പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സീമ ഹൈദര്‍ ഉത്തര്‍പ്രദേശ് സ്വദേശി സച്ചിന്‍ മീണയുമായി ഓൺലൈൻ ഗെയിമിലൂടെയാണ് പ്രണയത്തിലായത്
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന നിര്‍ദേശം വന്നതോടെ ആശങ്കയിലായിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍. 2023 ല്‍ പാകിസ്ഥാനില്‍ നിന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ച് നാല് കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ വാര്‍ത്ത വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.
പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സീമ ഹൈദര്‍ ഉത്തര്‍പ്രദേശ് സ്വദേശി സച്ചിന്‍ മീണയുമായി ഓണ്‍ലൈനിലൂടെ പ്രണയത്തിലായിരുന്നു. സച്ചിനെ വിവാഹം ചെയ്യാനാണ് നേപ്പാള്‍ വഴി അനധികൃതമായി സീമ കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് സച്ചിനെ വിവാഹം ചെയ്ത സീമ കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന അറിയിപ്പ് ലഭിച്ചതോടെ, തന്നെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സീമ. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സീമയുടെ അഭ്യര്‍ത്ഥന.
തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ട. മോദിയും യോഗിയും ഇന്ത്യയില്‍ തുടരാന്‍ തന്നെ അനുവദിക്കണം. പാകിസ്ഥാന്റെ മകളായ താന്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. ഇന്ത്യയില്‍ അഭയാര്‍ത്ഥിയാണെന്നും സീമ പറയുന്നു.
സീമ പാകിസ്ഥാന്‍ പൗരന്‍ അല്ലെന്നും ഇന്ത്യയില്‍ അവര്‍ക്ക് തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ മീണയെയാണ് സീമ വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ ബന്ധത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു.
2023 മെയിലാണ് സീമ കറാച്ചിയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. 2019 മുതല്‍ സച്ചിന്‍ മീണയുമായി പ്രണയത്തിലായിരുന്നുവെന്നും ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നുമാണ് മീണ അധികൃതരെ അറിയിച്ചത്. നിലവില്‍ ഗ്രേറ്റര്‍ നോയിഡയില്‍ സച്ചിന്‍ മീണയ്ക്കും കുട്ടികള്‍ക്കുമൊപ്പം കഴിയുകയാണ് സീമ. സച്ചിനെ വിവാഹം ചെയ്യാന്‍ സീമ മതംമാറുകയും ചെയ്തിരുന്നു.