സർക്കാർ പൂർണമായി ഈ വിഷയത്തിൽ നിന്ന് പിന്മാറണം എന്നതാണ് മദ്യവിരുദ്ധ സമിതിയുടെ ആവശ്യം
കഞ്ചിക്കോട് മദ്യ കമ്പനി വിവാദത്തിൽ സർക്കാരിനെതിരെ കേരളത്തിലുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെസിബിസി. മദ്യനയത്തിന് എതിരായ സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി അറിയിച്ചു.
Also Read: മദ്യ നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം; നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രിയുടെ മറുപടി
സർക്കാർ പൂർണമായി ഈ വിഷയത്തിൽ നിന്ന് പിന്മാറണം എന്നതാണ് സമിതിയുടെ ആവശ്യം. പാലക്കാടിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത് അംഗീകരിക്കാൻ ആകില്ല. തൊഴിൽ വാഗ്ദാനം നൽകി ജനങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ഒന്നിനും സർക്കാർ കൂട്ടു നിൽക്കരുത്. ലഹരി ഉപയോഗത്തിന്റെ പാർശ്വഫലങ്ങൾ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ ബ്രുവറിയെ സാമ്പത്തിക നേട്ടമായി കാണാതെ സാമൂഹിക വിപത്തായി കാണണം എന്നും കെസിബിസി ആവശ്യപ്പെട്ടു.
ബ്രൂവറി നിർമാണത്തിന് മദ്യ നിർമാണ കമ്പനിയായ ഒയാസിസിന് തന്നെ കരാർ നൽകിയതിൽ അഴിമതി ഉള്ളതായി സംശയിക്കുന്നു. കേരളത്തെ മദ്യത്തിൽ മുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും കെസിബിസി മദ്യനിരോധന സമിതി അറിയിച്ചു.