മുംബൈ ഇന്ത്യൻസ് ആരാധകരുടെ മുഖവും ഇത്രയും നാൾ മ്ലാനമായിരുന്നു. കാർമേഘം മൂടിയ മാനം പോലെയിരുന്നു അവരുടെ കഴിഞ്ഞ ദിനങ്ങൾ... എന്നാൽ ആ കൂരിരുട്ടിലേക്ക് കൊള്ളിയാൻ പോലെ ഒരു തമോഗോളം ഭൂമിയിലേക്ക് പതിച്ചിരിക്കുകയാണ്.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഏറെ സന്തോഷം പകരുന്നൊരു വാർത്തയുമായാണ് ഈ ദിനം പുലർന്നത്. സീസണിൽ അത്ര മികച്ച ഫോമിലല്ല മുംബൈ ഇക്കുറി. കളിച്ച നാലിൽ മൂന്നും തോറ്റു നിൽക്കുകയാണ് ഹാർദിക് പാണ്ഡ്യയുടേയും രോഹിത്തിൻ്റേയും നീലപ്പട.
പേരിന് ഒരു ജയം മാത്രം അക്കൗണ്ടിലുള്ള മുംബൈയ്ക്ക് ആഗ്രഹിച്ച തുടക്കമല്ല ഇക്കുറി നേടാനായത്. അവസാന രണ്ട് മത്സരങ്ങളിലും ജയിക്കേണ്ട സാഹചര്യത്തിൽ നിന്നും തോൽവി ഇരന്നുവാങ്ങിയത് പോലെയായിരുന്നു കാര്യങ്ങൾ. മധ്യനിരയിലെ താരങ്ങളുടെ അമിതമായ ആത്മവിശ്വാസവും മെല്ലെപ്പോക്കുമെല്ലാം മുംബൈയുടെ ചേസിങ് ദുഷ്ക്കരമാക്കി.
മുംബൈ ഇന്ത്യൻസ് ആരാധകരുടെ മുഖവും ഇത്രയും നാൾ മ്ലാനമായിരുന്നു. കാർമേഘം മൂടിയ മാനം പോലെയിരുന്നു അവരുടെ കഴിഞ്ഞ ദിനങ്ങൾ... എന്നാൽ ആ കൂരിരുട്ടിലേക്ക് കൊള്ളിയാൻ പോലെ ഒരു തമോഗോളം ഭൂമിയിലേക്ക് പതിച്ചിരിക്കുകയാണ്. അതെ... 'ദൈവത്തിൻ്റെ പടയാളികളെ' കാക്കാൻ ആകാശത്ത് നിന്നൊരു തമോഗോളം ഭൂമിയിൽ അവതരിച്ചിരിക്കുന്നു... സാക്ഷാൽ ജസ്പ്രീത് ബുംറയുടെ രൂപത്തിൽ.
ഓസ്ട്രേലിയിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, പിന്നാലെ പരിക്കേറ്റ ഇന്ത്യയുടെ സ്റ്റാർ പേസർ ദീർഘനാളായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പുറത്തെ പേശികൾക്കേറ്റ പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ടിനെ ചൊല്ലി വലിയ ആശങ്കയാണ് ആരാധകർക്കിടയിൽ നിലനിന്നിരുന്നത്.
ബുംറയുടെ മടങ്ങിവരവ് മുംബൈ ക്യാമ്പിൽ ആവേശവും പുത്തൻ പ്രതീക്ഷകളും വിതറുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻ്റ്. 2013ൽ അരങ്ങേറ്റം നടത്തിയത് മുതൽ മുംബൈ സ്ക്വാഡിൻ്റെ തുറുപ്പുചീട്ടാണ് ഈ അഹമ്മദാബാദുകാരൻ. മുംബൈയ്ക്കായി 133 മത്സരങ്ങളിൽ നിന്ന് 165 വിക്കറ്റാണ് സമ്പാദ്യം.
ജസ്പ്രീത് ജസ്ബിർസിംഗ് ബുംറയെന്നാണ് മുഴുവൻ പേര്. കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിങ്ങിങ് ഡെലിവറികളിൽ ബുംറയ്ക്ക് മികച്ച പ്രാവീണ്യമാണുള്ളത്. മണിക്കൂറിൽ 140–145 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ഈ 31കാരൻ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.
ഏപ്രിൽ ഏഴിന് ആർസിബിക്കെതിരായ മുംബൈയുടെ അടുത്ത മത്സരത്തിൽ ജസ്പ്രീത് ബുംറ കളിക്കുമെന്നാണ് സൂചന. അതേസമയം, ഈ മത്സരത്തിൽ സൈഡ് ബെഞ്ചിലായിരിക്കും സ്ഥാനമെന്നും 17ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാകും കളിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.