fbwpx
'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ട്രൂഡോ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നു'; നിജ്ജാർ വധത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണർക്ക് പങ്കുണ്ടെന്ന കാനഡയുടെ വാദം തള്ളി ഇന്ത്യ
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Oct, 2024 06:43 PM

2023 ജൂൺ 18നാണ് സർറേയിലെ ഗുരുദ്വാരക്ക് പുറത്ത് കാനഡ പൗരനായ നിജ്ജാർ വെടിയേറ്റു മരിച്ചത്

WORLD


ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണർക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. നജ്ജാർ വധത്തെ കുറിച്ച് കഴിഞ്ഞ ദിവസം കാനഡ ആയച്ച കത്തിനു മറുപടിയായാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജസ്റ്റിന്‍ ട്രൂഡോ സർക്കാർ ഇന്ത്യാ വിരുദ്ധ അജണ്ടകള്‍ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയെയും മറ്റ് നയതന്ത്രജ്ഞരെയും സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി കാനഡയിൽ നിന്നുള്ള നയതന്ത്ര ആശയവിനിമയം കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രാലയത്തിനു ലഭിച്ചത്. കത്തിലെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഇന്ത്യ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള ട്രൂഡോയുടെ രാഷ്ട്രീയ നീക്കത്തെ കുറ്റപ്പെടുത്തി.

2023 സെപ്റ്റംബറിലാണ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആദ്യമായി ആരോപിക്കുന്നത്. ഇന്ത്യ ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു. വിഘടനവാദികള്‍ക്കും തീവ്രനിലപാടുകള്‍ വെച്ചുപുലർത്തുന്നവർക്കും കാനഡ അഭയം നല്‍കുന്നുവെന്ന് ഇന്ത്യ വിമർശിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം സുഖകരമല്ല.  അന്ന് ട്രൂഡോ നടത്തിയ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ നല്‍കാന്‍ ഇന്ത്യന്‍ സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കാനഡ അതൊന്നും പരിഗണിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

Also Read: മധ്യ ഗാസയിലെ അൽ-അഖ്‌സ ആശുപത്രിക്ക് സമീപം വ്യോമാക്രമണം; നാലു മരണം

"അന്വേഷണത്തിൻ്റെ മറവിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ തന്ത്രമാണ് ഇവിടെ നടക്കുന്നതെന്ന കാര്യം ഒട്ടും സംശയമില്ലാതെ തെളിഞ്ഞിരിക്കുന്നു, പ്രസ്താവനയില്‍‌ പറയുന്നു.

ട്രൂഡോയുടെ ക്യാബിനറ്റില്‍ ഇന്ത്യാ വിരുദ്ധ വിഘടനവാദികളുണ്ടെന്നും അവരെ ആശ്രയിച്ചാണ് കനേഡിയന്‍ പ്രധാനമന്ത്രി ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും ഇന്ത്യ ആരോപിച്ചു. കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്ങിനെ ലക്ഷ്യമാക്കിയാണ് ഈ ആരോപണം.

Also Read: 500 വർഷം നീണ്ടു നിന്ന നിഗൂഢത; കൊളംബസ് ജൂതൻ ആയിരുന്നെന്ന് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തി ശാസ്ത്രജ്ഞർ

ഇന്ത്യന്‍ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയ്‌ക്കെതിരെ ഇപ്പോള്‍ കാനഡ നടത്തുന്ന അധിക്ഷേപങ്ങള്‍ പരിഹാസ്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനുള്ള കനഡ സർക്കാരിന്‍റെ പുത്തന്‍ ശ്രമങ്ങള്‍ക്കെതിരെ തുടർനടപടികൾ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും പ്രസ്താവന കൂട്ടിച്ചേർക്കുന്നു.

2023 ജൂൺ 18നാണ് സർറേയിലെ ഗുരുദ്വാരക്ക് പുറത്ത് കാനഡ പൗരനായ നിജ്ജാർ വെടിയേറ്റു മരിച്ചത്. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് കാനഡ സാക്ഷിയായത്.


Also Read
user
Share This

Popular

KERALA
KERALA
മാഞ്ഞാലി SNGIST കോളേജ് വിദ്യാർഥികള്‍ക്ക് താല്‍ക്കാലിക ആശ്വാസം; മൂന്നു മാസത്തേക്കു ജപ്തി ഉണ്ടാകില്ലെന്ന് മാനേജ്‌മെന്‍റ്