രാജ്യത്ത് ആകെ നടന്നിരിക്കുന്നത് 3000 കോടിയിലധികം രൂപയുടെ തട്ടിപ്പാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍
ഇൻസ്റ്റൻ്റ് ലോൺ ആപ്പ് തട്ടിപ്പ് പ്രതികൾ കേരളത്തിൽ നിന്ന് മാത്രം തട്ടിയത് 800 കോടിയോളം രൂപ. കേരളത്തിലെ തട്ടിപ്പിന് ചുക്കാൻ പിടിച്ചത് ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി എന്നിവരാണ്. ഇവർ തട്ടിയ പണം വിദേശത്തേക്ക് കടത്തിയത് ആൻ്റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരെന്നുമാണ് എൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഇവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്ത് ആകെ നടന്നിരിക്കുന്നത് 3000 കോടിയിലധികം രൂപയുടെ തട്ടിപ്പാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കതിരൻ രവിയുടെ പക്കൽ നിന്ന് 110 കോടി രൂപയുടെ തട്ടിപ്പ് പണം കണ്ടെത്തിയിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത 10 കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്ത രേഖകൾ ദുരുപയോഗം ചെയ്തു, ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോണിന്റെ നിയന്ത്രണം പ്രതികൾ കൈക്കലാക്കുന്നു, മോർഫിങ്ങിലൂടെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.
Also Read: ബലാത്സംഗക്കേസ്: മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം
ആദ്യം ചെറിയ വായ്പകള്‍ നൽകുകയും പിന്നീട് വലിയ തുകകൾ എടുക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ലോൺ ആപ്പിന്റെ പ്രവർത്തന രീതി. ആ ലോണിന്റെ പലിശ കൂടുമ്പോൾ ഭീഷണി ആരംഭിക്കും. കടമെടുത്ത വ്യക്തി തിരിച്ചടയ്ക്കാൻ വൈകുമ്പോൾ ഇവരുടെ നഗ്ന ചിത്രങ്ങൽ കാട്ടി ഭീഷണിപ്പെടുത്തും. ഇങ്ങനെയാണ് ഇവർ പണം തട്ടിക്കൊണ്ടിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സമാനമായി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം കൂടാതെ ബെംഗളൂരുവിൽ മാത്രമാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. പ്രതികൾ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.