ഏപ്രിൽ 13 ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ലൈംഗികാതിക്രമത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞത്
എയർഹോസ്റ്റസിനെ ഐസിയുവിൽ വച്ച് പീഡിപ്പിച്ചതായി പരാതി. ഗുരുഗ്രാമിലെ വേദാന്ത മെഡിസിറ്റി ആശുപത്രിയിലെ വെൻ്റിലേറ്ററിൽ വച്ചാണ് യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത്. ഏപ്രിൽ 6നായിരുന്നു സംഭവം. ഏപ്രിൽ 13 ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് യുവതി ലൈംഗികാതിക്രമത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയും, ഏപ്രിൽ 14ന് പരാതി നൽകുകയും ചെയ്തു.
"വെൻ്റിലേറ്ററിലായിരിക്കുന്ന സമയത്ത് ആശുപത്രിയിലെ ജീവനക്കാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു. സംസാരിക്കാൻ പോലും സാധിച്ചില്ല. പേടിച്ച് പോയിരുന്നു. ഈ സമയത്ത് താൻ അബോധാവസ്ഥയിലായിരുന്നു", യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ALSO READ: കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം; അതിരപ്പിള്ളിയില്‍ ഇന്ന് ജനകീയ ഹർത്താല്‍
"പ്രതിയെ തിരിച്ചറിയുന്നതിനായി ഡ്യൂട്ടി ചാർട്ട് സ്കാൻ ചെയ്യാനും സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യാനും പൊലീസ് സംഘം ആശുപത്രിയിലെത്തി", ഗുരുഗ്രാം പൊലീസ് വക്താവ് സന്ദീപ് കുമാർ പറഞ്ഞു. ഇരയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, പ്രതിയെ ഉടൻ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആരോപണത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ആശുപത്രി സുരക്ഷാ ജീവനക്കാരെ ബന്ധപ്പെട്ടപ്പോൾ, സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു അവരുടെ വാദമെന്നും പൊലീസ് പറഞ്ഞു.