fbwpx
ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള ശ്രമം ഞെട്ടിക്കുന്നത്; സുരേഷ് ഗോപി മാപ്പ് പറയണമെന്ന് KUWJ
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Aug, 2024 04:31 PM

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിതെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി

KERALA


ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരണം തേടാൻ എത്തിയ മാധ്യമ പ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യൂജെ.  തൃശൂരിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) പറഞ്ഞു.

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രഥാമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തിൽ പെരുമാറില്ലെന്നും KUWJ പത്രക്കുറിപ്പിലൂടെ വിമർശിച്ചു. എംപിയും മന്ത്രിയും ആവുന്നതിന് മുമ്പും തൃശ്ശൂരിൽ ഒരു മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയിരുന്നു.

ഇഷ്ടമല്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരെ കായികമായി നേരിട്ട് കളയാമെന്ന ചിന്തയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നയിക്കുന്നതെന്ന് വേണം കരുതാൻ. തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയാൻ സുരേഷ് ഗോപി തയ്യാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സൗകര്യമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ കൈയ്യിലിരുന്ന മൈക്കുകള്‍ തട്ടിമാറ്റി സുരേഷ് ഗോപി കാറില്‍ കയറി പോകുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ALSO READ: "പ്രതികരിക്കാന്‍ സൗകര്യമില്ല"; ക്ഷുഭിതനായി സുരേഷ് ഗോപി, മാധ്യമ പ്രവര്‍ത്തകരെ തള്ളിമാറ്റി

കേരളത്തിൽ വലിയ ചർച്ചയായികൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം തേടാനാണ് മാധ്യമ പ്രവർത്തകർ സുരേഷ് ഗോപിയെ സമീപിച്ചതെന്നും കേന്ദ്രമന്ത്രി എന്ന നിലയിൽ മാത്രമല്ല സിനിമാ നടൻ എന്ന നിലയിലും പ്രതികരണം നൽകാൻ സുരേഷ് ഗോപി ബാധ്യസ്ഥനാണ് എന്ന വിശ്വാസവും മാധ്യമ പ്രവർത്തകർക്ക് ഉണ്ടായിരുന്നുവെന്നും KUWJ തൃശൂർ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. എന്നാൽ, ആദ്യ തവണ അപമര്യാദയോടെ പെരുമാറിയ സുരേഷ് ഗോപി പിന്നീട് മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയെന്നും പത്രപ്രവർത്തക സംഘടന വിമർശിച്ചു.

ജനാധിപത്യ രാജ്യത്ത് ജനപ്രതിനിധിയോട്, പ്രത്യേകിച്ചും കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന വ്യക്തിയോട് സമകാലിക വിഷയങ്ങളിൽ പ്രതികരണം ആരാഞ്ഞ് റിപ്പോർട്ട് ചെയ്യാനുള്ള അവകാശം മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ഉണ്ടെന്ന് കെയുഡബ്ല്യൂജെ വ്യക്തമാക്കി. ഇതിനെതിരെ തികച്ചും ജനാധിപത്യപരമല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയിൽ നിന്ന് ഉണ്ടായത്. അതേസമയം, രാവിലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായ ഭാഷയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ALSO READ: 'സിനിമാ വിവാദം മാധ്യമങ്ങള്‍ക്ക് കിട്ടിയ തീറ്റ'; തട്ടിക്കയറി സുരേഷ് ഗോപി

"അമ്മ യോഗത്തിൽ നിന്നോ, അമ്മയുടെ ഓഫീസിൽ നിന്നോ വരുമ്പോൾ സിനിമാ കാര്യങ്ങൾ ചോദിക്കണം. വീട്ടിൽ നിന്ന് വരുമ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിക്കണം. മാധ്യമങ്ങള്‍ക്ക് വീണ് കിട്ടിയ തീറ്റയാണിത്. നിങ്ങള്‍ ഇതുവച്ച് കാശ് ഉണ്ടാക്കിക്കോളു. ഒരു വലിയ സംവിധാനത്തെ മാധ്യമങ്ങള്‍ തകിടം മറിക്കുന്നു. ഈ വിഷയങ്ങളെല്ലാം കോടതിക്ക് മുന്‍പിലുണ്ട്. കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട്. അതുകൊണ്ട് കോടതി തീരുമാനിക്കും. മാധ്യമങ്ങള്‍ സിനിമക്കാരെ തമ്മില്‍ത്തല്ലിച്ച് ചോര കുടിക്കുന്നു. സമൂഹത്തിന്‍റെ മാനസികാവസ്ഥയെ വഴിതിരിച്ചു വിടുകയാണ് നിങ്ങള്‍. പരാതി ആരോപണത്തിന്‍റെ രൂപത്തിലാണ് നില്‍ക്കുന്നത്. ബാക്കി കോടതി തീരുമാനിക്കും," സുരേഷ് ഗോപി പറഞ്ഞു.

ALSO READ: മുകേഷ് രാജിവയ്ക്കണം, ബിജെപി നിലപാടിൽ മാറ്റമില്ല; സുരേഷ് ഗോപിയെ തള്ളി സംസ്ഥാന നേതൃത്വം


KERALA
ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി; CPM ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും വേദിയിലിരുത്തി വിമർശനം
Also Read
user
Share This

Popular

WORLD
KERALA
WORLD
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾ കൂടിയെന്ന് റിപ്പോർട്ട്; 2024ൽ റിപ്പോർട്ട് ചെയ്തത് 2,200 സംഭവങ്ങൾ