കോൺഗ്രസ് വിട്ട സരിനെ പാലക്കാട്ടെ സ്ഥാനാർഥിയാക്കിയത് സിപിഎമ്മിൻ്റെ ഗതികേടാണ്. എൽഡിഎഫും ബിജെപിയും സഖ്യമുണ്ടാക്കിയാലും കോൺഗ്രസ് വൻവിജയം തേടുമെന്നും അദ്ദേഹം പറഞ്ഞു
കോൺഗ്രസ് വിട്ട് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായ പി. സരിനെതിരെ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയതിന് തുല്യം മാത്രമാണ്. സരിനെ കണ്ടിട്ടല്ലല്ലോ ചേലക്കരയും പാലക്കാടും കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്. മുമ്പും കുറേപ്പേർ പാർട്ടി വിട്ട് പോയിട്ടുണ്ടെന്നും ഇതൊന്നും കോൺഗ്രസിനെ ബാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസ് വിട്ട സരിനെ പാലക്കാട്ടെ സ്ഥാനാർഥിയാക്കിയത് സിപിഎമ്മിൻ്റെ ഗതികേടാണ്. എൽഡിഎഫും ബിജെപിയും സഖ്യമുണ്ടാക്കിയാലും കോൺഗ്രസ് വൻവിജയം തേടും. സരിനെ മുൻനിർത്തിയാണല്ലോ ഞങ്ങൾ ജയിക്കാറ്. ഇതുവരെ അദ്ദേഹത്തെ മുൻനിർത്തിയാണല്ലോ ഞങ്ങൾ ജയിച്ചതെന്നും സുധാകരൻ പരിഹസിച്ചു. ഒരു പ്രാണി പോയാൽ പാർട്ടിക്ക് ഒരു നഷ്ടവും ഉണ്ടാകില്ല. സിപിഎം എന്താ ചിഹ്നം കൊടുക്കാത്തത്. ഇടതുപക്ഷത്തേക്കല്ലേ പോയതെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിനകത്തു നിന്ന് എത്രയോ ആളുകൾ ,കൊഴിഞ്ഞു പോയിട്ടുണ്ട്. ഇതൊന്നും പാർട്ടിയെ ബാധിക്കില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നിൽക്കുക എന്നതല്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോൺഗ്രസ് ഉണ്ടായതും ജയിച്ചതും. അദ്ദേഹത്തിൻ്റെയൊക്കെ താങ്ങും തണലും കൊണ്ടാണ് കോൺഗ്രസ് പാലക്കാട് ജയിച്ചതെന്ന് തോന്നുന്നുണ്ടോ എന്നും സുധാകരൻ ചോദിച്ചു.
പാലക്കാട് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തലിനെ തീരുമാനിച്ചതു മുതൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികളുണ്ടായിരുന്നു. കോൺഗ്രസ് നേത്യത്വത്തിനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയ സരിൻ രാഹുൽ മാങ്കൂട്ടത്തലിൻ്റെ സ്ഥാനാർഥിത്വത്തിലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഇടതുമുന്നണിയിലേക്കെന്ന നിലപാടും വ്യക്തമാക്കിയതോടെ സരിനെ കോൺഗ്രസും പാർട്ടയിൽ നിന്നു പുറത്താക്കിയതായി അറിയിച്ചു. പാലക്കാട് ഇടതു സ്ഥാനാർഥിയായാണ് സരിൻ മത്സരിക്കുന്നത്.