സ്കൂളിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നടപടി തുടങ്ങി
പാലക്കാട് തത്തമംഗലം ജി.ബി.യു.പി സ്കൂളിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും തകർത്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. സ്കൂളിലെ അധ്യാപകർ, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്നിവരുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്കൂളിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള നടപടി തുടങ്ങി.
ചിറ്റൂർ പൊലീസാണ് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. ആക്രമണം നടത്തിയത് സാമൂഹ്യ വിരുദ്ധരാണെന്നും, ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണമാണിതെന്നും എഫ്ഐആറിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ക്രിസ്‌മസ് ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.
ALSO READ: തത്തമംഗലം സ്‌കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവം; എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് പൊലീസ്
അതേസമയം, നല്ലേപ്പിള്ളി സ്കൂളിൽ കരോൾ തടഞ്ഞ സംഭവത്തിൽ റിമാൻഡിലായ വിഎച്ച്പി പ്രവ൪ത്തകരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അതിക്രമം നടന്നതായി കരുതുന്ന ശനി, ഞായർ ദിവസങ്ങളിലെ ഫോൺ രേഖകളും പൊലീസ് ശേഖരിച്ചു.