രാത്രി ആയാൽ ഏത് നിമിഷവും വാഹനത്തിനോ വീടിനോ മുന്നിൽ പുലിയിറങ്ങുമെന്ന അവസ്ഥയാണ്
കാസർഗോഡ് ഇരിയണ്ണിയിൽ പുലിശല്യം രൂക്ഷം. പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. രാത്രി ആയാൽ ഏത് നിമിഷവും വാഹനത്തിനോ വീടിനോ മുന്നിൽ പുലിയിറങ്ങുമെന്ന അവസ്ഥയാണ്. പലരുടേയും വളർത്തുനായ്ക്കളെ പുലി ഇതിനോടകം പിടിച്ചുകൊണ്ടുപോയി. പുലിയെ പിടികൂടാനായി വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ല.
കഴിഞ്ഞ നാല് മാസത്തിലേറെയായി ഇരയണ്ണി മേഖലയിൽ രാത്രിയാത്ര നിരോധനത്തിന് സമാനമായ അവസ്ഥയാണ്. രാത്രിയിൽ സഞ്ചരിച്ചവരെല്ലാം പല ഭാഗങ്ങളിലായി ഒറ്റയ്ക്കോ കൂട്ടത്തോടെയോ സഞ്ചരിക്കുന്ന പുലികളെ കണ്ടിട്ടുണ്ട്. രാത്രിയിൽ ഓട്ടോ സർവ്വീസ് നടത്തിയ ദിനേശൻ നടുറോഡിലാണ് 2 പുലികളെ കണ്ടത്. ഒരുതവണ പകലും സമാനമായ അവസ്ഥ ഉണ്ടായി.
ALSO READ: 20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചു
മണിയങ്കാട്ടെ മനോജിൻ്റെ നായയെ പുലി പിടിച്ചുകൊണ്ടുപോയി. പുലർച്ചെ 4 മണിയോടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ മനോജ് മുറ്റത്ത് ഒന്നും കാണാത്തതിനാൽ തിരികെ വീട്ടിൽ കയറി. സെക്കൻ്റുകൾക്കുള്ളിലാണ് വരാന്തയിലുണ്ടായിരുന്ന നായയെ കൊണ്ടുപോയത്.
സമാനമായ തെരുവുനായ്ക്കളും കാട്ടുപോത്തുകളും പുലിയുടെ അക്രമത്തിന് ഇരയായിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കൂടുവയ്ക്കുകയും ചെയ്തെങ്കിലും പരിഹാരമുണ്ടാകുന്നില്ല. മനുഷ്യ ജീവൻ നഷ്ടമാവും മുൻപ് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.