എൻജിഒ യൂണിയൻ അംഗമായിരുന്നതുകൊണ്ട് ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് നവീൻ. പ്രശാന്തൻ ഒറ്റയ്ക്ക് ചെയ്തുവെന്ന് കരുതുന്നില്ലെന്നും അതിനു പിന്നിൽ ആരൊക്കെയോ ഉണ്ടെന്നും വി. മുരളീധരൻ പറഞ്ഞു
എഡിഎം നവീൻ ബാബുവിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് വ്യക്തമാണെന്ന് കോന്നി ഏരിയ കമ്മിറ്റി അംഗം വി. മുരളീധരൻ. ഒരാളുടെയും ശുപാർയില്ലാതെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നയാളാണ് നവീൻ. പത്തിരുപത് ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് പറയുന്നത്. കൈക്കൂലി നൽകിയ പണം എവിടെയാണെന്നും അത് കണ്ടെടുത്തിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യക്കെതിരായ പൊലീസ് നടപടി വൈകുന്നു, വിമർശനം ശക്തം
നവീൻ ബാബുവിന് വേണ്ടി കൂടിയ യാത്രയയപ്പ് പരിപാടിയിൽ ദിവ്യയെ ക്ഷണിച്ചിരുന്നോ എന്നല്ല, അത്തരം പരിപാടിയിൽ പറയാൻ പാടില്ലാത്ത കാര്യമാണ് അവർ പറഞ്ഞത്. പത്തനംതിട്ടയിലെ പാർട്ടി എന്ന നിലയ്ക്ക് ശക്തമായ നിലപാടുമായി മുന്നോട്ടു പോകും. അതിന് എതിരായൊരു നിലപാട് സംസ്ഥാന പാർട്ടിക്കും ഉണ്ടാകില്ല. പ്രശാന്തൻ ഒറ്റയ്ക്ക് ചെയ്തുവെന്ന് കരുതുന്നില്ലെന്നും അതിനു പിന്നിൽ ആരൊക്കെയോ ഉണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. എൻജിഒ യൂണിയൻ അംഗമായിരുന്നതുകൊണ്ട് ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് നവീൻ. പണിമുടക്കില്‍ പങ്കെടുത്തതിന് സസ്പെൻഷൻ വരെ നേരിടേണ്ടി വന്നു. വിരമിച്ച ശേഷം പാർട്ടി ചുമതലയിൽ എത്തേണ്ട ആളായിരുന്നു നവീൻ എന്നും അദ്ദേഹം പറഞ്ഞു.
ALSO READ: എഡിഎമ്മിൻ്റെ മരണത്തിൽ സിപിഎമ്മിൻ്റെ നിലപാട് വ്യക്തം, ദിവ്യയുടെ നടപടിയെ ഒരു പാർട്ടി നേതാവും ന്യായീകരിച്ചിട്ടില്ല: തോമസ് ഐസക്
അതേസമയം, നവീൻ ബാബുവിന് എതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരൻ ഗംഗാധരനും രംഗത്തെത്തി. സ്വന്തം സ്ഥലത്ത് മണ്ണ് ഇടുന്നതിന് നവീൻ പ്രതികാര ബുദ്ധിയോടെ തടസം നിന്നു. നവീൻ്റെ ഓഫീസിൽ നിന്ന് പത്ത് തവണ എങ്കിലും കരഞ്ഞ് കൊണ്ട് ഇറങ്ങിപ്പോയിട്ടുണ്ട്. തനിക്ക് പരാതി കിട്ടിയെന്നും അത് വിശ്വാസ്യ യോഗ്യമാണെന്നുമാണ് നവീൻ തന്നോട് പറഞ്ഞത്. നവീൻ അധികാര ദുർവിനിയോഗവും സ്വജന പക്ഷപാതവും കാട്ടിയെന്നും ഗംഗാധരൻ ആരോപിച്ചു.