വിഷയത്തിൽ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ പറഞ്ഞു
കണ്ണൂർ കളക്ടർ അരുൺ കെ. വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻധാരണയോടുള്ള പ്രസ്താവനകൾ ഒഴിവാക്കണം. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ വാർത്തകുറിപ്പിൽ വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണം ദുഃഖകരമാണ്. വിഷയത്തിൽ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനാവശ്യമായ സഹായങ്ങൾ കളക്ടർ നൽകുന്നുണ്ട്. അതിനാൽ അരുണിനെതിരെയുള്ള വ്യക്തിപരമായ അതിക്രമങ്ങൾ പാടില്ല എന്നും വാർത്തകുറിപ്പിലൂടെ ഐഎഎസ് അസോസിയേഷൻ വ്യക്തമാക്കി. അരുൺ കെ. വിജയനെതിരെ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി
അതേസമയം, കേസിൽ പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. തലശേരി സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വാദത്തിനിടെ പൊലീസിനെ വിമർശിച്ചിട്ടില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കാത്തതിനെയാണ് കുറ്റപ്പെടുത്തിയത് എന്നും അഭിഭാഷകൻ വ്യക്തമാക്കി.
വാദത്തിനിടെ നവീൻ കുമാർ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാൻ പി.പി. ദിവ്യ തെളിവ് നിരത്തി. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയെന്ന് പി.പി. ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു. എഡിഎം വിളിച്ച് പള്ളിക്കുന്നിലേക്ക് വരാൻ ആവശ്യപ്പെട്ടെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും കണ്ടെന്നതിന് തെളിവുണ്ടെന്നും, ഇരുവരും കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കി വാദിച്ചു.
കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നും ഇതിൻ്റെ ദൃശ്യങ്ങൾ കെടിഡിസിയുടെ ഹോട്ടലിൽ നിന്ന് ശേഖരിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്.
19ാം വയസിൽ സർവീസിൽ പ്രവേശിച്ച നവീൻ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഉണ്ടായിട്ടേയില്ല. ആരോപണം ഉയർന്ന കണ്ണൂരിലെ ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.