നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനായി, ഓവൽ ഓഫീസിൽ ജോ ബൈഡൻ്റെ കത്ത് കാത്തിരിക്കുന്നുണ്ടാവും
ഓവൽ ഓഫീസിലെ റെസൊല്യൂട്ട് ഡെസ്‌കിൽ സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തന്‍റെ പിന്‍ഗാമിക്കായി ഒരു കത്ത് എഴുതിവയ്ക്കും. 2020ല്‍ ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാതെ കലാപമുണ്ടാക്കിയ ഡൊണാൾഡ് ട്രംപ്, ബൈഡന്‍റെ സ്ഥാനാരോഹണം പൂർണമായി ബഹിഷ്കരിച്ചപ്പോൾ പോലും അങ്ങനെയൊരു കത്ത് പുതിയ പ്രസിഡന്‍റിനായി കരുതിവെച്ചിരുന്നു. ഇത്തവണ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനായി, ജോ ബൈഡനും ആ പാരമ്പര്യം തുടരും.
മുൻ പ്രസിഡൻ്റ് റൊണാൾഡ് റീഗനാണ് പ്രസിഡൻ്റുമാർക്കിടയിൽ കത്ത് കൈമാറുന്ന ഈ പാരമ്പര്യം ആരംഭിച്ചത്. ട്രംപ് അന്ന് നൽകിയ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയില്ലെങ്കിലും തനിക്കുലഭിച്ച കത്തിനെ ഉദാരമായ ഉപഹാരമെന്ന് ജോ ബൈഡൻ വിശേഷിപ്പിച്ചു. രാജ്യത്തിന്‍റെ ഉന്നമനത്തിന് ആശംസയറിയിച്ചും, അധികാരമേല്‍ക്കുന്ന പുതിയ സർക്കാരിനോട് രാജ്യത്തെ പരിപാലിക്കാനാവശ്യപ്പെട്ടുമുള്ള വ്യക്തിപരമായ കുറിപ്പായിരുന്നു അതെന്ന് പിന്നീട് ട്രംപിനോട് അടുത്ത ഒരു അനുയായിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോർട്ടുചെയ്തു.
ALSO READ: നന്ദി ട്രംപ്! യുഎസിൽ സേവനം പുനഃസ്ഥാപിച്ച് ടിക് ടോക്
2021 ല്‍ വാഷിംഗ്ടണിലേക്കു പോകാന്‍ ബൈഡന്, വ്യോമസേനാവിമാനം വിട്ടുകൊടുക്കാതിരുന്ന, സത്യപ്രതിജ്ഞാവേദിയിലേക്ക് ബൈഡനുമായി ഒരേ വാഹനത്തില്‍ സഞ്ചരിക്കാതിരുന്ന ട്രംപ്, എന്തുകൊണ്ട് ഈ പതിവ് മാത്രം തുടർന്നു എന്നതും അന്ന് ചോദ്യമായി. 2017 ല്‍ ഓവല്‍ ഓഫീസൊഴിഞ്ഞ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമയില്‍ നിന്ന് ലഭിച്ച കത്ത്, ട്രംപിനെ അത്രയധികം സ്വാധീനിച്ചിരുന്നു എന്നതാണ് അതിനുത്തരം. വായിച്ചയുടന്‍ ഒബാമയെ ഫോണില്‍ബന്ധപ്പെടാന്‍ വരെ ട്രംപ് ശ്രമിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഒബാമ കാലിഫോർണിയയിലേക്കുള്ള വിമാനത്തിലായിരുന്നതിനാല്‍ അന്നിരുവരും തമ്മില്‍ സംസാരിച്ചില്ലെന്നാണ് റിപ്പോർട്ട്.
ഏതായാലും തിങ്കളാഴ്ച തന്‍റെ അവസാനദിനം ഓവല്‍ ഓഫീസില്‍ ചിലവഴിക്കുന്ന ബൈഡനും പതിവ് തുടരാന്‍ തീരുമാനിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് കാപിറ്റല്‍ ഹില്ലിലേക്ക് ലിമോയില്‍ ഒന്നിച്ച് സവാരി. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രസിഡന്‍റ് ട്രംപും, ഫസ്റ്റ് ലേഡി ജില്‍ ട്രംപും മുന്‍ഗാമികള്‍ക്കൊപ്പം ചായസല്‍ക്കാരത്തിനായും ഒത്തുചേരും.