ആഭ്യന്തരക്രിക്കറ്റിൽ ഫോംഔട്ട് തുടർന്നപ്പോൾ എല്ലാവരും മറന്നു കരുൺ നായരെ. വിമർശിച്ചവർക്കും എഴുതിത്തള്ളിയവർക്കും മുന്നിൽ ക്രിക്കറ്റിൻ്റെ ഉള്ളറകളിലെ പൊളിറ്റിക്‌സ് കൊണ്ടല്ല, മെറിറ്റിൽ ഒരു മലയാളിയുടെ തിരിച്ചുവരവാണ് നമ്മൾ കാണുന്നത്.
ഐപിഎല്ലിൽ വിജയവഴിയിലെത്താൻ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. ഡൽഹി ക്യാപ്പിറ്റൽസാണ് എതിരാളികൾ. വൈകീട്ട് ഏഴരയ്ക്ക് ഡൽഹിയിലാണ് മത്സരം. മലയാളി താരങ്ങളായ കരുൺ നായരും സഞ്ജു സാംസണും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ മത്സരത്തിലെ പ്രധാന ആകർഷണം.
ഇന്ത്യക്കായി ടെസ്റ്റിൽ 300 റൺസ് കടമ്പ കടന്ന രണ്ടേരണ്ട് താരങ്ങളേയുള്ളൂ.ഒരാൾ സാക്ഷാൽ വീരേന്ദർ സെവാഗാണ്. മറ്റൊരാൾ മലയാളിതാരം കരുൺ നായർ. അജിൻക്യ രഹാനെയ്ക്ക് പകരം ഇന്ത്യൻ ടീമിൽ അവസരം കിട്ടിയപ്പോൾ ട്രിപ്പിൾ സെഞ്ച്വറി കുറിച്ച കരുൺ നായരെ പക്ഷേ പിന്നീട് ഇന്ത്യൻ ജേഴ്‌സിയിൽ അധികം കണ്ടില്ല. ദേശീയതലത്തിൽ അവസരമൊരുക്കാൻ പിന്തുണനൽകാൻ ആരുമുണ്ടായില്ല. ആഭ്യന്തരക്രിക്കറ്റിൽ ഫോംഔട്ട് തുടർന്നപ്പോൾ എല്ലാവരും മറന്നു കരുൺ നായരെ. വിമർശിച്ചവർക്കും എഴുതിത്തള്ളിയവർക്കും മുന്നിൽ ക്രിക്കറ്റിൻ്റെ ഉള്ളറകളിലെ പൊളിറ്റിക്‌സ് കൊണ്ടല്ല, മെറിറ്റിൽ ഒരു മലയാളിയുടെ തിരിച്ചുവരവാണ് നമ്മൾ കാണുന്നത്.
മുംബൈ ഇന്ത്യൻസ് കഴിഞ്ഞ മത്സരത്തിൽ ഡൽഹിയെ തോൽപ്പിച്ചെങ്കിലും കരുൺ നായരെന്ന ക്രിക്കറ്ററെ ഒരിക്കൽക്കൂടി അടയാളപ്പെടുത്തിയ മത്സരമായിരുന്നു അത്. ഈ കാലഘട്ടത്തിലെ ഏറ്റവും അപകടകാരിയായ ജസ്പ്രീത് ബുംറയ്ക്കെതിരെ പോലും അനായാസം ബൗണ്ടറിയും സിക്‌സറും നേടി കരുണിൻ്റെ ക്ലാസിക് ഇന്നിങ്‌സ്. 40 പന്തിൽ 89 റൺസ് നേടിയ കരുൺ നായർ പുറത്തായപ്പോഴാണ് മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഡൽഹി നിരയിൽ ആർക്കും കരുൺ നായർക്ക് പിന്തുണ നൽകാനായില്ല.6 താരങ്ങൾ രണ്ടക്കം കണ്ടില്ല.കരുണല്ലാതെ 20 റൺസ് കടന്നത് അഭിഷേക് പൊറേൽ മാത്രം.ഇന്ന് രാജസ്ഥാൻ റോയൽസ് എതിരാളികളായെത്തുമ്പോൾ എല്ലാ കണ്ണുകളും കരുണിലേക്കാണ്.
തന്നെ തന്നെ മാറ്റിയെടുത്ത ഒരു കരുൺ നായരെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. പ്രായം മുപ്പത് പിന്നിട്ട് ആഭ്യന്തരക്രിക്കറ്റിൽ ഫോംഔട്ടിൽ ഉഴലുമ്പോൾ 2022 ഡിസംബർ 10ന് കരുൺ നായർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിടുന്നു. ഡിയർ ക്രിക്കറ്റ് ഗിവ് മി വൺമോർ ചാൻസ്.അന്ന് എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലായികാണില്ല.പക്ഷേ പിന്നീട് കരുണിൻ്റെ ഓരോ സീസണും പ്രായമേറും തോറും വീര്യം കൂടുന്നെന്ന പഴംചൊല്ലിനെ അന്വർത്ഥമാക്കുന്നതായിരുന്നു. കഴിഞ്ഞ സീസണിൽ വിജയ് ഹസാരെ ട്രോഫിയിലെ അത്ഭുത പ്രകടനമാണ് വീണ്ടും കരുൺ നായരിലേക്ക് ശ്രദ്ധയെത്താൻ കാരണം.
തുടർച്ചയായി 5 മത്സരങ്ങളിൽ ഔട്ടാകാതെ കരുൺനായർ നേടിയ 542 റൺസ് റെക്കോർഡായി. തുടരെ നേടിയത് 3 സെഞ്ച്വറികൾ.ഐപിഎല്ലിൽ ഇത്തവണ ഫാഫ് ഡുപ്ലസിയും ജേക്ക് ഫ്രേസറും കെഎൽ രാഹുലുമുള്ള മുൻനിരയിൽ അവസരം കാത്ത് അഞ്ചാം മത്സരം വരെ കാത്തിരുന്ന കരുൺ നായർ ആദ്യ കളിയിൽ തന്നെ പ്രതിഭ കാണിച്ചു. ഇന്നും ഡൽഹി നിരയിൽ കരുൺ നായർ ഇടംപിടിക്കുമെന്നുറപ്പ്