തുടർച്ചയായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയെ നാണം കെടുത്തി കീവീസ് പടയുടെ ജൈത്രയാത്ര. ശ്രീലങ്കയിൽ 2-0ൻ്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയെത്തിയ ന്യൂസിലൻഡ് അതേ മാർജിനിലാണ് ഇന്ത്യയെ വീഴ്ത്തി പരമ്പര വിജയം നേടിയത്. 113 റണ്‍സിനാണ് കിവീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 359 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 245 റണ്‍സിന് പുറത്തായി.
67 വർഷത്തിനിടയിൽ ഇന്ത്യയിൽ ന്യൂസിലൻഡിൻ്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഹോം ഗ്രൗണ്ടിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ ആദ്യമായാണ് ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ച്, ഇന്ത്യൻ മണ്ണിൽ കഴിഞ്ഞ 36 വർഷക്കാലത്തിനിടയിലെ ആദ്യ ജയം ന്യൂസിലൻഡ് സ്വന്തമാക്കിയിരുന്നു. 2012ന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമാകുന്നത്. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയത് (2-1). 2013ന് ശേഷം തുടർച്ചയായി 18 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നേടിയിട്ടുള്ളത്.
നേരത്തെ യശസ്വി ജെയ്സ്വാളിൻ്റെ വെടിക്കെട്ട് തുടക്കം മുതലാക്കാനാകാതെയാണ് കീവീസ് പടയ്‌ക്കെതിരെ ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞത്. ജെയ്സ്വാൾ (77), ശുഭ്മാൻ ഗിൽ (23), വിരാട് കോഹ്ലി (17), വാഷിങ്ടൺ സുന്ദർ (21) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്.
ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റുമായി ഇന്ത്യയുടെ അന്തകനായ മിച്ചെൽ സാൻ്റ്നർ, രണ്ടാമിന്നിങ്സിലും ആറ് വിക്കറ്റുമായി ഇന്ത്യൻ മുൻനിരയെ എറിഞ്ഞിടുന്ന കാഴ്ചയാണ് പൂനെയിൽ കണ്ടത്. 13 വിക്കറ്റുകളാണ് കീവീസ് സ്പിന്നർ പോക്കറ്റിലാക്കിയത്. സാൻ്റ്നറാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇത് സാൻ്റ്നറുടെ ആദ്യത്തെ 10 വിക്കറ്റ് പ്രകടനമാണ്. മത്സരത്തിലെ രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ മിച്ചെൽ സാൻ്റ്നറാണ് ഇന്ത്യയെ തകർത്തത്. നേരത്തെ ഡാനിയൽ വെറ്റോറി മാത്രമാണ് ഇന്ത്യക്കെതിരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് തവണ വെറ്റോറി ഇന്ത്യക്കെതിരെ രണ്ടിന്നിങ്സിലും അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ഇതിന് മുമ്പ് ഇന്ത്യക്കെതിരെ ടെസ്റ്റിലെ രണ്ടിന്നിങ്സിലും 6 വീതം വിക്കറ്റെടുത്തത് ഓസ്ട്രേലിയൻ സ്പിന്നറായ സ്റ്റീവ് ഒക്കീഫ് മാത്രമാണ്. ഹോം ഗ്രൗണ്ടിൽ നായകൻ രോഹിത് ശർമയ്ക്ക് കീഴിൽ ഇന്ത്യ 15 മത്സരങ്ങൾ കളിച്ചപ്പോൾ നേരിടുന്ന നാലാമത്തെ ടെസ്റ്റ് പരാജയമാണിത്.
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൻറെ മൂന്നാം ദിനം ഇന്ത്യക്ക് മുന്നിൽ 359 റൺസിൻ്റെ വിജയലക്ഷ്യമാണ് കീവീസ് പട ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ 255 റൺസിൽ ന്യൂസിലൻഡ് ഓൾഔട്ടാവുകയായിരുന്നു. ഹോം ഗ്രൗണ്ടിൽ ഇതിന് മുമ്പ് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ 300 റൺസിന് മുകളിൽ ചേസ് ചെയ്തു ഒരിക്കൽ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായിട്ടുള്ളത്. അത് 2008ൽ ചെന്നൈയിൽ ഇംഗ്ലണ്ട് ഉയർത്തിയ 387 റൺസിൻ്റെ വെല്ലുവിളി മറികടന്നായിരുന്നു.
നാലാം ഇന്നിങ്സിൽ 300ന് മുകളിലുള്ള സ്കോർ ഇന്ത്യ ചേസ് ചെയ്യാൻ ശ്രമിച്ചിട്ടുള്ളത് 26 തവണയാണ്. അതിൽ 14 ടെസ്റ്റ് മത്സരങ്ങൾ തോൽക്കുകയും 9 മത്സരങ്ങൾ സമനിലയിലാകുകയും ചെയ്തു. ഒരു മത്സരം ടൈ ആയി മാറി. കണക്കുകൾ ഇങ്ങനെയാണെന്നിരിക്കെ ഇന്ത്യക്ക് മുന്നിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് ഫൈനലെന്ന സ്വപ്നത്തിന് മങ്ങലേൽക്കാനുള്ള സാധ്യതകളേറെയാണ്.
ആദ്യ ഇന്നിങ്സിൽ സന്ദർശകരുടെ ഏഴ് വിക്കറ്റുകൾ പിഴുതെടുത്ത വാഷിങ്ടൺ സുന്ദർ തന്നെയാണ് രണ്ടാം ഇന്നിങ്സിലും നാലു വിക്കറ്റുകളുമായി തിളങ്ങിയത്. 19 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സുന്ദർ വീണ്ടും കീവീസ് പടയുടെ അന്തകനായത്. മൂന്ന് വിക്കറ്റുമായി രവീന്ദ്ര ജഡേജയും തിളങ്ങി. ന്യൂസിലൻഡ് നായകൻ ടോം ലഥാം (86), ഗ്ലെൻ ഫിലിപ്സ് (48), ടോം ബ്ലണ്ടൽ (41) എന്നിവരുടെ മികവിലാണ് ന്യൂസിലൻഡ് മികച്ച ലീഡിലേക്ക് കുതിച്ചത്.
ALSO READ: 2025 ഐപിഎൽ സീസണിൽ കളിക്കുമോ? ക്രിക്കറ്റിൽ ഇനിയെത്ര കാലം? വൻ വെളിപ്പെടുത്തലുമായി ധോണി
മറുപടിയായി ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയെ (8) മിച്ചെൽ സാൻ്റ്നർ പുറത്താക്കി. പിന്നീട് സാൻ്റ്നർ വിശ്വരൂപം പുറത്തെടുത്തതോടെ കോഹ്ലി ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല.