ബംഗ്ലാദേശിനെതിരെ ഒരു ഇന്ത്യക്കാരന്റെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോർഡും ഇപ്പോള്‍ ഈ മലയാളി താരത്തിന്‍റെ പേരിലാണ്
ബംഗ്ലാദേശിനെതിരായ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറി സ്വന്തമാക്കി സഞ്ജു സാംസണ്‍. അതും ടി20 ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരൻ്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി. 40 പന്തില്‍ 8 സിക്സിന്‍റെയും 9 ഫോറിന്‍റെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിന്‍റെ നേട്ടം. ബംഗ്ലാദേശിനെതിരേ ഇന്ത്യക്കാരന്റെ വേതയേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോർഡും ഇപ്പോള്‍ ഈ മലയാളി താരത്തിന്‍റെ പേരിലാണ്.
തുടക്കം മുതല്‍ തന്നെ നല്ല ഫോമിലായിരുന്ന സഞ്ജു 22 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്‍റെ ഫിഫ്റ്റി. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വിപരീതമായി തുടക്കത്തിലെ ആവേശം അണയാതെ കൊണ്ടുപോകാന്‍ സഞ്ജുവിനു സാധിച്ചു. പേസർ എന്നോ സ്പിന്നറെന്നോ ഭേദമില്ലാതെ എല്ലാവരേയും സഞ്ജു കണക്കിനു കടന്നാക്രമിച്ചു. നിർണായക മത്സരത്തില്‍ വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് സഞ്ജു സാംസണ്‍.
Also Read: "സഞ്ജു ടീം ഇന്ത്യയുടെ പ്രധാന മിഷൻ്റെ ഭാഗം"; നിർണായക വെളിപ്പെടുത്തലുമായി അസിസ്റ്റൻ്റ് കോച്ച്
ആദ്യ മത്സരത്തില്‍ 29 റണ്‍സിനും രണ്ടാം മത്സരത്തില്‍ 10 റണ്‍സിനും പുറത്തായ സഞ്ജുവിന് ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്നൊരു ഓപ്ഷന്‍ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സ്പിന്നർ മെഹെദി ഹസനെയാണ് ബംഗ്ലാദേശ് ഇറക്കിയത്. എന്നാല്‍ അമിതാവേശം കാണിക്കാതെ സഞ്ജു നിലയുറപ്പിച്ചു. ശ്രദ്ധയോടെ കളിച്ച സഞ്ജു പതിയെ അക്രമകാരിയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മിന്നല്‍ വേഗത്തില്‍ ഫിഫ്റ്റി. ആരാധകരെ അധികം കാത്തിരിപ്പിക്കാതെ സെഞ്ച്വറിയും. ടസ്‌കിന്‍ അഹമ്മദിനേയും മുസ്തഫിസുര്‍ റഹ്‌മാനേയും ഉള്‍പ്പെടെയുളള ബംഗ്ലാദേശ് ബൗളര്‍മാർ സഞ്ജുവിന്‍റെ മാസിനും ക്ലാസിനും ഒരുപോലെ സാക്ഷിയായി.
സീനിയർ പേസറായ ടസ്‌കിന്‍ അഹമ്മദിനെ രണ്ടാം ഓവറില്‍ നാലു തവണയാണ് സഞ്ജു ബൗണ്ടറി കടത്തിയത്. അടിമുടി ആത്മവിശ്വാസം പ്രകടിപ്പിച്ച സഞ്ജു 111(47) റണ്‍സുമായാണ് കളം വിട്ടത്. മെഹെദി ഹസന്‍റെ പന്തില്‍ മുസ്തഫിസുര്‍ റഹ്‌മാന് കാച്ച് നല്‍കി വിക്കറ്റായി മടങ്ങുമ്പോള്‍ സഞ്ജു തൻ്റെ അക്കൗണ്ടിലേക്ക് 11 ഫോറും 8 സിക്സും ചേർത്തിരുന്നു. 236.17 സ്ട്രൈക്ക് റേറ്റും.