fbwpx
യാത്ര പോലും പറയാതെ ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ; മലയാളത്തിൻ്റെ പത്മരാജന്‍ വിടവാങ്ങിയിട്ട് 34 വര്‍ഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Jan, 2025 07:07 AM

1975 മുതൽ 1991വരെ മാത്രം നീണ്ടു നിന്ന എഴുത്തു ജീവിതം കൊണ്ട് അത്രയേറെ മലയാളി ഹൃദയത്തെ സ്പർശിക്കാൻ പത്മരാജന് കഴിഞ്ഞിരുന്നു

DAY IN HISTORY


മലയാളത്തിൻ്റെ പ്രിയപ്പെട്ട പത്മരാജന്‍ വിടവാങ്ങിയിട്ട് 34 വര്‍ഷം പിന്നിടുന്നു. ജീവിതവും പ്രണയവും സംഘർഷവും, ബന്ധങ്ങളിലെ സങ്കീർണതകളും ചുമർചിത്രം പോലെ വായനക്കാരുടെ മനസിൽ വരച്ചിട്ട കഥാകൃത്തായിരുന്നു പത്മരാജൻ. കാലത്തിനു മുമ്പേ സഞ്ചരിച്ച ആ പ്രതിഭയുടെ കലാസൃഷ്ടികൾ ഇന്നത്തെ തലമുറയും ഹൃദയത്തിലേറ്റുന്നു.

തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമനും സോഫിയയും, അപരനിലെ വിശ്വനാഥനും ഉത്തമനും, മൂന്നാംപക്കത്തിലെ തമ്പിയും പാച്ചുവും, ഇന്നലെയിലെ ശരതും നരേന്ദ്രനും, ഇങ്ങനെ നീളും പ്രേക്ഷക മനസിൽ പതിഞ്ഞ പത്മരാജൻ കഥാപാത്രങ്ങൾ. വർഷങ്ങൾക്ക് മുമ്പ് തിരശീലയിൽ അവതരിച്ച ഈ കഥാപാത്രങ്ങളെല്ലാം തന്നെ ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ടവരാണ്.

1975 മുതൽ 1991വരെ മാത്രം നീണ്ടു നിന്ന എഴുത്തു ജീവിതം കൊണ്ട് അത്രയേറെ മലയാളി ഹൃദയത്തെ സ്പർശിക്കാൻ പത്മരാജന് കഴിഞ്ഞിരുന്നു. ചലച്ചിത്ര പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി ചെറുകഥകള്‍, മുപ്പതിലേറെ നോവല്‍, സ്വന്തം തിരക്കഥയില്‍ പതിനെട്ടു സിനിമകള്‍, കൂടാതെ മറ്റു സംവിധായകര്‍ക്കു വേണ്ടി ഇരുപതോളം തിരക്കഥകള്‍. ഭരതൻ സംവിധാനം ചെയ്ത പ്രയാണം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയാണ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.


ALSO READ: ഫ്രാൻസിസ് ഫോ‍ർഡ് കൊപ്പോള: ഉന്മാദിയായ സിനിമാക്കാരന്‍


പെരുവഴിയമ്പലം മുതൽ 1991ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവൻ എന്ന അവസാന സിനിമവരെ മലയാളികള്‍ക്ക് മനസിലിട്ട് താലോലിക്കാന്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു. സ്വന്തം നോവലായ പെരുവഴിയമ്പലം തിരക്കഥ രചിച്ച് സംവിധാനം ചെയ്താണ് സംവിധായകനായി മാറുന്നത്. രചനയിലെന്നപോലെ സംവിധാന രംഗത്തും ശോഭിച്ചു. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ 36 തിരക്കഥകൾ അദ്ദേഹം രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും തേടിയെത്തി.

ഞാൻ ഗന്ധർവൻ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് കോഴിക്കോടുള്ള ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പ്രണയത്തെക്കുറിച്ച് അദ്ദേഹം കുറിച്ചിട്ട പോലെ, 'യാത്ര പോലും പറയാതെ ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ' ജീവിതത്തിൽ നിന്നും ആ ഗന്ധർവൻ ഇറങ്ങിപ്പോയി. ഒരു സ്വപ്നം പോലെ കഥകൾ പറഞ്ഞ് കൊതിപ്പിച്ച് എങ്ങോട്ടോ പോയി മറഞ്ഞിരിക്കുന്നു ആ ഗഗനചാരി.

KERALA
കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയേക്കും; ഹൈക്കമാൻഡ് തീരുമാനം ഉടൻ
Also Read
user
Share This

Popular

KERALA
KERALA
'സിനിമാ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു'; സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്