മാർച്ച് 23നാണ് തെക്കൻ ഗാസയിൽ 15 ആരോഗ്യ പ്രവർത്തകരെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്
ഗാസയിലെ ആരോഗ്യ പ്രവർത്തകരെ കൊലപ്പടുത്തിയ സംഭവത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇസ്രയേൽ. മാർച്ച് 23നാണ് തെക്കൻ ഗാസയിൽ 15 ആരോഗ്യ പ്രവർത്തകരെയാണ് ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (പിആർസിഎസ്) ആംബുലൻസുകൾ, ഗാസയിലെ സിവിൽ ഡിഫൻസിൽ നിന്നുള്ള ഒരു ഫയർ ട്രക്ക് എന്നിവയുടെ വാഹനവ്യൂഹത്തിന് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്.
ഹെഡ്‌ലൈറ്റുകളോ, മറ്റ് ലൈറ്റുകളോ ഇല്ലാതെ ഇരുട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ വാഹനവ്യൂഹം സമീപിച്ചതിനാലാണ് സൈന്യം വെടിയുതിർത്തതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കൊല്ലപ്പെട്ട പാരാമെഡിക്കുകളിൽ ഒരാൾ പകർത്തിയ മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ, പരിക്കേറ്റവരെ സഹായിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ വാഹനങ്ങളിൽ ലൈറ്റുകൾ ഓണായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതോടെ വാഹനങ്ങൾ ലൈറ്റുകൾ അണച്ചുകൊണ്ടാണ് തങ്ങളെ സമീപിച്ചതെന്ന ഇസ്രയേലിൻ്റെ വാദവും പൊളിയുകയാണ്.
ALSO READ: വിദ്വേഷ പ്രചരണം നടത്താനെന്ന് ആരോപണം; യുകെ എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേൽ
അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ, റഫത്ത് റദ്വാൻ എന്ന് പേരുള്ള പാരാമെഡിക്കൽ ജീവനക്കാരൻ തന്റെ അന്ത്യ പ്രാർത്ഥനകൾ കേൾക്കുന്നത് കാണാൻ സാധിക്കും. പിന്നാലെ വാഹനങ്ങൾക്ക് അടുത്തേക്ക് ഇസ്രയേൽ സൈനികരുടെ ശബ്ദവും കേൾക്കാം. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് ആറ് ആരോഗ്യ പ്രവർത്തകരെങ്കിലും ഹമാസുമായി ബന്ധമുള്ളവരാണെന്ന് ഇസ്രയേൽ പ്രതിരോധ സേന തറപ്പിച്ചുപറയുന്നു. എന്നാൽ ഇതുവരെ അത് സാധൂകരിക്കുന്ന ഒരു തെളിവും നൽകിയിട്ടില്ല. വെടിയുതിർത്തപ്പോൾ അവർ നിരായുധരായിരുന്നുവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
മരിക്കുന്നതിന് മുമ്പ് ഡോക്ടർമാരിൽ ആരെയും കൈകൾ ബന്ധിച്ചിട്ടില്ലെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ അവരെ വളരെ അടുത്ത് നിന്ന് കൊലപ്പെടുത്തിയിട്ടില്ലെന്നും ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
തങ്ങളുടെ ആംബുലൻസ് കത്തിച്ചുവെന്നും, തൻ്റെ സഹപ്രവർത്തകർക്ക് യാതൊരു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരു പാരാമെഡിക്കൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടം അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ സ്തംഭിക്കുകയും ചെയ്തതിനെത്തുടർന്ന് മാർച്ച് 18 ന് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണവും കര ആക്രമണവും പുനരാരംഭിച്ചിരുന്നു. അരലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.