ജനവിധി അട്ടിമറിക്കുന്ന തീരുമാനമാണിതെന്ന് കോൺഗ്രസും പിഡിപിയും വിമർശിച്ചു
ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നോടിയായി വിവാദ പ്രസ്താവനയുമായി ബിജെപി രംഗത്ത്. ജമ്മു കശ്മീരിൻ്റെ ഭരണചുമതലയുള്ള ലഫ്റ്റനൻ്റ് ഗവർണർക്ക് നിയമസഭയിലേക്ക് 5 എംഎൽഎമാരെ നോമിനേറ്റ് ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട് എന്നായിരുന്നു ബിജെപി നേതൃത്വം അറിയിച്ചത്.
അഞ്ച് ബിജെപി അംഗങ്ങളെ എംഎൽഎമാരായി ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ നിയമിക്കുമെന്ന് ജമ്മു കശ്മീരിലെ ബിജെപി യൂണിറ്റ് വൈസ് പ്രസിഡൻ്റ് സോഫി യൂസഫാണ് പ്രഖ്യാപിച്ചത്. "കേന്ദ്രത്തിൽ ഞങ്ങളുടെ സർക്കാരാണ് ഭരിക്കുന്നത്. അതുകൊണ്ട് ഞങ്ങൾ നിർദേശിക്കുന്ന പേരുകൾ പരിഗണിക്കും. ഈ തീരുമാനത്തിന് മാറ്റമൊന്നുമില്ല," ഗ്രേറ്റർ കശ്മീർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോഫി യൂസഫ് പറഞ്ഞു.
"ബിജെപി സംസ്ഥാന സെക്രട്ടറി അശോക് കൗൾ, ബിജെപി വനിതാ വിഭാഗം മുൻ സംസ്ഥാന അധ്യക്ഷ രജനി സേത്തി, സംസ്ഥാന സെക്രട്ടറി ഡോ ഫരീദ ഖാൻ, പാർട്ടി വക്താവ് സുനിൽ സേത്തി എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ. അഞ്ചാമത്തേത് ഒരു അഭയാർത്ഥിയാണ്, ഞങ്ങളുടെ മഹിളാ മോർച്ചയുടെ പ്രസിഡൻ്റ്. അവരെല്ലാം ഞങ്ങളുടേതാണ്," സോഫി യൂസഫ് ഗ്രേറ്റർ കശ്മീരിന് നൽകിയ വീഡിയോ അഭിമുഖത്തിൽ പറഞ്ഞു.
ബിജെപി ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾക്ക് നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും ആവശ്യമില്ല. ബിജെപി സ്വന്തം നിലയിൽ സർക്കാർ രൂപീകരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു. ജനവിധി അട്ടിമറിക്കുന്ന തീരുമാനമാണിതെന്ന് കോൺഗ്രസും പിഡിപിയും വിമർശിച്ചു. ലഫ്റ്റനൻ്റ് ഗവർണർക്ക് ഇത്തരത്തിൽ പ്രത്യേകാധികാരം നൽകുന്നത് ജനവിധിയെ അട്ടിമറിക്കുന്നതിന് തുല്ല്യമാണെന്നും ഇത് ബിജെപിയെ അധികാരത്തിലെത്തിക്കാൻ സഹായിക്കുന്ന നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
എക്സിറ്റ് പോളുകൾ ബിജെപിയുടെ ഭയം വർധിപ്പിച്ചതായി പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. എക്‌സിറ്റ് പോളുകൾ തൂക്കുമന്ത്രിസഭയാണ് പ്രവചിച്ചതെങ്കിലും, കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം മുന്നിലെത്തും എന്നായിരുന്നു സർവേ ഫലം സൂചിപ്പിച്ചത്. എന്നാൽ ഇന്ത്യ മുന്നിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കാണാനാകുന്നത്.