കൊല്ലം ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണറോട് അടിയന്തിര റിപ്പോർട്ട് നൽകാനാണ് ദേവസ്വം ബോർഡ് നിർദേശം നൽകിയത്
കൊല്ലം പൂരത്തിൽ ആർഎസ്എസ് സ്ഥാപക നേതാവ് ഹെഡ്ഗേവാറിൻ്റെ ഉയർത്തിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി. കൊല്ലം ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണറോട് അടിയന്തിര റിപ്പോർട്ട് നൽകാനാണ് ദേവസ്വം ബോർഡ് നിർദേശം നൽകിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ഹെഡ്ഗേവാറിൻ്റെ ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൊല്ലം കമ്മീഷണർക്കാണ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പരാതി നൽകിയത്. ആർഎസ്എസ് സ്ഥാപകന്റെ ചിത്രം പ്രദർശിപ്പിച്ചത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനം എന്ന് പരാതിക്കാരൻ പറഞ്ഞു.
ALSO READ: കൊല്ലം പൂരത്തിൽ RSS നേതാവിൻ്റെ ചിത്രം; ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത് കുടമാറ്റ ചടങ്ങിൽ
കൊല്ലം പൂരത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്നും, ഹെഡ്ഗേവാറിൻ്റെയും, ഗോൽ വാർക്കറുടേയും ചിത്രം ഉയർത്തിയത് മതേതരത്വത്തിന് ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. വിഷയം ഹെക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വിഷ്ണു സുനിൽ വ്യക്തമാക്കി.
കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പുതിയ കാവ് ക്ഷേത്ര ഉത്സവത്തിൻ്റെ കുടമാറ്റ ചടങ്ങിലാണ് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത്. നവോത്ഥാന നായകന്മാരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉയർത്തിയത്. കുടമാറ്റ ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളാണ് ആദ്യം ഉയർത്തിയത്.
താമരക്കുളം ഭഗവതിക്കാവും പുതിയക്കാവ് ഭഗവതി ക്ഷേത്രവും ചേർന്നാണ് കുടമാറ്റ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയക്കാവ് ഭഗവതി ക്ഷേത്രത്തിൻ്റെ നിയന്ത്രണം ആർഎസ്എസിൻ്റെ കീഴിലാണ്. ആ സാഹചര്യത്തിലായിരിക്കണം ക്ഷേത്രത്തിൻ്റെ ഭാഗത്തുനിന്നും ഇത്തമൊരു നീക്കം ഉണ്ടായിരിക്കുന്നത്.