നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് അദ്ദേഹം.
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് അദ്ദേഹം. ഇന്ന് രാവിലെ ചേർന്ന നിർണായക ജില്ലാ കമ്മിറ്റി യോഗത്തിൽ 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനേയും തെരഞ്ഞെടുത്തു. എം. കരുണാകരനാണ് പുതിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കെ.കെ. രാഗേഷിനെ നിയമിക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സിപിഐഎം നിയോഗിച്ചത്.
കണ്ണൂർ കാഞ്ഞിരോട്ടെ കർഷക കുടുംബത്തിൽ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും. വിദ്യാർത്ഥി സംഘടനാ രംഗത്ത് എസ് എഫ് ഐ യുടെ ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തനം. തുടർന്ന് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യാ നേതൃത്വത്തിലേക്കും. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളി കൂടിയാണ് കെ.കെ. രാഗേഷ്.
ALSO READ: അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണം; അടിയന്തര റിപ്പോർട്ട് തേടി വനംമന്ത്രി
പിന്നീട് ഡൽഹി കേന്ദ്രീകരിച്ച് സംഘടന പ്രവർത്തനം. കർഷക സമരങ്ങളുടെ മുന്നണിയിൽ ഇടതുപക്ഷത്തിന്റെ മുഖമായി ദേശീയ ശ്രദ്ധ നേടി. 2015 ൽ രാജ്യസഭാഗമായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം.വി. ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെ പിന്നീട് ആ സ്ഥാനത്തേക്ക് എത്തിയത് കെ.കെ. രാഗേഷ്. മുഖ്യമന്ത്രിയുടെ വിശ്വാസ്ഥനായ രാഗേഷ് പാർട്ടിയുടെ ഏറ്റവും ശക്തമായ കണ്ണൂർ ഘടകത്തെ നയിക്കാൻ എം.വി. ജയരാജൻ്റെ പിൻഗാമിയായി എത്തുന്നത് ആ വിശ്വാസത്തിൻ്റെ കൂടി ബലത്തിലാണ്.
രാവിലെ പി.ബി. അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവർ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് കെ.കെ. രാഗേഷിന്റെ പേര് നിർദേശിച്ചത്. എം. പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി നിർദേശം അംഗീകരിച്ചു.
മുൻ എംഎൽഎയും സംസ്ഥാന സമിതി അംഗവുമായ ടി.വി. രാജേഷിൻ്റെ പേര് സജീവ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും പയ്യന്നൂർ മേഖലയിൽ നിന്നുള്ള എതിർപ്പും നേതാക്കളുമായി വലിയ അടുപ്പം സൂക്ഷിക്കാത്തതും തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ ജില്ലയിൽ പാർട്ടിയുടെ അമരത്തേക്ക് എത്തുമ്പോൾ തുടർഭരണം ഉൾപ്പെടെയുള്ള പാർട്ടി പരിപാടികൾക്ക് ചുക്കാൻ പിടിക്കുക എന്ന ദൗത്യമാണ് 55കാരനായ രാഗേഷിന് മുന്നിലുള്ളത്.