ഞായറാഴ്ച പുലർച്ചെ മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടു
ഞായറാഴ്ച പുലർച്ചെ മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലുടനീളമാണ് ആക്രമണം നടന്നതെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഗാസയിൽ ശനിയാഴ്ച ആരംഭിച്ച ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു. ഇതുവരെ 112 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ അകപ്പെട്ട ഇരകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് ജീവനക്കാർക്കും അവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
READ MORE: ഗാസയിൽ 25 വർഷത്തിന് ശേഷം ആദ്യമായി 10 മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചു
സെൻട്രൽ ഗാസ മുനമ്പിലെ ദേർ എൽ ബലാഹിൻ്റെ കിഴക്കൻ ഭാഗത്ത് ഒറ്റരാത്രികൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ആറുപേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് ഗാസയിലെ മെഡിക്കൽ വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു.
ഒരു ഇസ്രയേലി പോർവിമാനം ബോംബ് വർഷിക്കുന്നതിന് മുമ്പ് ഡ്രോൺ ആക്രമണം നടന്നതായും ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ വ്യോമാക്രമണ പരമ്പരയ്ക്കിടയിൽ, ഇസ്രയേൽ പീരങ്കികൾ കനത്ത ആക്രമണം നടത്തിയതായും ഗാസയിലെ പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
READ MORE: ഗാസയിലെ സ്കൂളിൽ ഇസ്രയേൽ വ്യോമാക്രമണം; 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്