ഉത്തരവിറക്കിയതല്ലാതെ ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദേശം നല്കാത്തതാണ് സഹായം കൈമാറാൻ കഴിയാത്തതിലെ പ്രതിസന്ധി.
മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്ക് നൽകുമെന്നറിയിച്ച കിറ്റും ദിവസ വേതനവും പ്രഖ്യാപനത്തിലൊതുങ്ങി. ഫെബ്രുവരി 27നാണ് നിർത്തിവെച്ചിരുന്ന കിറ്റും ദിവസ വേതനവും പുനസ്ഥാപിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഒന്നര മാസം പിന്നിടുമ്പോഴും ഒന്നും നടപ്പായില്ല. സർക്കാർ പ്രഖ്യാപനം കാത്തിരുന്ന ദുരന്തബാധിതരും പ്രതിസന്ധിയിലായി.
ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വാടക വീടുകളിലേക്ക് മാറിയ കുടുംബങ്ങൾക്കാണ് സർക്കാർ സൗജന്യമായി കിറ്റും കുടുംബത്തിലെ രണ്ട് പേർക്ക് 300 രൂപ വീതം ദിവസ വേതനവും സഹായമായി നൽകിയത്. ദുരന്തത്തിന്റെ ആഘാതത്തിൽ മറ്റിടങ്ങളിലേക്ക് മാറിയവർക്ക് ഏറെ ആശ്വാസകരമായിരുന്നു സർക്കാർ സഹായം. എന്നാൽ മുന്ന് മാസത്തിന് ശേഷം ഇവ രണ്ടും സർക്കാർ നിർത്തി. ഇതോടെ ജീവിതച്ചെലവിനും അധിക വാടകക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമടക്കം ദുരന്ത ബാധിതർ ഏറെ ബുദ്ധിമുട്ടി.
മാസങ്ങൾക്ക് ശേഷം ഈ വർഷം ഫെബ്രുവരി 27 നാണ് ദിവസ വേതനവും കിറ്റും പുനസ്ഥാപിച്ച് സർക്കാർ ഉത്തരവിറക്കിയത്. ദിവസ വേതനത്തോടൊപ്പം സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ. ഫണ്ടിൽ നിന്നും നൽകാനുമായിരുന്നു തീരുമാനം.
എന്നാൽ പ്രഖ്യാപനം വന്ന് ഒന്നരമാസം പിന്നിടുമ്പോഴും ഇവ രണ്ടും സർക്കാർ പുനസ്ഥാപിച്ചിട്ടില്ല. ഉത്തരവിറക്കിയതല്ലാതെ ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദേശം നല്കാത്തതാണ് സഹായം കൈമാറാൻ കഴിയാത്തതിലെ പ്രതിസന്ധി.
മേപ്പാടി, കൽപ്പറ്റ, മുട്ടിൽ, ബത്തേരി എന്നിവിടങ്ങളിലായി 700 ഓളം ദുരന്ത ബാധിതരാണ് വാടകക്ക് താമസിക്കുന്നത്. മുണ്ടക്കൈയിലും ചൂരൽമലയിലും കൃഷിയും അനുബന്ധ ജോലിയും ചെയ്തവരിൽ പലർക്കും പുതിയ തൊഴിൽ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. സന്നദ്ധ സംഘടനകൾ നൽകുന്ന സഹായമാണ് പലർക്കും ആശ്വാസം. ടൗൺഷിപ്പ് നിർമാണം തകൃതിയായി നടക്കുമ്പോഴും ദുരന്ത ബാധിതരുടെ ദുരിതത്തിന് ഇപ്പോഴും അറുതിയില്ല.
ജോലിയില്ലാത്തതിനാൽ ചികിത്സക്ക് പോലും പണം കണ്ടെത്താൻ സാധിക്കാത്ത നിരവധി ദുരന്ത ബാധിതരുണ്ട്. അവർക്ക് ഒരു കൈ സഹായമാണ് ദിവസ വേതനവും കിറ്റുമെല്ലാം. അടിയന്തിരമായി അത് നൽകാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.