അഫാനല്ല, തനിക്കാണ് വലിയ കടബാധ്യത ഉണ്ടായിരുന്നതെന്ന് ഷെമി മാധ്യമങ്ങളോട് പറഞ്ഞു
വെഞ്ഞാറംമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന് 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അമ്മ ഷെമി. തന്റെ സാമ്പത്തിക ബാധ്യത തീർക്കാനായി അഫാൻ ലോൺ ആപ്പുകളിൽ നിന്ന് പണം എടുത്തിരുന്നെന്ന് ഷെമി പറയുന്നു. ലോൺ ആപ്പുകളിൽ ദിവസം 2,000 രൂപ വരെ അടയ്ക്കേണ്ടിയിരുന്നതായി അറിയാമെന്നും ഷെമി പറഞ്ഞു.
അഫാനല്ല, തനിക്കാണ് വലിയ കടബാധ്യത ഉണ്ടായിരുന്നതെന്നാണ് ഷെമി മാധ്യമങ്ങളോട് പറഞ്ഞത്. അഫാന് പറയത്തക്ക കടങ്ങളൊന്നുമുണ്ടായിരുന്നില്ല. ലോൺ ആപ്പുകളിൽ അടയ്ക്കാനായി പലപ്പോഴും അഫാൻ പണം ചോദിച്ചിരുന്നു. കയ്യിലുള്ളതെല്ലാം കൊടുത്ത് പണം തീർന്നപ്പോൾ കുഞ്ഞുമ്മയുടെ അടുത്തുനിന്ന് പണം വാങ്ങാൻ പോയി. അന്ന് അഫാനൊപ്പം താനുമുണ്ടായിരുന്നെന്ന് ഷെമി പറഞ്ഞു. കുഞ്ഞുമ്മയുടെ കയ്യിൽ നിന്നും പണം കിട്ടിയിരുന്നില്ല. നിരാശരായി വീട്ടിൽ തിരിച്ചെത്തിയ ശേഷം അഫാൻ എങ്ങോട്ടോ പോയെന്നും ഷെമി പറയുന്നു.
ALSO READ: മുനമ്പം ജുഡീഷ്യൽ കമ്മീഷന് തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
പ്രതി അഫാനെതിരായ മാതാവിന്റെ നിർണായക മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ആക്രമിച്ചത് അഫാൻ തന്നെയെന്നാണ് ഉമ്മ ഷെമി മൊഴി നൽകിയത്. അഫാൻ കഴുത്തിൽ ഞെരിച്ചു. 'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചതെന്നാണ് മൊഴി. കിളിമാനൂർ സിഐ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചുണ്ടായ മുറിവെന്നാണ് ആദ്യം ഷെമി മൊഴി നൽകിയത്. പിന്നീട് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾ നൽകിയത്.
സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ തന്നെ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറയുകയായിരുന്നു.