വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും കൂടുതൽ പണം മാറ്റിവച്ചത് രണ്ടാം പിണറായി സർക്കാരാണെന്നും ധനമന്ത്രി വ്യക്തമാക്കി
കെ.എൻ. ബാലഗോപാൽ
സർക്കാരിന് മുന്നിലെ പ്രഥമ പരിഗണന ക്ഷേമ പെൻഷൻ കുടിശിക കൊടുത്ത് തീർക്കലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കുടിശിക തീർക്കുമെന്നും, വർധന അതിനു ശേഷം ആലോചിക്കുമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്നാൽ, കിഫ്‌ബി റോഡുകൾക്ക് ടോൾ പിരിക്കുന്നത് സംബന്ധിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
"അഞ്ച് മാസക്കാലം ക്ഷേമ പെൻഷൻ കുടിശികയായിരുന്നു. ഇപ്പോൾ അതിൽ രണ്ട് മാസത്തെ കുടിശിക ഈ വർഷം കൊടുത്തു. അതായത് 2000 കോടി രൂപ. അടുത്ത വർഷം 3000 കോടി കൂടി കൊടുക്കും. ബാക്കി തുടർച്ചയായി നൽകും. സർക്കാർ ജീവനക്കാർക്ക് ഒരു ഡിഎ അടുത്ത ഏപ്രിലിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. 750 മുതൽ 5000 രൂപ വരെ മാസം ഒരാൾക്ക് കിട്ടുന്നതാണത്. അവരുടെ പെൻഷൻ പരിഷ്കരണത്തിന്റെ കുടിശിക രണ്ട് ഗഡു ഇപ്പോൾ കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് ഒരു 2000 കോടിയിൽ അധികം വരും. പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണത്തിന്റെ ഒരു കുടിശികയുണ്ടായിരുന്നു കൊടുക്കാൻ, 600 കോടി, അതും ഇന്ന് കൊടുക്കാൻ തീരുമാനിച്ചു", കെ.എൻ. ബാലഗോപാൽ പറഞ്ഞു.
Also Read: Kerala Budget 2025| കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
മൂന്ന് വർഷമായി സംസ്ഥാനത്തിന്റെ സമ്പത്തിക ചെലവ് ഒരേപോലെ നിൽക്കുകയാണെന്നും പണം അധികമായി ചെലവാക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു. അതിന് കാരണം നമുക്ക് അർഹമായ തുക കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതാണ്. 5000 കോടിയിൽ അധികമാണ് വെട്ടിക്കുറച്ചതെന്നും ബാലഗോപാൽ പറഞ്ഞു.
"നമ്മൾ തനതായി പണം ഉണ്ടാക്കിയോ എന്ന് ചോദിച്ചാൽ ഈക്കഴിഞ്ഞ മൂന്ന് നാല് വർഷം കൊണ്ട് 47000 കോടിയിൽ നിന്ന് സ്റ്റേറ്റിന്റെ തനത് നികുതി വരുമാനം 80,000 കോടിയിൽ അധികമായി വർധിച്ചു. ഒട്ടും നമുക്ക് മുന്നോട്ട് പോകാൻ സാധിക്കാതിരുന്നത് വെട്ടിക്കുറയ്ക്കൽ കാരണമാണ്. 60,000 കോടിക്ക് അപ്പുറം ചെലവാക്കാൻ പറ്റുന്നില്ല. അതുകൊണ്ട് തന്നെ പലതും സമയത്ത് കൊടുക്കാൻ പറ്റിയില്ല. കഴിഞ്ഞ വർഷം 1,59,000 കോടിയായിരുന്നു ചെലവെങ്കിൽ അത് ഈ വർഷം 1,78,000 കോടിയോളം വരും എന്നാണ് ബജറ്റ് രേഖ. ഇത്രയും തടസമുണ്ടായിട്ടും കഴിഞ്ഞ നാല് വർഷത്തിനിടയ്ക്ക് നമുക്ക് ഇത് വർദ്ധിപ്പിക്കാനായത് ഇപ്പോഴാണ്", ധനമന്ത്രി പറഞ്ഞു.
Also Read: Kerala Budget 2025| കവര്‍ ചിത്രത്തില്‍ തുടങ്ങുന്ന പരിഗണന; വിഴിഞ്ഞത്തിന് വമ്പന്‍ പരിഗണന
വയനാട് ദുരന്ത പുനരധിവാസം ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്ര - സംസ്ഥാന ബന്ധം കോടതി കയറുന്നത് ദൗർഭാഗ്യകരമാണെന്നും കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു.
"ഇത്രയും തീവ്രമായ ഒരു ദുരന്തം സംഭവിക്കുമ്പോൾ പത്തോ അൻപതോ ശതമാനം സഹായം കേന്ദ്രം തരേണ്ടതാണ്. തുക നോക്കാതെ ഒരു പാക്കേജ് പ്രഖ്യാപിക്കണമായിരുന്നു. അങ്ങനെ കൊടുക്കാതെ ഇത്തരമൊരു പ്രശ്നം പരിഹരിക്കാൻ പറ്റുമോ? സംസ്ഥാന സർക്കാരും അവിടെയൊന്നും ചെയ്യില്ലെന്ന് വിചാരിക്കുക ആ പാവപ്പെട്ട ജനങ്ങളുടെ അവസ്ഥ എന്താകും? ആ നാടിന്റെ സ്ഥിതിയെന്താകും? കേന്ദ്രത്തിനും ഉത്തരവാദിത്തമുണ്ട്. നിരന്തരമായി കേന്ദ്ര ധനകാര്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യാറുണ്ട്", ബാലഗോപാല്‍ പറഞ്ഞു.
Also Read: 'നിരാശാജനകം, മൈതാന പ്രസംഗം, ജനവിരുദ്ധം'; സംസ്ഥാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കള്‍
ഫണ്ട് തടസങ്ങളൊന്നും വിഴിഞ്ഞം പദ്ധതിയെ ബാധിക്കില്ലെന്നും ഒരു ജില്ലയ്ക്ക് മാത്രമായി വാരിക്കോരി കൊടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് വയബലിറ്റി ഗ്യാപ് ഫണ്ടിന്റെ കാര്യത്തിൽ തർക്കമുണ്ടാക്കിയതിനാൽ ഇപ്പോൾ അതിനുള്ള ഫണ്ട് കൂടി നമ്മൾ കണ്ടെത്തി കൊടുത്തിരിക്കുകയാണ്. എന്നാൽ ആ തടസങ്ങളൊന്നും വിഴിഞ്ഞം പോലൊരു പദ്ധതിയെ ബാധിക്കില്ലെന്ന ഉറപ്പ് നമുക്കുണ്ട്. അതിനുള്ള ആത്മവിശ്വാസത്തോടെയാണ് നമ്മൾ പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എംപിമാർ കേന്ദ്ര ബജറ്റിലെ സംസ്ഥാന വിരുദ്ധ സമീപനങ്ങളിൽ പ്രതിഷേധം അറിയിച്ചിരുന്നതായും അതിൽ എല്ലാ എംപിമാരും ഒറ്റക്കെട്ട് തന്നെയാണെന്നും ധനമന്ത്രി പറഞ്ഞു. "അവിടെ ഇത്തരം കാര്യങ്ങൾ ഉന്നയിക്കുമ്പോഴും സംസ്ഥാനത്തിനുള്ളിൽ വളരെ സങ്കുചിതമായ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പലപ്പോഴും സ്റ്റേറ്റിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലല്ല പെരുമാറുന്നത്", കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റവും കൂടുതൽ പണം മാറ്റിവച്ചത് രണ്ടാം പിണറായി സർക്കാരാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ കൊടുക്കുന്നത്. അതിന്റെ ഭാഗമായാണ് സെന്റർ ഓഫ് എക്സലെൻസ് പുതിയതായിട്ട് പ്രഖ്യാപിച്ചത്. ഒരു സ്കോളർഷിപ്പും കിട്ടാത്ത ഗവേഷണ വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ 20 കോടിയുടെ ഒരു സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരം രൂപവച്ച് ഒരു മാസം കിട്ടുന്ന ഒരു പദ്ധതിയാണിതെന്നും മന്ത്രി അറിയിച്ചു.