അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങൾ' വരെ ആ സൗഹൃദം തുടർന്നെന്നും കമൽ കുറിച്ചു.
ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനുമായ എം.ടി. വാസുദേവന്‍ നായരുടെ നിര്യാണ്ത്തിൽ അനുശോചനമറിയിച്ച് നടൻ കമൽഹാസൻ. അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും 'മനോരഥങ്ങൾ' വരെ ആ സൗഹൃദം തുടർന്നെന്നും കമൽ കുറിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികൾ എന്നായിരുന്നു കമൽ ഹാസൻ്റെ വാക്കുകൾ.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമാണ് എംടി വാസുദേവൻ നായർ. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ 'കന്യാകുമാരി' എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള എൻ്റെ സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നു.
Also Read; തോറ്റുപോയവരും മാറ്റി നിര്‍ത്തപ്പെട്ടവരും; ജീവിതമാകുന്ന ദുരിതപ്പുഴയിലെ നീന്തല്‍ക്കാര്‍
മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. തന്റേതായ ശൈലിയിലൂടെ എഴുത്തിന്റെ എല്ലാ രൂപങ്ങൾക്കും സംഭാവന നൽകിയ ആ വ്യക്തിത്വം വിരമിച്ചു. ഇതൊരു വലിയ നഷ്ടമാണ്. ഇത് തെന്നിന്ത്യൻ സാഹിത്യ ലോകത്തെയും വായനക്കാരെയും കലാ ആസ്വാദകരെയും ദുഖത്തിലാഴ്ത്തും. മഹാനായ എഴുത്തുകാരന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.
എംടി വാസുദേവൻ നായർ എഴുതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത 1974 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കന്യാകുമാരി. കമൽ ഹാസൻ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം . നടൻ ജഗതി ശ്രീകുമാറിൻ്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു കന്യാകുമാരി."