മറീന ബീച്ച് റോഡ് മുതല്‍ എംആർടിഎസ് റെയിൽവേ സ്റ്റേഷന്‍ വരെ, പ്രദർശനത്തിനെത്തിയ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു
തമിഴ്നാട് വ്യോമസേനയുടെ എയർഷോയില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് പേർ മരിച്ചതില്‍ പ്രതികരണവുമായി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി കനിമൊഴി കരുണാനിധി. നടന്നത് വളരെ വേദനയുണ്ടാക്കുന്ന സംഭവമാണെന്നും നിയന്ത്രിക്കാനാവാത്ത ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും കനിമോഴി പറഞ്ഞു. എയർ ഇന്ത്യയുടെ 92-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ചെന്നൈ മറീന ബീച്ചില്‍ വ്യോമ പ്രദർശനം സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയവർ നിർജലീകരണവും സൂര്യാഘാതവും ഏറ്റാണ് മരിച്ചത്.
'ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന ഐഎഎഫ് എയർ ഷോയിൽ പങ്കെടുത്തതില്‍ അഞ്ച് പേർ ചൂടിനെ തുടർന്ന് മരിച്ചുവെന്നത് വളരെ വേദനാജനകമായ കാര്യമാണ്. അനിയന്ത്രിതമായ ഒത്തുചേരലുകൾ ഒഴിവാക്കണം', കനിമൊഴി എക്സില്‍ കുറിച്ചു.
മറീന ബീച്ച് റോഡ് മുതല്‍ എംആർടിഎസ് റെയിൽവേ സ്റ്റേഷന്‍ വരെ, പ്രദർശനത്തിനെത്തിയ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. താപനില ഉയർന്ന സാഹചര്യത്തില്‍ ഇത്രയും വലിയ ആള്‍ക്കൂട്ടത്തിന് കുടിക്കാന്‍ വെള്ളമോ മറ്റ് സൗകര്യങ്ങളോ പരിപാടി നടക്കുന്നിടതോ സമീപ പ്രദേശങ്ങളിലോ ഉണ്ടായിരുന്നില്ല. മാത്രമല്ല, പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ, നൂറുകണക്കിന് ആളുകൾ വാഹനങ്ങൾ എടുക്കാന്‍ സാധിക്കാതെ തിരക്കേറിയ റോഡുകളിലൂടെ മൂന്നോ നാലോ കിലോമീറ്റർ നടക്കേണ്ടിയും വന്നു. ഇതാണ് നിർജലീകരണത്തിനും സൂര്യാഘാത മേല്‍ക്കുന്നതിനും കാരണമായത്.
Also Read: 'നിർജലീകരണവും സൂര്യാഘാതവും'; തമിഴ്‌നാട്ടിൽ വ്യോമസേനയുടെ എയർ ഷോ കാണാനെത്തിയ അഞ്ച് പേർ മരിച്ചു
ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോർഡ്സില്‍ ഇടം പിടിക്കാനായി 15 ലക്ഷം കാണികളെ ഉള്‍പ്പെടുത്തിയാണ് വ്യോമ സേനയുടെ എയർ ഷോ നടന്നത്. എന്നാല്‍ ഇത്രയും ജനങ്ങള്‍ക്ക് വേണ്ട മതിയായ സൗകര്യങ്ങള്‍ സംഘാടകർ ഒരുക്കിയിരുന്നില്ല. ചെന്നൈ സിറ്റി പൊലീസിന്‍റെ മോശം ആള്‍ക്കൂട്ട നിയന്ത്രണവും ട്രാഫിക് മാനേജ്മെന്‍റും കൂടിയായപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോയതെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്‍റെ രാജി ആവശ്യപ്പെട്ടു.