മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസിൽ അതിജീവിതയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.
മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയത്. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായി. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ അപേക്ഷ ഗൗരവത്തിൽ എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
ഡോ. പ്രീതിക്കെതിരെ താൻ ഉന്നയിച്ച ആരോപണം സത്യമാണെന്ന് തെളിഞ്ഞുവെന്ന് ഐസിയു അതിജീവിത റിപ്പോർട്ടിൽ പ്രതികരിച്ചു. മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് അതാണ് വ്യക്തമാക്കുന്നത്. എങ്കിലും തനിക്ക് ഇതുവരെയായി നീതി ലഭിച്ചിട്ടില്ല. എവിടെയും അതിജീവിതകൾക്ക് ഒരു നീതി ലഭിക്കില്ല എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. ഐജിയുടെ അന്വേഷണം സത്യസന്ധമായാണ് മുന്നോട്ട് പോയിട്ടുള്ളത്. സർക്കാരിൻ്റെ ഭാഗത്തുനിന്നും ഒരു നടപടിയുമില്ല. കേസിൽ ഇതിനോടകം നിരവധി പരാതികൾ നൽകിയതാണ്. ഐജിയുടെ റിപ്പോർട്ടും, മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടും പരിഗണിച്ച് നടപടി എടുക്കണമെന്നും ഐസിയു അതിജീവിത പറഞ്ഞു. നടപടി ഇനിയും വൈകരുതെന്നും അതിജീവിത പ്രതികരിച്ചു.
മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയവേ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയിൽ തുടർന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫീസർ തുടങ്ങിയവർ ചേർന്ന് മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു.