10 പ്രമുഖനേതാക്കളെ വിളിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ച യോഗമാണ് ഗ്രൂപ്പ് സമർദത്തെ തുടർന്ന് ക്ഷണിതാക്കളുടെ എണ്ണം 50 കവിഞ്ഞത്
കോൺഗ്രസ് നേതൃയോഗം യോഗം ജംബോ യോഗമാക്കി മാറ്റിയെന്ന് ആക്ഷേപം ഉയർന്നതിനാൽ കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുക്കില്ല. ഇന്ന് ഡൽഹിയിൽ യോഗം ചേരാനിരിക്കെയാണ് നേതാക്കൾ നിലപാട് അറിയിച്ചത്. 10 പ്രമുഖനേതാക്കളെ വിളിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ച യോഗമാണ് ഗ്രൂപ്പ് സമർദത്തെ തുടർന്ന് ക്ഷണിതാക്കളുടെ എണ്ണം 50 കവിഞ്ഞത്. ഇതിനിടെ പുതിയ അധ്യക്ഷനെ കണ്ടത്തിന് മുതിർന്ന നേതാക്കൾ ചർച്ചകൾ ആരംഭിച്ചു.
ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിയ രമേശ് ചെന്നിത്തല, എം. എം. ഹസൻ, എം. കെ. രാഘവൻ, ആൻ്റോ ആൻ്റണി, ബെന്നി ബെഹന്നാൻ, എന്നിവർ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമായി നേതാക്കൾ ഇന്ന് തനിച്ച് കൂടി കാഴ്ച്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ന് വൈകീട്ട് നാല് മണിക്കാണ് യോഗം തീരുമാനിച്ചിരുന്നത്. കെപിസിസി മുൻ അധ്യക്ഷൻമാർ, കെപിസിസി ഭാരവാഹികൾ, കെപിസിസി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന എംപിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ALSO READ: കെപിസിസി പുനഃസംഘടന, ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങൾ; കോൺഗ്രസ് നേതൃയോഗം ഇന്ന്
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ ജംബോ യോഗത്തിൽ പരസ്യമായി ചർച്ച ചെയ്യെരുതെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടിടുണ്ട്. സ്ഥാനം ഒഴിയാൻ സുധാകരൻ കഴിഞ്ഞ ദിവസം ഉപാധികൾ വെച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് നൽകിയത് പോലെ പ്രവർത്തക സമിതിയിൽ ക്ഷണിതാവ് ആകണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ സീറ്റും രണ്ട് ഡിസിസി പ്രസിഡന്റ് പദവികളും വേണമെന്നും സുധാകരൻ മുന്നോട്ട് വച്ച ഉപാധിയിൽ പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ അടിമുടി മാറ്റം വേണമെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കെപിസിസിയിലും ഡിസിസിയിലും ഉടൻ പുനഃസംഘടന ഉണ്ടായേക്കും.