കുട്ടിക്കൂട്ടങ്ങൾക്ക് ഹസ്തദാനം നൽകിയും കാണികളെ കൈയ്യിലെടുത്തുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സ്വീഡിഷ് കോച്ച് മൈക്കൽ സ്റ്റാറേയും സംഘവും ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്
കൊച്ചിയുടെ കളിമുറ്റത്തേക്ക് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ആവേശകരമായ വരവേൽപ്പ്. വൈകിട്ട് അഞ്ച് മണിക്ക് തന്നെ കാണികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനവുദിച്ചിരുന്നതിനാൽ നിരവധി പേരാണ് കലൂർ സ്റ്റേഡിയത്തിന് പുറത്ത് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഒഫീഷ്യൽ ബസിൻ്റെ വരവിനായി കാത്തുനിന്നത്.
കുട്ടിക്കൂട്ടങ്ങൾക്ക് ഹസ്തദാനം നൽകിയും കാണികളെ കൈയ്യിലെടുത്തുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സ്വീഡിഷ് കോച്ച് മൈക്കൽ സ്റ്റാറേയും സംഘവും ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. മൊറോക്കോ-സ്പാനിഷ് സ്ട്രൈക്കർമാരുടെ വരവാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ടീമിന് പുതുമ സമ്മാനിക്കുന്നത്. നോഹ സദൗയി, ജെസൂസ് ജിമെനസ്, ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര എന്നിവരുടെ മുന്നേറ്റ നിരയ്ക്ക് ഇക്കുറി ടീമിൻ്റെ ഗോൾവരൾച്ചയ്ക്ക് അറുതി വരുത്തേണ്ടതുണ്ട്.
https://x.com/KeralaBlasters/status/1835306316769739020
കഴിഞ്ഞ സീസണിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ട് നേടിയ ദിമിത്രിയോസ് ഡയമൻ്റക്കോസ് ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയത് ആരാധകരെ നിരാശകരാക്കിയിരുന്നു. ഇവാൻ വുകോമനോവിച്ചിനെ പുറത്താക്കിയ ശേഷം പുതിയ കോച്ചിനെ പരീക്ഷിക്കുമ്പോൾ കഴിഞ്ഞ സീസണിലേതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം ആരാധകരും മാനേജ്മെൻ്റും പ്രതീക്ഷിക്കുന്നുണ്ട്.
READ MORE: തിരുവോണ ദിനത്തിൽ ആദ്യ മത്സരം; പഞ്ചാബിനെ നേരിടാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും
ക്യാപ്ടൻ അഡ്രിയാൻ ലൂണയില്ലാതൊണ് ടീം പഞ്ചാബ് എഫ്‌സിയെ നേരിടാനൊരുങ്ങുന്നത്. പകരം മിലോസ് ഡ്രിൻസിച്ച് ആദ്യ മൽസരത്തിൽ നായകനാകും. കൂട്ടായി ഫ്രഞ്ച് ഡിഫൻഡർ അലക്സാന്ദ്രെ കൊയേഫ് കൂടിയെത്തും. ഗോൾവലയ്ക്ക് കീഴിൽ സച്ചിൻ സുരേഷ് തന്നെയാണ് കാവലാൾ.
രാഹുൽ കെ.പി, പ്രീതം കോട്ടാൽ, അലക്സാന്ദ്രെ കൊയേഫ്, നോഹ സദോയി, ക്വാമെ പെപ്ര, മലയാളി താരം നിഹാൽ സുധീഷ് എന്നിവരാണ് ആദ്യ ഇലവനിലുള്ളത്. പുതിയ സ്പാനിഷ് സ്ട്രൈക്കർ ജെസൂസ് ജിമെനസ് പകരക്കാരുടെ പട്ടികയിലാണ് ഇടം പിടിച്ചത്.