മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല, മാതൃഭാഷയെയും സാംസ്കാരിക സ്വത്വത്തെയും സ്വാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് പറയുന്നതെന്ന് പ്രകാശ് രാജ്
ത്രിഭാഷ വിവാദത്തില്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന് മറുപടിയുമായി നടന്‍ പ്രകാശ് രാജ്. സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ മൊഴിമാറ്റാന്‍ അനുവദിക്കുന്നവര്‍ ഹിന്ദിയെ എതിര്‍ക്കുന്നത് കാപട്യമാണെന്ന പവന്‍ കല്യാണിന്റെ പ്രസ്താവനയ്ക്കാണ് പ്രകാശ് രാജ് എക്സില്‍ മറുപടി കുറിച്ചത്. മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറിച്ചല്ല, മാതൃഭാഷയെയും സാംസ്കാരിക സ്വത്വത്തെയും സ്വാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് പറയുന്നതെന്ന് പ്രകാശ് രാജ് കുറിച്ചു. ഇക്കാര്യം ആരെങ്കിലും പവന്‍ കല്യാണിന് വിശദീകരിച്ചു കൊടുക്കണമെന്നും താരം പറയുന്നു.
"നിങ്ങളുടെ ഹിന്ദി ഭാഷ ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇത് മറ്റൊരു ഭാഷയെ വെറുക്കുന്നതിനെക്കുറില്ല; നമ്മുടെ മാതൃഭാഷയെയും സാംസ്കാരിക സ്വത്വത്തെയും സ്വാഭിമാനത്തോടെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ്. ദയവായി ആരെങ്കിലും ഇക്കാര്യം പവന്‍ കല്യാണ്‍ ഗാരുവിന് വിശദീകരിച്ചു കൊടുക്കൂ" -എന്നായിരുന്നു പ്രകാശ് രാജിന്റെ കുറിപ്പ്.
ഭാഷനയത്തിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ കാപട്യക്കാരാണെന്നായിരുന്നു പവന്‍ കല്യാണിന്റെ ആക്ഷേപം. സാമ്പത്തിക നേട്ടത്തിനുവേണ്ടി തമിഴ് സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ അനുവദിക്കുന്നവർ ഹിന്ദിയെ എതിര്‍ക്കുന്നത് കാപട്യമാണ്. അവര്‍ക്ക് ബോളിവുഡില്‍ നിന്നും പണം വേണം, പക്ഷേ ഹിന്ദിയെ അംഗീകരിക്കാന്‍ തയ്യാറല്ല. അതിനുപിന്നിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ലെന്നുമായിരുന്നു പവന്‍ കല്യാണിന്റെ വാക്കുകള്‍. ജന സേന പാര്‍ട്ടി സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പ്രസ്താവന.
പവന്‍ കല്യാണിന് മറുപടിയുമായി ഡിഎംകെയും രംഗത്തെത്തിയിരുന്നു. ഭാഷാ നയത്തില്‍ തമിഴ്‌നാട് സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള തെറ്റായ ധാരണ എന്നായിരുന്നു ഡിഎംകെ വക്താവ് സയ്യിദ് ഹഫീസുള്ളയുടെ പ്രതികരണം. ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ വ്യക്തികൾ പഠിക്കുന്നതിനെ തമിഴ്‌നാട് ഒരിക്കലും എതിർത്തിട്ടില്ല. സംസ്ഥാനത്തെ ജനങ്ങളുടെ മേൽ ഹിന്ദിയോ ഏതെങ്കിലും ഭാഷയോ അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുതിർന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവനും ഹഫീസുള്ളയുടെ പ്രസ്താവനയെ പിന്തുണച്ചു. ഭാഷാ വിഷയത്തിൽ തമിഴ്‌നാടിന്റെ നിലപാട് മുൻപ് തൊട്ടേ ഉള്ളതാണെന്നും ഇളങ്കോവന്‍ ഓര്‍മപ്പെടുത്തി.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അംഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയാണ് കേന്ദ്ര- തമിഴ്നാട് പോരിന് തുടക്കമിട്ടത്. തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാപദ്ധതി പിന്തുടരുന്ന തമിഴ്‌നാട്, പ്രധാൻ്റെ പരാമർശം ഭീഷണിയാണെന്നും അത് വിലപോകില്ലെന്നും പറഞ്ഞു. തമിഴിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദികൂടി ഉൾപ്പെടുത്തുന്ന 2020 ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാപദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിൽ ഡിഎംകെ സർക്കാർ ഉറച്ചുനിന്നു. ബിജെപി ഒഴികെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഡിഎംകെയ്ക്കൊപ്പം നിലകൊണ്ട് ഇതിനോടകം പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.