നായകനെന്ന നിലയിൽ തനിക്ക് തെറ്റുപറ്റിയെന്നും ഇങ്ങനെയൊരു ഫലം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിൽ താരം പറഞ്ഞു
ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നായകനെന്ന നിലയിൽ തനിക്ക് തെറ്റുപറ്റിയെന്നും ഇങ്ങനെയൊരു ഫലം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിൽ രോഹിത് പറഞ്ഞു. ചിന്നസ്വാമിയിൽ ഇന്ത്യയെ കീവീസ് പട എട്ടു വിക്കറ്റിന് തകർത്തിരുന്നു.
"ആദ്യ ഇന്നിങ്സിൽ അമ്പതിൽ താഴെയുള്ള സ്‌കോറില്‍ പുറത്താകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. രണ്ടാം ഇന്നിങ്സിൽ ബാറ്റിങിൽ തിരിച്ചുവരവ് നടത്താനായി. ആദ്യ ഇന്നിങ്സിൽ ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാനായില്ല. അതിനാല്‍ എന്താണ് ഇനി വേണ്ടതെന്ന് മനസിലാക്കിയിരുന്നു. 350 റൺസ് പിന്നിലായിരിക്കുമ്പോള്‍ പിന്നീട് കൂടുതലൊന്നും ചിന്തിച്ചില്ല. റിഷഭ് പന്തും സര്‍ഫറാസ് ഖാനും ലക്ഷ്യത്തിനായി തുനിഞ്ഞിറങ്ങി. അവരുടെ തകർപ്പൻ കൂട്ടുകെട്ട് കാണുന്നത് ശരിക്കും ആവേശകരമായിരുന്നു. ഞങ്ങള്‍ക്ക് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്താനായി. ഇരുവരും വലിയ പ്രയത്നമാണ് നടത്തിയത്. അതില്‍ അഭിമാനമുണ്ട്," രോഹിത് പറഞ്ഞു.
ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അവരുടെ പ്രകടനത്തെ പ്രശംസിക്കുന്നു. പരമ്പരയിൽ തിരിച്ചു വരവ് നടത്തും. ഇത്തരം മത്സരങ്ങള്‍ സംഭവിക്കും. പോസിറ്റീവുകള്‍ മാത്രമെടുത്ത് മുന്നോട്ട് പോകും. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് തോറ്റ ഞങ്ങള്‍ അതിന് ശേഷം നാല് മത്സരങ്ങള്‍ ജയിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഓരോരുത്തരില്‍ നിന്നും എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഞങ്ങള്‍ ഞങ്ങളുടെ മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കും," രോഹിത് കൂട്ടിച്ചേർത്തു.
ALSO READ: ചിന്നസ്വാമിയിലെ ഇന്ത്യയുടെ പോരാട്ടം വിഫലം, ചരിത്രവിജയം നേടി കീവീസ് പടചിന്നസ്വാമിയിലെ ഇന്ത്യയുടെ പോരാട്ടം വിഫലം, ചരിത്രവിജയം നേടി കീവീസ് പട