ഓരോ പന്തും അടിക്കാനും പരമാവധി റിസ്ക് എടുക്കാനും കളിക്കാരെ നിർബന്ധിക്കാറാണ് ചെയ്യാറുള്ളതെന്നും ഇന്ത്യൻ ടീമിലെ അസിസ്റ്റൻ്റ് കോച്ചായ ഡോസ്‌ചേറ്റ് പറഞ്ഞു
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണിൻ്റെ സമീപകാല ഫോമിനെക്കുറിച്ചുള്ള ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ച് റയാൻ ടെൻ ഡോസ്‌ചേറ്റിൻ്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. ഓരോ കളിക്കാരുടേയും കഴിവിൻ്റെ പരമാവധി കണ്ടെത്താൻ നിർബന്ധിക്കുകയും ടീമിനായി പുതിയ സമവാക്യങ്ങൾ കണ്ടെത്താനുമാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്.
ഓരോ പന്തും അടിക്കാനും പരമാവധി റിസ്ക് എടുക്കാനും കളിക്കാരെ നിർബന്ധിക്കാറാണ് ചെയ്യാറുള്ളതെന്നും ഇന്ത്യൻ ടീമിലെ അസിസ്റ്റൻ്റ് കോച്ചായ ഡോസ്‌ചേറ്റ് പറഞ്ഞു. "ആക്രമണാത്മകമായി കളിക്കാനും തൻ്റെ പരിമിതികൾക്കും മുകളിൽ പ്രകടനം നടത്താനും ശ്രമിക്കുന്നത് കാരണമാണ് സഞ്ജു സാംസണിൻ്റെ ആദ്യ രണ്ട് മത്സരങ്ങളിലേയും പ്രകടനം മോശമായത്. പതിവിലേറെ ആക്രമണാത്മകമായി കളിക്കാൻ സഞ്ജു ശ്രമിക്കുന്നത് കാണാമായിരുന്നു. എല്ലാ പന്തും അടിക്കാനാണ് താരം ശ്രമിക്കുന്നത്. താരങ്ങൾക്ക് ആത്മവിശ്വാസം നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," റയാൻ പറഞ്ഞു.
ALSO READ: പരമ്പര തൂത്തുവാരാനൊരുങ്ങി സൂര്യയും പിള്ളേരും; ബാറ്റിങ് ട്രാക്കിൽ സഞ്ജുവിന് നിർണായകം
"കളിയിൽ മോശം സാഹചര്യമാണെങ്കിൽ പോലും എല്ലാ ഓക്കെയാണെന്ന് വിശ്വസിപ്പിച്ച് അവർക്ക് ആത്മവിശ്വാസമേകാനാണ് ശ്രമിക്കുന്നത്. കളിക്കാർക്ക് ഗ്രൗണ്ടിലേക്ക് പോകാനും അവർക്ക് ഇഷ്ടമുള്ള രീതിയിൽ കളിക്കാനുമുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്. 120 പന്തുകളിൽ എല്ലാ പന്തുകളേയും അടിച്ചുപറത്താനുള്ള മൈൻഡ് സെറ്റുമായാണ് താരങ്ങൾ ഗ്രൗണ്ടിലെത്തുന്നത്. അവർക്ക് അതിനുള്ള പ്രാപ്തിയുള്ളത് കൊണ്ടാണ് അവരെ ഗ്രൗണ്ടിലേക്ക് വിടുന്നത് തന്നെ. താരങ്ങൾ അത് തിരിച്ചറിയണം. അത് ആത്മവിശ്വാസം വർധിപ്പിക്കും," അസിസ്റ്റൻ്റ് കോച്ച് പറഞ്ഞു.
"ഗ്വാളിയോറിൽ ശ്രദ്ധിച്ച് കളിച്ചിരുന്നെങ്കിൽ സഞ്ജുവിന് അനായാസം ഫിഫ്റ്റിയടിക്കാമായിരുന്നു. എന്നാൽ ആക്രമണാത്മക ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. വരുന്ന 18 മാസത്തേക്ക് കൂടുതൽ നിർണായകമായ റോളുകൾക്കായി കളിക്കാരെ തയ്യാറാക്കി നിർത്തുകയാണ് ലക്ഷ്യം. അതിനായി താരങ്ങളുടെ പ്രകടനം ഒരുപടി കൂടി ഉയർത്താനാണ് ശ്രമിക്കുന്നത്," റയാൻ കൂട്ടിച്ചേർത്തു.