ജൂലൈ ഒൻപതിനും പതിനാറിനും നടന്ന രണ്ട് ആക്രമണങ്ങളിലായി ഒൻപതു സൈനികരാണ് കൊല്ലപ്പെട്ടത്
ജമ്മു ആക്രമണങ്ങളിൽ അഫ്ഗാനിൽ പരിശീലനം ലഭിച്ച ഭീകരർ പങ്കെടുത്തതായി റിപ്പോർട്ട്. ജൂലൈ ഒമ്പതിനും പതിനാറിനും നടന്ന രണ്ട് ആക്രമണങ്ങളിലായി ഒമ്പതു സൈനികരാണ് കൊല്ലപ്പെട്ടത്.
തുടർച്ചയായി ഉണ്ടാകുന്ന ജമ്മു-കശ്മീർ ആക്രമണങ്ങൾക്ക് പിന്നിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നുഴഞ്ഞുകയറിയ പാകിസ്ഥാൻ്റെ പഞ്ചാബ്, ഖൈബർ പ്രദേശങ്ങളിൽ നിന്നുള്ള ഭീകരരാണെന്നാണ് സംശയം. പുഞ്ച്- രജൗരിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ടും ദോഡ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കശ്മീർ ടൈഗേഴ്സും ഏറ്റെടുത്തിരുന്നു. ഈ രണ്ട് ഗ്രൂപ്പുകളും ജെയ്ഷെ ഇ മുഹമ്മദിന്‍റെ സൃഷ്ടികളാണെന്നാണ് റിപ്പോർട്ട്.
ഈ സംഘങ്ങൾക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും, ഇതിൽ അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ യുദ്ധപരിചയം നേടിയവരും ഉണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. ഇവരിൽ മുൻ പാകിസ്ഥാൻ സൈനികരും ഉൾപ്പെട്ടേക്കാമെന്നും റിപ്പോർട്ടിലുണ്ട്.