കെട്ടിടത്തിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്കേറ്റ അനിൽകുമാറിൻ്റെ സമീപത്തെത്തിയ പ്രതി കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു
തൃശൂർ വാടാനപ്പള്ളിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട സ്വദേശി അനിൽകുമാർ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ (39)യെ പിടികൂടിയിട്ടുണ്ട്. ഇരുവരും തൃത്തല്ലൂർ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
ALSO READ: ആശുപത്രി ഐസിയുവിൽ വെച്ച് എയർഹോസ്റ്റസിനെ പീഡിപ്പിച്ചെന്ന് പരാതി; സംഭവം ഗുരുഗ്രാമിൽ
ഇന്നലെ രാത്രിയായിരുന്നു സംഭവം. തർക്കത്തിനിടെ യുവാവിനെ സഹപ്രവർത്തകൻ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളി ഇടുകയായിരുന്നു. താഴെ വീണ് ഗുരുതര പരിക്കേറ്റ അനിൽകുമാറിൻ്റെ സമീപത്തെത്തിയ പ്രതി കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതി തന്നെയാണ് കൊലപാതക വിവരം പൊലീസിനെയും സ്ഥാപന ഉടമയേയും വിളിച്ച് അറിയിച്ചത്. സ്ഥാപന ഉടമയും ആളുകളും ചേർന്ന് അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാക്കുതർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.