരുന്നു. ട്രംപിനെതിരെ 90ഓളം ക്രിമിനല്‍ കേസുകളാണ് യുഎസിലെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്നത്. തന്ത്രപരമായ സമീപനത്തിലൂടെയാണ് ട്രംപ് ഈ വെല്ലുവിളി മറികടന്നത്. ട്രംപ്  ബുദ്ധിപൂർവം കേസുകള്‍ വൈകിപ്പിച്ചുകൊണ്ടേയിരുന്നു.

4. ബൈഡന്‍റെ 'ജെറ്റ് ലാഗ്' - ആദ്യ തെരഞ്ഞെടുപ്പ് സംവാദം

അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് നിലവിലെ പ്രസിഡൻ്റും മുൻ പ്രസിഡൻ്റും തമ്മില്‍ ഒരു പ്രിസിഡന്‍ഷ്യല്‍ സംവാദം അരങ്ങേറിയത്. ജൂൺ 27 ന് അറ്റ്ലാൻ്റയിൽ വച്ച് നടന്ന ആദ്യ സംവാദം പൂർത്തിയായപ്പോൾ വെളിപ്പെട്ടത് രണ്ടു കാര്യങ്ങളാണ്. പ്രസിഡന്‍റ് ജോ ബൈഡന് പ്രായാധിക്യം മൂലമുള്ള ഓർമക്കുറവ് വര്‍ധിച്ചു. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ യുക്തിയില്ലാത്ത നിലപാടുകളിലും വർധനവുണ്ടായി. ഈ രണ്ട് വെളിപാടുകളും വോട്ടർമാരെയും പാർട്ടികളെയും ഒരുപോലെ ഭയപ്പെടുത്തി. രാജ്യത്തിനു പുറത്തുള്ള  അഭ്യുദയകാംഷികളും ആശങ്ക പ്രകടിപ്പിച്ചു. 

വാക്കുകൾ കിട്ടാതെ പലപ്പോഴും പരിഭ്രമിച്ചും പരതിയുമായിരുന്നു പ്രസിഡന്‍റ് ജോ ബൈഡന്‍റെ സംവാദം. വായിൽ വരുന്നതെന്തും വിളിച്ചു പറഞ്ഞ് പിടിവിട്ടയാളെപ്പോലെയായിരുന്നു ഡൊണാൾഡ് ട്രംപ്. പണപ്പെരുപ്പം വിഷയമാക്കിയാണ് ബൈഡൻ - ട്രംപ് ചർച്ച ആരംഭിച്ചത്. ട്രംപ് സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലെത്തിച്ചെന്നും താൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും മരുന്നുകളുടെ വില കുറയ്ക്കുകയും ചെയ്തുവെന്നും ബൈഡൻ വാദിച്ചു. 'അനധികൃത കുടിയേറ്റക്കാർക്ക്' മാത്രമാണ് അമേരിക്കയിൽ തൊഴിൽ അവസരങ്ങൾ ഉണ്ടായതെന്നായിരുന്നു ട്രംപിൻ്റെ മറുപടി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കൻ സൈന്യത്തിൻ്റെ പിന്മാറ്റത്തെ ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. സംവാദം തീർന്നതോടെ ബൈഡന്‍റെ സ്ഥാനാർഥിത്വത്തില്‍ ആശങ്കകള്‍ വർധിച്ചു.  എന്നാല്‍ തനിക്ക് നീണ്ട യാത്ര മൂലം ജെറ്റ് ലാഗ് സംഭവിച്ചതാണ് സംവാദത്തിലെ പ്രകടനത്തെ ബാധിച്ചതെന്നായിരുന്നു ബൈഡന്‍ തീർത്ത പ്രതിരോധം. എന്നാല്‍ കാര്യങ്ങള്‍ എല്ലാവർക്കും വ്യക്തമായിരുന്നു. 


5. ട്രംപിനു നേരെ വധശ്രമം

പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ നടന്ന റിപ്പബ്ലിക്കന്‍ പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാള്‍ഡ് ട്രംപിനു നേരെ വെടിവെപ്പുണ്ടായി. ആക്രമണത്തില്‍ ട്രംപിന്‍റെ വലതു ചെവിക്ക് വെടിയേറ്റു. വെടിവെച്ച തോമസ് മാത്യൂ ക്രൂക്സ് എന്ന 20കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തി. പ്രചരണ റാലിയിലുണ്ടായ ആക്രമണത്തില്‍ കടുത്ത സുരക്ഷവീഴ്ചയുണ്ടായെന്ന് റിപ്പബ്ലിക്കന്‍ പാർട്ടി ആരോപിച്ചു. ഇത് ബൈഡന്‍ ഭരണകൂടത്തെ പ്രതിരോധത്തിലാക്കി. വർധിത വീര്യത്തോടെയാണ് ട്രംപ് പിന്നീട് പ്രചാരണത്തിലേക്ക് തിരികെ എത്തിയത്.

കൊല്ലപ്പെട്ട തോമസ് ക്രൂക്സിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. പെൻസിൽവാനിയയിൽ റിപ്പബ്ലിക്കൻ വോട്ടറായി രജിസ്റ്റർ ചെയ്തതായി രേഖകള്‍ കാണിക്കുമ്പോഴും, 2021 ജനുവരി 20-ന് ഡെമോക്രാറ്റിക് പാർട്ടി ഫണ്ടിലേക്ക് ഇയാള്‍ 15 ഡോളർ സംഭാവന ചെയ്തതായും കണ്ടെത്തി. ഇയാളുടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ ചായ്‌വ് വ്യക്തമാകുന്ന പോസ്റ്റുകളോ തെളിവുകളോ കണ്ടെത്താനായില്ല. ചെവിയിലെ മുറിവില്‍ നിന്നും ചോരയൊലിക്കുമ്പോഴും മുഷ്ടി ചുരുട്ടി അണികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് പെന്‍സില്‍വാനിയയിലെ വേദി വിട്ടത്.


6. ബൈഡന്‍റെ പിന്മാറ്റം

ജൂലായ് 21 ന് , പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റായ ജോ ബൈഡന് തന്‍റെ നാവുപിഴകളാണ് വിനയായത്. പൊതു വേദികളില്‍ പ്രധാനപ്പെട്ട വ്യക്തികളുടെ പേരുകൾ പതിവായി തെറ്റിപ്പോകുന്നതും അവ്യക്തമായ പരാമർശങ്ങളും ബൈഡന്‍റെ മാനസിക സ്ഥിരതയില്‍ സംശയങ്ങള്‍ ഉയർത്തി. ജൂണ്‍ 27ന് അറ്റ്ലാന്‍റയില്‍ നടന്ന ആദ്യ സംവാദത്തില്‍ ട്രംപിനെതിരായ ശോചനീയമായ പ്രകടനം കൂടിയായപ്പോള്‍ ആ ആശങ്ക പാർട്ടിക്കുള്ളില്‍ തന്നെ വർദ്ധിച്ചു. പരിഭ്രാന്തരായ നിയമനിർമാതാക്കൾ, ഫണ്ട് ദാതാക്കൾ, ആക്ടിവിസ്റ്റുകൾ, വോട്ടർമാർ എന്നിവരിൽ നിന്നുള്ള സമ്മർദ്ദവും ബൈഡനുണ്ടായിരുന്നു. 

7. കമല വരുന്നു

വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചശേഷമായിരുന്നു ജോ ബൈഡന്‍റെ പിന്മാറ്റം. തുടർന്ന്, ഓഗസ്റ്റ് 19ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വെന്‍ഷനില്‍ കമലയെ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ ഒരു വനിതാ നേതാവ് പ്രസിഡന്റ് ആയിട്ടില്ല. അതുകൊണ്ട് തന്നെ കമലയുടെ സ്ഥാനാർഥിത്വത്തിനു അത്തരത്തിലൊരു മാനം കൂടി വന്നു.

നാലുവര്‍ഷം മുന്‍പുവരെ വൈസ് പ്രസിഡന്‍റിന്‍റെ കാര്യത്തിലും സമാനമായിരുന്നു സ്ഥിതി. എന്നാല്‍, 2020ല്‍ കമലയിലൂടെയാണ് അതിനൊരു മാറ്റം വന്നത്. രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ ഇന്ത്യന്‍ വംശജ, കറുത്തവര്‍ഗക്കാരി എന്നിങ്ങനെ പുതിയ ചരിത്രം സൃഷ്ടിച്ചായിരുന്നു വൈസ് പ്രസിഡന്‍റായുള്ള  കമലയുടെ സ്ഥാനാരോഹണം.

സ്ഥാനാർഥിത്വത്തിനു പിന്നാലെ കമലയെ പരാജയപ്പെടുത്തുന്നത് ബൈഡനെ പരാജയപ്പെടുത്തുന്നതിനേക്കാൾ എളുപ്പമെന്നായിരുന്നു ട്രംപിന്‍റെ പരിഹാസം. എന്നാല്‍, ട്രംപിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും പരാജയപ്പെടുത്താൻ ഏതറ്റം വരെയും പോകുമെന്നും, ഇതിനായി രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് തൻ്റെ ലക്ഷ്യമെന്നും കമല തിരിച്ചടിച്ചു. വരും ദിവസങ്ങളിലെ കടുത്ത പോരാട്ടത്തിലേക്കുള്ള ആമുഖം മാത്രമായിരുന്നു അത്.


8.  'ക്യാറ്റ് ലേഡി' പരാമർശത്തില്‍ കുടുങ്ങിയ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി

2016ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങള്‍ അഴിച്ചുവിട്ട ഒഹായോയിൽ നിന്നുള്ള സെനറ്റർ ജെ.ഡി. വാന്‍സിനെയാണ് റിപ്പബ്ലിക്കന്‍ പാർട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഒരിക്കല്‍, 'ട്രംപ് അനുകൂലിയാവില്ല' എന്ന് പ്രഖ്യാപിച്ച വാന്‍സ് 'അമേരിക്കയുടെ ഹിറ്റ്ലർ' എന്നാണ് ട്രംപിനെ വിശേഷിപ്പിച്ചിരുന്നത്. വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ ഒട്ടും പുറകിലായിരുന്നില്ല വാന്‍സ്. 'കുട്ടികളില്ലാത്ത ക്യാറ്റ് ലേഡികളുടെ കൂട്ടം' എന്ന ഡെമോക്രാറ്റുകളെ, പ്രത്യേകിച്ചും കമലയെ ലക്ഷ്യം വെച്ചുള്ള വാന്‍സിന്‍റെ പരാമർശം വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

മറുവശത്ത്, മിനസോട്ട ഗവർണർ ടിം വാൾസിനെയാണ് വൈസ് പ്രസിഡന്‍റായി മത്സരിക്കാനായി കമല തെരഞ്ഞെടുത്തത്. നെബ്രാസ്ക സ്വദേശിയും അധ്യാപകനും ഹൈസ്കൂൾ ഫുട്ബോൾ പരിശീലകനുമായിരുന്ന ടിം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് 24 വർഷം നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്നു.

9. ഇലോണ്‍ മസ്ക്-  കോടീശ്വരനായ ട്രംപിന്‍റെ സുഹൃത്ത്

ഡോണാള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭീമമായ തുകയാണ് ടെസ്ല സ്ഥാപകനും മള്‍ട്ടി ബില്യണറുമായ ഇലോണ്‍ മസ്ക് ചെലവഴിച്ചത്. മൂന്ന് മാസത്തില്‍ 75 മില്ല്യണ്‍ ഡോളറാണ് മസ്ക് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിക്കായി മുടക്കിയത്. അമേരിക്ക പിഎസി എന്ന 'സൂപ്പർ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി' മുഖാന്തരം ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനാണ് പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പില്‍ നിർണായകമായ ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റുകളില്‍ അമേരിക്ക പിഎസി, ജൂലൈ മുതല്‍ സെപ്റ്റംബർ വരെ മസ്ക് നല്‍കിയ തുകയില്‍ 75 മില്ല്യണ്‍ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന് അനുകൂലമായി പ്രവർത്തിക്കുന്ന മറ്റ് സൂപ്പർ പിഎസികളേക്കാള്‍ കൂടുതല്‍ തുകയാണ് മസ്ക് അമേരിക്ക പിഎസി വഴി ചെലവഴിച്ചിരിക്കുന്നത്.

ട്രംപിനെ പിന്തുണയ്ക്കുന്ന നിവേദനത്തിൽ ഒപ്പുവെക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവും പത്തു ലക്ഷം ഡോളർ നൽകുമെന്ന വാഗ്ദാനവും മസ്ക് വോട്ടർമാർക്ക് മുന്നില്‍വച്ചു. ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലായിരുന്നു മസ്കിൻ്റെ ഈ പരാമർശം.


10. രണ്ടാം സംവാദം - കമലയ്ക്കു മുന്നില്‍ പതറിയ ട്രംപ്

സെപ്റ്റംബർ 11-ന് ഫിലാഡല്‍ഫിയില്‍ നടന്ന 90 മിനിറ്റ് നീണ്ട എബിസി ന്യൂസ് സംവാദത്തില്‍ ട്രംപിനെ ഉത്തരം മുട്ടിക്കാന്‍ കമലയ്ക്ക് സാധിച്ചു. വ്യക്തിപരമായ ആരോപണങ്ങള്‍ കൊണ്ട് ട്രംപിനെ കമല പ്രതിരോധത്തിലാക്കുകയായിരുന്നു. 2021 ജനുവരി 6ന് നടന്ന യുഎസ് കാപ്പിറ്റോള്‍ കലാപ സമയത്തെ പ്രതികരണങ്ങളും റിപ്പബ്ലിക്കന്‍ റാലികളിലെ ജനപങ്കാളിത്തക്കുറവും ഉള്‍പ്പെടെ വ്യത്യസ്ത വിഷയങ്ങളില്‍ ട്രംപിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ഫിലാഡല്‍ഫിയയിലെ സംവാദം കഴിഞ്ഞ ഉടനെ തന്നെ മറ്റൊന്നിനായി കമല ട്രംപിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഇപ്പോഴുള്ള വൈസ് പ്രസിഡന്‍റ് പദവിയില്‍ ശ്രദ്ധിക്കാനായിരുന്നു ട്രംപ് നല്‍കിയ മറുപടി. സംവാദത്തിനു ശേഷം നടന്ന സർവേകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കമലയ്ക്ക് സാധിച്ചു.


11. താരങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിയപ്പോള്‍ ഏറ്റവും കൂടുതൽ റെക്കോർഡുകള്‍ വിറ്റഴിക്കപ്പെടുന്ന പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റാണ് കമലയ്ക്കായി രംഗത്തെത്തിയത്. സംശയം ലേശം പോലുമില്ലാതെ "ഞാൻ കമലയ്‌ക്കൊപ്പം" എന്ന് ടെയ്‌ലർ സ്വിഫ്റ്റ് പ്രഖ്യാപിച്ചു. കമല- ട്രംപ് സംവാദം അവസാനിച്ച് നിമിഷങ്ങള്‍ക്ക് ശേഷം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കമലയ്ക്കുള്ള പിന്തുണ സ്വിഫ്റ്റ് അറിയിച്ചത്. പോസ്റ്റിൽ, ടെയ്‌ലർ സ്വിഫ്റ്റ് ആരാധകരോട് കമലയ്ക്ക് വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തു. "കുട്ടികളില്ലാത്ത ക്യാറ്റ് ലേഡി" എന്നാണ് പോസ്റ്റില്‍ സ്വിഫ്റ്റ് സ്വയം അഭിസംബോധന ചെയ്തത്.  ജെ.ഡി. വാന്‍സിനുള്ള വിമർശനമായിരുന്നു ഇത്.

ടെയ്‌ലർ സ്വിഫ്റ്റിനു പിന്നാലെ എമിനം, ബിയോണ്‍‌സെ, ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡി നീറോ, ലിയണാര്‍ഡോ ഡികാപ്രിയോ, ജൂലിയ റോബേര്‍ട്ട്‌സ്, ജോര്‍ജ് ക്ലൂണീ, ജെന്നിഫര്‍ ലോറന്‍സ്, അവഞ്ചേഴ്സ് താരങ്ങളായ റോബര്‍ട്ട് ഡൗണി ജൂനിയര്‍, നടാഷ, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, ക്രിസ് ഇവാന്‍സ്, മാര്‍ക്ക് റഫല്ലോ, ഡോണ്‍ ചെഡ്ല്‍, ഡനായി ഗറിറ, പോള്‍ ബാറ്റണി,  കായിക താരം ലെബ്രോൺ ജെയിംസ് എന്നിവരും കമലയെ പിന്തുണച്ച് രംഗത്തെത്തി. ഹൾക്ക് ഹോഗൻ, ഡോ ഫിൽ, കിഡ് റോക്ക് എന്നിവരാണ് ട്രംപിന് പിന്തുണ അറിയിച്ച പ്രമുഖർ.


Also Read: അവഞ്ചേഴ്‌സ് അസംബിള്‍ഡ് ഫോര്‍ കമല; യുഎസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് മാര്‍വെല്‍ താരങ്ങളുമെത്തുമ്പോള്‍


12. മാഡിസണ്‍ സ്ക്വയറിലെ 'വിദ്വേഷ' റാലി  

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന റിപ്പബ്ലിക്കന്‍ പാർട്ടിയുടെ മാഡിസണ്‍ സ്‌ക്വയർ റാലി വംശീയ-സ്ത്രീ വിരുദ്ധ പരാമർശങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. കൊമേഡിയൻ ടോണി ഹിൻക്ലിഫ്, പ്രമുഖ ന്യൂസ് അവതാരകൻ ടക്കർ കാൾസൺ എന്നിവരുടെ പരാമർശങ്ങള്‍ വലിയ തോതിൽ വിമർശിക്കപ്പെട്ടു. അപകടം തിരിച്ചറിഞ്ഞ് പരാമർശങ്ങളെ തള്ളി റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തിയെങ്കിലും അപ്പോഴേക്കും ഇന്‍റർനെറ്റ് വിഷയം ഏറ്റെടുത്തിരുന്നു.

യുഎസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതി ആരംഭിക്കുമെന്നാണ് ട്രംപ് റാലിയില്‍ പ്രസംഗിച്ചത്. കൂടാതെ, രാജ്യത്ത് ജനിക്കുന്ന യുഎസ് ഇതര പൗരരുടെ കുഞ്ഞുങ്ങൾക്ക് പൗരത്വം ലഭിക്കുന്ന നിയമം റദ്ദാക്കുമെന്നും ട്രംപ് പറഞ്ഞു. 'ലാറ്റിൻ അമേരിക്കക്കാർ കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നു' എന്നായിരുന്നു ഹിഞ്ച്ക്ലിഫിന്‍റെ അധിക്ഷേപം. പ്യൂർട്ടോ റിക്കോയെ 'മാലിന്യങ്ങൾ പൊങ്ങിക്കിടക്കുന്ന ദ്വീപ്' എന്നും ഹിഞ്ച്ക്ലിഫ് അപഹസിച്ചു. ടക്കർ കാൾസൺ കമലയ്‌ക്കെതിരെ വ്യക്തി അധിക്ഷേപവും ചൊരിഞ്ഞു. ട്രംപിന്‍റെ പ്രചാരണത്തിലെ ട്രാജിക് മൊമന്‍റ് ആയിരുന്നു ഇത്. അല്ലെങ്കില്‍ ട്രംപിന്‍റെ നയങ്ങളുടെ ആകെത്തുക.

13. നാടകീയം, അവസാന പ്രകടനം 

പ്രതീക്ഷയോടെ പ്രകാശിച്ചു നിന്ന വൈറ്റ് ഹൗസിന്‍റെ പശ്ചാത്തലത്തിലായിരുന്നു വാഷിംഗ്ടൺ ഡിസിയിൽ 75,000-ത്തിലധികം ആളുകള്‍ പങ്കെടുത്ത കമല ഹാരിസിന്‍റെ അവസാന റാലി. ട്രംപിനെ 'മറ്റൊരു ചെറിയ സ്വേച്ഛാധിപതി' എന്ന് വിശേഷിപ്പിച്ച കമല നാല് വർഷം മുമ്പ് യുഎസ് ക്യാപിറ്റോളിൽ അതിക്രമിച്ചു കയറാന്‍ ജനക്കൂട്ടത്തെ ട്രംപ് ഉത്തേജിപ്പിച്ചു എന്ന് ആരോപിച്ചു.

അതേസമയം, ശുചീകരണ തൊഴിലാളിയുടെ വേഷത്തില്‍ മാലിന്യ ട്രക്കിലാണ് വിസ്കോൺസിനിലെ റാലിയില്‍ ട്രംപ് രംഗ പ്രവേശനം ചെയ്തത്. ട്രംപിനു വോട്ട് ചെയ്യുന്നവർ മാലിന്യങ്ങളാണെന്ന ജോ ബൈഡന്‍റെ പ്രസ്താവനയോടുള്ള പ്രതികരണമായായിരുന്നു നാടകീയ രംഗ പ്രവേശനം. മാഡിസണ്‍ സ്ക്വയർ റാലിയിലെ 'പ്യൂർട്ടോ റിക്കോ' പരാമർശത്തെ വിമർശിച്ചായിരുന്നു ജോ ബൈഡന്‍റെ 'മാലി' പ്രസ്താവന. അവസാന റാലിയില്‍ തന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ട്രംപ് ഒന്നുകൂടി തറിപ്പിച്ചു പറഞ്ഞു.


സംഭവ ബഹുലമായ യുഎസ് തെരഞ്ഞെടുപ്പിന്‍റെ സുപ്രധാന ഘട്ടം ഇന്ന് അവസാനിക്കും.  പോപ്പുലർ വോട്ടുകള്‍ യുഎസ് പ്രസിഡന്‍റിനെ നിർണയിക്കില്ലായിരിക്കാം. എന്നാല്‍, കഴിഞ്ഞ നാളുകളില്‍ ഇരു സ്ഥാനാർഥികളും അവതരിപ്പിച്ച കുടിയേറ്റം, ഗർഭഛിദ്രമടക്കമുള്ള വിഷയങ്ങളിലെ നയങ്ങളോട് ആ ജനത എങ്ങനെയാണ് പ്രതികരിക്കുക എന്ന് വോട്ടിങ് പാറ്റേണുകള്‍ വെളിപ്പെടുത്തും. അമേരിക്കയിലെ ഭൂരിപക്ഷ ചിന്താഗതികള്‍ യാഥാസ്ഥിതികമോ പുരോഗമനപരമോ എന്ന് അറിയാന്‍ ഇനി അധിക നേരമില്ല. അപ്പോഴും റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായ ട്രംപിനെ ചുറ്റിപ്പറ്റിയാണ് ജനാധിപത്യ വിശ്വാസികളുടെ ആശങ്കകള്‍. പരാജയപ്പെട്ടാല്‍ ട്രംപും അനുകൂലികളും  2020ന് സമാനമായ സാഹചര്യം ആവർത്തിക്കുമോ എന്നത് വലിയ ഒരു ചോദ്യ ചിഹ്നത്തില്‍ തടഞ്ഞ് നില്‍ക്കുകയാണ്. 



Also Read
user
Share This

Popular

KERALA
KERALA
ബിസിഎ ചോദ്യപേപ്പര്‍ ചോര്‍ച്ച; പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍